മഞ്ഞുകാലം, മഴക്കാലം അതുപോലെ ഇത് കൊവിഡ് കാലം. സാധാരണ നമുക്കാർക്കും പരിചിതമല്ലാത്ത മഹാമാരിയുടെ കാലം. മഹാമാരികൾ പലതും ലോകത്തിന്റെ പല ഭാഗത്തും പല രീതിയിലും മുൻപും ഇതിലും എത്രയോ വലിയ നാശം വിതച്ചിട്ടുണ്ട്. എന്നാൽ ലോകമാകെ ഇത്ര ഭീഷണമായ ഒരു മഹാമാരി ഇന്നേവരെ മനുഷ്യരാശിയെ പിടികൂടിയതായി ചരിത്രമില്ല. ആരോഗ്യ സംരക്ഷണ മേഖലയിൽ ശാസ്ത്രം നേടിയ അദ്ഭുതകരമായ പുരോഗതി മൂലം ഈ മഹാമാരിക്ക് ഒരു പരിധിവരെ തടയിടാൻ മനുഷ്യരാശിക്ക് കഴിഞ്ഞിരിക്കുന്നു. കൊവിഡ്19 ന്റെ ഉത്ഭവവും വ്യാപനവും പ്രതിരോധവും പ്രതിവിധിയുമൊക്കെ ശാസ്ത്ര സമൂഹം വിലയിരുത്തട്ടെ.
പിന്നാമ്പുറം
കഴിഞ്ഞ ഡിസംബറിൽ ചൈനയിലെ വുഹാനിയിൽ പ്രത്യക്ഷപ്പെട്ട കൊവിഡ്19 (Sevre Accute Respiratory Syndrome, Corona virus -2 (SARS Cov-2)നെതിരെയുള്ള യുദ്ധത്തിൽ ഒരുപക്ഷേ ഒരു ആന്റി വാക്സിൻ കണ്ടെത്തുന്നതോടെയോ അതിന് മുൻപോ, ശാസ്ത്രത്തിന്റെ പിൻബലത്തോടെ മനുഷ്യൻ ജയിച്ചെന്നിരിക്കും. എന്നാൽ, അത് ക്ഷിപ്രസാദ്ധ്യമല്ലെന്ന് ചരിത്രപാഠം. 1782 ൽ പടിഞ്ഞാറൻ യൂറോപ്പിൽ പൊട്ടിപ്പുറപ്പെട്ട പ്‌ളേഗ്, മൂന്ന് ഭൂഖണ്ഡങ്ങളിലായി ലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കിയത് രണ്ടുവർഷത്തിലധികം സമയമെടുത്താണ്. 1817-1820 കാലഘട്ടത്തിൽ ഏഷ്യയിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളിലും പടർന്നുപിടിച്ച 'ഏഷ്യാറ്റിക് കോളറ' വർഷങ്ങളോളം ഈ രാജ്യങ്ങളിലും റഷ്യയിലും മാറിയും മറിഞ്ഞും താണ്ഡവമാടി കോടിക്കണക്കിനാളുകളുടെ ജീവൻ അപഹരിച്ചു. 1918ൽ പ്രത്യക്ഷപ്പെട്ട 'സ്പാനിഷ് ഫ്ളൂ" അപ്രത്യക്ഷമായ 1920 ഡിസംബറിനകം ഏതാണ്ട് 10 കോടി ജീവനപഹരിച്ചിരുന്നു. ഏതായാലും 'കൊവിഡ് 19ന് മുൻപും പിൻപും" എന്ന ഒരു വേർതിരിവ് വരുംകാല ചരിത്രത്തിലുണ്ടാകും. കൊവിഡ് അനന്തര കാലഘട്ടത്തിൽ മനുഷ്യരാശിയുടെ ജീവിതചര്യയ്ക്കും സമീപനത്തിനും ഒരു നൂതന മാർഗരേഖ സ്വീകരിച്ചില്ലെങ്കിൽ, കളിയിൽ ഇപ്പോൾ കിട്ടിയ 'ഫൗൾകിക്ക്' 'പെനാൽറ്റി കിക്കായി' മാറിയേക്കും. ആ കിക്കിൽ ചിലപ്പോൾ മഹാമാരികൾ ഗോളടിച്ചേക്കാം. കേവലം സാനിട്ടൈസറും മാസ്‌കും കൊണ്ടുമാത്രം ഇന്നത്തെ ഫൗളുകൾക്ക് പരിഹാരമാകില്ല. പൂർണ അച്ചടക്കവും പ്രകൃതി സംരക്ഷണവും സൗഹൃദവും കൊവിഡ് അനന്തര ജീവിതത്തിൽ പാലിക്കേണ്ടിവരും.
പഠിക്കേണ്ട പാഠങ്ങൾ
പ്രകൃതിയെ നോവിച്ചുകൊണ്ട് മുന്നോട്ടുപോയാൽ മനുഷ്യരാശി തന്നെ ഭൂമുഖത്തു നിന്ന് തുടച്ചുമാറ്റപ്പെടുമെന്ന സൂചന കൊറോണ നൽകുന്നു. കരയോടും കടലിനോടും കാടിനോടും ആകാശത്തോടും അന്തരീക്ഷത്തോടുമുള്ള മനുഷ്യന്റെ ക്രൂരത അവസാനിപ്പിക്കണം. മറിച്ച് പ്രകൃതിയെയും മറ്റു ജീവജാലങ്ങളെയും സ്‌നേഹിക്കണം. പുറം ജാടകൾ ഉപേക്ഷിക്കണം. കുന്നുകളും മലകളും നിലനിറുത്തണം. നിലനിൽക്കണം. നാം ജീവിക്കുന്ന ഭൂമി എല്ലാവർക്കും വരുംതലമുറയ്ക്കും കൂടിയുള്ളതാണെന്ന കരുതലും ബോദ്ധ്യവും ഉണ്ടാകണം. പ്രകൃതി മലിനീകരണ സമീപനങ്ങൾ അവസാനിപ്പിക്കണം. ജീവവൈവിദ്ധ്യം നിലനിറുത്താനും നിലനിൽക്കാനുമുള്ള കർമ്മപാത സ്വീകരിക്കണം. എല്ലാ പ്രകൃതി വിഭവങ്ങളുടെയും ഉപഭോഗം ആവശ്യത്തിന് മാത്രമായി ക്രമീകരിക്കണം. പ്രകൃതി വിഭവങ്ങൾക്കും ഊർജ സ്രോതസുകൾക്കും അവസാനമുണ്ടായേക്കാം എന്ന ബോദ്ധ്യത്തോടെ പിൻതലമുറയ്ക്കായി അത് കരുതലോടെ ഉപയോഗിക്കാൻ സന്മനസ് ഉണ്ടാകണം. ശത്രുതയും വിദ്വേഷവും ഒഴിവാക്കി കാരുണ്യവും സഹവർത്തിത്വവും പുലർത്തണം. ഇപ്പോൾ കൊവിഡിനെ തുരത്താൻ നടത്തുന്ന പ്രവർത്തനങ്ങളിലെല്ലാം തന്നെ മേൽസൂചിപ്പിച്ച സമീപനങ്ങൾ അന്തർലീനമാണെന്നതാണ് യാഥാർത്ഥ്യം.
പ്രവാസികളുടെ കാര്യം
കൊവിഡ് വ്യാപനം മൂലം സാധാരണ ജീവിതം അനിശ്ചിതത്വത്തിലാക്കിയ ഒരു ജനവിഭാഗമാണ് പ്രവാസികൾ. പ്രത്യേകിച്ചും ഭൂരിപക്ഷം പേർ പണിയെടുക്കുന്ന ഗൾഫ് മേഖലയിലെ മലയാളികൾ. നാട്ടിലെ കഷ്ടപ്പാടുകളും തൊഴിലില്ലായ്മയും മൂലം രാജ്യത്തിനകത്തും പുറത്തുമായി ജീവിതം കരുപ്പിടിപ്പിക്കാനുള്ള മലയാളികളുടെ പ്രവാസത്തിന് ദീർഘകാലത്തെ ചരിത്രമുണ്ട്. സ്വാതന്ത്ര്യലബ്ധിക്കു വളരെ മുൻപുതന്നെ കൊളംബോ, സിംഗപ്പൂർ, ബോർണീയോ, മലേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളിൽ മലയാളികൾ വലിയ തോതിൽ ചെന്നെത്തിയിരുന്നു. 60 കളുടെ തുടക്കത്തോടെ ഗൾഫ് മേഖലയിൽ വികസനത്തിന്റെ മണിമുഴക്കം കേട്ട മലയാളി അസാമാന്യമായ സാഹസികതയോടെ, മതിയായ യാത്രാരേഖകളോ യാത്ര സംരക്ഷണങ്ങളോ പോലുമില്ലാതെയാണ് ആദ്യമൊക്കെ കടൽ കടന്നത്. ഈ സാഹസിക നീക്കത്തിൽ കാലിടറി വീണുപോയ പലരുമുണ്ട്. പിന്നെയും എത്രയോ കാലം കഴിഞ്ഞാണ് നാം ഇന്ന് കാണുന്ന നൂതന യാത്രാസംവിധാനങ്ങൾ നിലവിൽ വന്നത്.
ജീവിതത്തിന്റെ വസന്തകാലം മുഴുവൻ സ്വന്തം കുടുംബത്തിൽ നിന്നും ഒറ്റപ്പെട്ട്, സാമൂഹ്യവും പ്രാദേശികവുമായ എണ്ണമറ്റ പ്രതിബന്ധങ്ങൾ തരണം ചെയ്ത് ജീവിക്കുന്നവരാണ് പ്രവാസികളിൽ ഭൂരിപക്ഷവും. ഒരു ചെറിയ ന്യൂനപക്ഷത്തെ മാറ്റി നിറുത്തിയാൽ, ഭൂരിപക്ഷംവരുന്ന പ്രവാസികളും അവരുടെ കുടുംബങ്ങളും ഒട്ടേറെ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം.
അറബിപ്പൊന്നിന്റെ തിളക്കം
നമ്മുടെ നാട്ടിൽ ഇന്ന് അവിടവിടെ കാണുന്ന ചെറു കച്ചവട കേന്ദ്രങ്ങളും അർബൻ സെന്ററുകളും രൂപപ്പെട്ടത് ഗൾഫിൽ നിന്നെത്തിയ റിസോഴ്സിന്റെ ഫലമായിട്ടാണ്. നാട്ടിൽ ഇന്നുകാണുന്ന പുത്തൻ ആഡിറ്റോറിയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളുമൊക്കെ ഉണ്ടായതിന് പിന്നിൽ ഗൾഫ് മലയാളികളുടെ വിയർപ്പിന്റെ ഗന്ധമുണ്ട്. മലയാളികളുടെ വസ്ത്രധാരണ സങ്കല്പങ്ങൾക്കും വിനോദ സഞ്ചാര താത്പര്യങ്ങൾക്കും പുതിയ മാനം നൽകിയത് ഗൾഫ് മലയാളികളാണ്. നാട്ടിലുണ്ടായ മിക്ക ചെറുതും വലുതുമായ തൊഴിൽ സംരംഭങ്ങൾ, കയറ്റിറക്കുമതി സ്ഥാപനങ്ങൾ, പാർപ്പിടങ്ങൾ, പാർപ്പിട സമുച്ഛയങ്ങൾ ഇവയെല്ലാമുണ്ടായത് ഗൾഫ് പണത്തിന്റെ തണലിലാണ്. ഇതുമൂലം സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങളും സാമ്പത്തിക വിനിമയ രംഗത്ത് അതുണ്ടാക്കിയ പ്രതിഫലനങ്ങളും സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക മുന്നേറ്റവും ശ്രദ്ധേയമാണ്.