കൊച്ചി: സാമ്പത്തിക ഞെരുക്കത്തിന്റെ കാറ്റ് ആഞ്ഞുവീശിയപ്പോഴെല്ലാം നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിയത്, മുൻ സർക്കാരുകൾ പലതും ചെയ്യാൻ മടിച്ച കാര്യങ്ങളാണ്. ഉന്നംവച്ച പരമ്പരാഗത വരുമാന മാർഗങ്ങൾ പൊളിഞ്ഞതോടെ, പൊതുമേഖലാ ഓഹരി വില്പനയ്ക്ക് പ്രാമുഖ്യം നൽകി. റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരത്തിലും കണ്ണുവച്ചു. പെട്രോൾ, ഡീസൽ എക്‌സൈസ് നികുതിയെയും 'അക്ഷയഖനി" ആയാണ് മോദി സർക്കാർ കണ്ടത്.

നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലേറിയ ആദ്യ സാമ്പത്തിക വർഷത്തിൽ (2014-15) എക്‌സൈസ് നികുതിയിലൂടെ കേന്ദ്രം നേടിയ വരുമാനം 99,068.44 കോടി രൂപയായിരുന്നു. 2014 നവംബർ മുതൽ 2016 ജനുവരി വരെ തുടർച്ചയായ ഒമ്പതുതവണയാണ് കേന്ദ്രം എക്‌സൈസ് നികുതി കൂട്ടിയത്. ഇതുവഴി, 2015-16ൽ വരുമാനം 1.78 ലക്ഷം കോടി രൂപയിലേക്കും 2016-17ൽ 2.42 ലക്ഷം കോടി രൂപയിലേക്കും ഉയർന്നു.

എക്‌സൈസ് നികുതിയിൽ നേരിയ ഇളവനുവദിച്ച 2017-18ൽ വരുമാനം 2.29 ലക്ഷം കോടി രൂപയായിരുന്നു. 2018-19ൽ 2.14 ലക്ഷം കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദ്യ ഒമ്പതുമാസക്കാലത്ത് മാത്രം 1.47 ലക്ഷം കോടി രൂപ സർക്കാരിന്റെ കീശയിലെത്തി. ഇക്കഴിഞ്ഞ മാർച്ച് 14ന് എക്‌സൈസ് നികുതി പെട്രോളിനും ഡീസലിനും മൂന്നു രൂപ വീതം കൂട്ടിയിരുന്നു. ഇതുവഴി മാത്രം സർക്കാരിന് കിട്ടുന്ന അധിക വരുമാനം 39,000 കോടി രൂപയാണ്.

ഇതിനു പുറമേയാണ്, കഴിഞ്ഞദിവസം പെട്രോളിന് സെസ് ഉൾപ്പെടെ 10 രൂപയും ഡീസലിന് 13 രൂപയും കൂട്ടിയത്. ഇതുവഴി സർക്കാരിന് നടപ്പുവർഷം കിട്ടുക 1.60 ലക്ഷം കോടി രൂപയുടെ അധികവരുമാനം. മാർ‌ച്ചിലെ വർദ്ദന കൂടിച്ചേർത്താൽ രണ്ടുലക്ഷം കോടി രൂപ.

സർക്കാരിന് ലാഭം;

ജനത്തിന് നിരാശ

അന്താരാഷ്‌ട്ര ക്രൂഡോയിൽ വില കുറഞ്ഞിട്ടും ആനുപാതികമായി ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുറയുന്നില്ല. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നികുതി കൂട്ടുന്നതാണ് ഇതിന് കാരണം. ഇന്ത്യയിൽ പെട്രോൾ വിലയുടെ 70 ശതമാനവും നികുതിയാണ്.

വില, മോദി ഭരണത്തിലേറുമ്പോൾ:-

 2013-14ൽ ക്രൂഡോയിൽ വില ബാരലിന് : $115

 ഇന്ത്യ വാങ്ങിയ വില 2013-14 : $105.52, 2014-15 : $84.16

 2014ൽ ഇന്ധന വില, പെട്രോൾ : ₹72.26, ഡീസൽ : ₹55.48

ഇപ്പോൾ:-

 ക്രൂഡോയിൽ (ബ്രെന്റ്) വില : $29.41

 ഇന്ത്യ വാങ്ങുന്ന വില : $25.54

 പെട്രോൾ വില : ₹71.26, ഡീസൽ : ₹69.39 (ഡൽഹി)

മോദിയുടെ കാലത്ത് ക്രൂഡോയിൽ വില 115 ഡോളറിൽ നിന്ന് 25 ഡോളറിലേക്ക് കൂപ്പുകുത്തിയിട്ടും ജനം വാങ്ങുന്ന പെട്രോൾ, ഡീസൽ വിലയിൽ വലിയ കുറവില്ല.

നികുതിയാണ് വില്ലൻ

(ഉദാഹരണത്തിന് ഡൽഹി വില)

പെട്രോൾ

 അടിസ്ഥാനവില : ₹17.96

 ചരക്കുകൂലി : ₹0.32

 ഡീലർ വില : ₹18.28

 എക്സൈസ് നികുതി : ₹32.98

 സംസ്ഥാന വാറ്ര് : ₹16.44

 ഡീലർ കമ്മിഷൻ : ₹3.56

റീട്ടെയിൽ വില : ₹71.26

ഡീസൽ

 അടിസ്ഥാനവില : ₹18.49

 ചരക്കുകൂലി : ₹0.29

 ഡീലർ വില : ₹18.78

 എക്സൈസ് നികുതി : ₹31.83

 സംസ്ഥാന വാറ്ര് : ₹16.26

 ഡീലർ കമ്മിഷൻ : ₹2.52

റീട്ടെയിൽ വില : ₹69.39

70%

ഇന്ത്യയിൽ ഇന്ധനവിലയുടെ 70 ശതമാനത്തോളവും നികുതിയാണ്. മറ്റു പ്രമുഖ രാജ്യങ്ങളിലെ കണക്ക് ഇങ്ങനെ:

 ഇറ്റലി : 64%

 ബ്രിട്ടൻ : 63%

 ഫ്രാൻസ് : 63%

 ജർമ്മനി : 63%

 സ്‌പെയിൻ : 53%

 ജപ്പാൻ : 47%

 കാനഡ : 33%

 അമേരിക്ക : 19%