ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പേരിൽ അമേരിക്ക-ചൈന തർക്കം രൂക്ഷമായതോടെ, ചൈനയിൽ നിന്ന് കൂടൊഴിയാൻ വെമ്പുന്ന ആയിരത്തോളം കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കാൻ വലയെറിഞ്ഞ് കേന്ദ്രസർക്കാർ. ഒട്ടേറെ ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്‌ത്, വിവിധ രാജ്യാന്തരതല ചർച്ചകളിലൂടെയാണ് അമേരിക്കൻ കമ്പനികളെ ഇന്ത്യയിലെത്തിക്കാൻ ശ്രമം നടക്കുന്നത്.
മരുന്ന് നിർമ്മാണ കമ്പനികൾ, മെഡിക്കൽ ഉപകരണ നിർമ്മാണ കമ്പനികൾ, ഭക്ഷ്യസംസ്‌കരണ യൂണിറ്റുകൾ, വസ്‌ത്രനിർമ്മാണ കമ്പനികൾ, വാഹന നിർമ്മാതാക്കൾ, വാഹന ഘടക നിർമ്മാതാക്കൾ, ലെതർ കമ്പനികൾ തുടങ്ങിയവയെയാണ് ഇന്ത്യ ഉന്നമിടുന്നത്. ഫാർമ ഭീമനായ ആബട്ട് ലാബോറട്ടറീസും ഇതിലുൾപ്പെടുന്നു. ഏകദേശം 550ഓളം ഉത്‌പന്നങ്ങളുടെ നിർമ്മാണ കമ്പനികളുമായി ഇന്ത്യ ചർച്ച നടത്തിയെന്നാണ് സൂചന.
ലോകമാകെ മരണതാണ്ഡമാടുന്ന കൊവിഡ്-19, ചൈനയിലെ വുഹാനിൽ നിന്നാണ് പൊട്ടിപ്പുറപ്പെട്ടത്. ഏറ്റവുമധികം മരണം റിപ്പോർട്ട് ചെയ്തതാകട്ടെ അമേരിക്കയിലും. വൈറസിനെ നിയന്ത്രിക്കാൻ ചൈന ശ്രമിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അമേരിക്കൻ പ്രസിഡന്റ് ട്രംപാണ് ചൈനയ്ക്കെതിരെ ആദ്യം തിരിഞ്ഞത്. ഇതോടെ, അമേരിക്കൻ കമ്പനികൾ ചൈനയിൽ നിന്ന് കൂടുമാറാൻ കളമൊരുങ്ങുകയായിരുന്നു.
ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്ശക്തിയായ ചൈനയിൽ നിന്ന് പിൻവാങ്ങുന്ന തങ്ങളുടെ കമ്പനികൾക്ക് 220 കോടി ഡോളർ സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ഫാക്‌ടറി ചൈനയിൽ നിന്ന് മാറ്റിസ്ഥാപിക്കാനാണിത്. യൂറോപ്യൻ യൂണിയനും ചൈനയിൽ നിന്നുള്ള ഉത്‌പന്നങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ആലോചിക്കുന്നുണ്ട്.
ചൈന വിട്ടുവരുന്ന കമ്പനികളെ ആകർഷിക്കാൻ നികുതിയിലും തൊഴിൽ നിയമങ്ങളിലും ഇന്ത്യ വലിയ ഇളവുകൾ നൽകിയേക്കും. കമ്പനികൾക്ക് പ്രവർത്തിക്കാൻ സ്ഥലം ഉറപ്പാക്കാനായി ലാൻഡ് ബാങ്കും സജ്ജമാക്കും. ഇന്ത്യയിലെത്തുന്ന കമ്പനികളുടെ പ്രവർത്തനം എത്രയും വേഗം സാദ്ധ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.