കോടതി വിധിക്ക് തങ്കത്തിളക്കം. സ്റ്റേ, റദ്ദ് എന്നീ വാക്കുകൾ വന്നില്ലെങ്കിലും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് കരാറിലെ വ്യവസ്ഥകൾ റദ്ദായതുപോലെയാണ് എന്നാണ് നിയമജ്ഞർ വിലയിരുത്തുന്നത്. ഐ.ടി. സെക്രട്ടറിയും സ്‌പ്രിൻക്ളർ കമ്പനിയും തമ്മിലുണ്ടാക്കിയ കരാറിലെ വ്യവസ്ഥകളെല്ലാം തന്നെ ഹൈക്കോടതിയുടെ വിധിയോടെ അപ്രസക്തമായി. സർക്കാരിന്റെ പേരോ ഔദ്യോഗിക മുദ്രയോ ഉപയോഗിക്കരുതെന്ന കോടതിയുടെ ഉത്തരവോടെ ഫലത്തിൽ ഗവൺമെന്റ് കരാറിലെ കക്ഷിയല്ലാതായിരിക്കുകയാണ്. സ്‌പ്രിൻക്ളർ കമ്പനിയും ഐ.ടി സെക്രട്ടറിയും ചേർന്ന് ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകൾക്ക് വിധിക്കുശേഷം നിലനില്പില്ല. കരാറിലെ വ്യവസ്ഥകൾക്ക് ഇടക്കാല ഉത്തരവിൽ കോടതി സാധുത നൽകിയില്ല. ഒറ്റ നോട്ടത്തിൽത്തന്നെ പൗരന്റെ സ്വകാര്യതയെ ഹനിക്കുന്ന ഒരു കരാറായിരുന്നു അത്. അതുപോലെതന്നെ കേരള ജനതയുടെ സ്വകാര്യ വിവരങ്ങൾ കുത്തക മരുന്ന് കമ്പനികൾക്കും ഇൻഷ്വറൻസ് കമ്പനികൾക്ക് വിറ്റ് നേട്ടമുണ്ടാക്കാനുള്ള സർക്കാരിന്റെയും സ്‌പ്രിൻക്ളർ കമ്പനിയുടെയും ഗൂഢ ഉദ്ദേശ്യവും കരാറിലെ വ്യവസ്ഥകളിൽ അന്തർലീനമായിരുന്നു.
ആറ് ഹെഡുകളിലായി കോടതി നൽകിയ ഉത്തരവനുസരിച്ചാണ് ഇനി സംസ്ഥാനത്ത് വിവരശേഖരണം നടക്കുക. അതായത് നേരത്തെ സ്‌പ്രിൻക്ളറുമായി ഉണ്ടാക്കിയതും കോടതി മുമ്പാകെ ചലഞ്ച് ചെയ്തതുമായ കരാറിലെ വ്യവസ്ഥകളനുസരിച്ചല്ല, മറിച്ച് കോടതി ഏർപ്പെടുത്തിയ വ്യവസ്ഥകളനുസരിച്ചാണ് ഇനി വിവരശേഖരണം നടക്കുന്നതും. അവ സൂക്ഷിക്കുന്നതുമെല്ലാം. അതിൽ നിന്നുതന്നെ ആദ്യ കരാർ 'വെന്റിലേറ്ററിലായി", നിലനില്പും ഇല്ലാതായി. അതുകൊണ്ടുതന്നെ ആ കരാർ ഇപ്പോൾ നിലവിലില്ല. അതനുസരിച്ചല്ല ഇനിയുള്ള വിവര ശേഖരണവും തുടർ നടപടികളും. കോടതി പുറപ്പെടുവിച്ചത് ഒരു 'do and desist order' ആണ്. അതിൽ ആദ്യത്തെ ഉത്തരവ് മുൻപ് വിവരിച്ച കൊള്ളയ്ക്ക് തടയിടുന്നതാണ്. കൊവിഡ് -19 രോഗികളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ വ്യക്തികളെ തിരിച്ചറിയാൻ കഴിയാത്തവിധത്തിൽ രഹസ്യ സ്വഭാവത്തിലുള്ളതാകണം. അതിനുശേഷമേ സ്‌പ്രിൻക്ളർ കമ്പനിയെ പരിശോധനയ്ക്ക് അനുവദിക്കാവൂ. ഇത്തരത്തിൽ വിവരശേഖരണം നടത്തിയാൽ കൊള്ള നടക്കില്ല. രണ്ടാമത്തെ ഉത്തരവ് ഡേറ്റ അവലോകനത്തിനായി സ്‌പ്രിൻക്ളർ കമ്പനിക്ക് കൈമാറും എന്ന കാര്യം സർക്കാർ വിവരദാതാവിനെ ധരിപ്പിച്ച് കരാറിലോ ഫോമിലോ അനുമതി വാങ്ങണം. ഇൗ വ്യവസ്ഥ ഒഴിവാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി അത് തള്ളി. രേഖകൾ ശേഖരിക്കുന്നതിനെതിരെ വ്യാപക പ്രചാരണത്തിന് ഇൗ വ്യവസ്ഥ ഇടയാക്കുമെന്ന സർക്കാർ അഭിഭാഷകന്റെ വാദവും കോടതി തള്ളിക്കളഞ്ഞു. ഇൗ ആദ്യ രണ്ട് ഉത്തരവുകളിലൂടെ തന്നെ പൗരന്റെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന് സംരക്ഷണവും സർക്കാരിന്റെ സ്വപ്നത്തിന് വിലങ്ങും വീണു. ഒപ്പം ജനങ്ങൾക്ക് സമാധാനവും. ഡേറ്റയുടെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തുന്ന തരത്തിൽ നേരിട്ടോ പരോക്ഷമായോ സ്‌പ്രിൻക്ളർ കമ്പനി ഇടപെടരുത്; ഡേറ്റ പൂർണമായോ ഭാഗീകമായോ കമ്പനി ലോകത്തെവിടയുള്ള മൂന്നാമതൊരു കക്ഷിക്ക് വെളിപ്പെടുത്തുകയോ കൈമാറുകയോ ചെയ്യരുത്. ഡേറ്റയുടെ സ്വകാര്യത ഉറപ്പാക്കുന്ന വ്യവസ്ഥകൾക്ക് വിരുദ്ധമായി നേരിട്ടോ അല്ലാതെയോ സ്‌പ്രിൻക്ളർ ഇവ ഉപയോഗിക്കരുത്.
വിശകലനം പൂർത്തിയായാലുടൻ ഡേറ്റ സർക്കാരിന് തിരിച്ചുനൽകണം. സ്‌പ്രിൻക്ളർ കമ്പനിയുടെ കൈവശം ഏതെങ്കിലും തരത്തിൽ സെക്കൻഡറി ഡേറ്റയോ മറ്റു ഡേറ്റയോ ഉണ്ടെങ്കിൽ ഉടൻ സർക്കാരിന് കൈമാറണം; കേരളത്തിലെ കൊവിഡ് രോഗികളുടെ വിവരങ്ങൾ കൈവശമുണ്ടെന്ന് കമ്പനി പരസ്യ പ്രചാരണം നടത്തരുത്; ഇവ സാമ്പത്തിക നേട്ടത്തിനായി ഉപയോഗിക്കരുത്. കമ്പനി സർക്കാരിന്റെ പേരോ ഒൗദ്യോഗിക മുദ്രയോ ഉപയോഗിക്കരുത്; തുടങ്ങിയവയാണ് മറ്റു ഉത്തരവുകൾ. തുടക്കം മുതലേ പ്രതിപക്ഷം മാത്രമാണ് കരാറിനെതിരെ രംഗത്തുള്ളത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി. ആസഫലി മുഖാന്തരം സമർപ്പിച്ച ഹർജിയിലാണ് പൗരന്മാർക്ക് സംരക്ഷണവും അവരുടെ സ്വകാര്യതയ്ക്ക് സുരക്ഷിതത്വവും കോടതി ഏർപ്പെടുത്തിയത്.
കോടതി പുറപ്പെടുവിച്ച വ്യവസ്ഥകളനുസരിച്ച് മാത്രമേ ഇനി മുന്നോട്ടുപോകാൻ കഴിയൂ. അതായത് മുഖ്യമന്ത്രി ഉദ്ദേശിച്ച രീതിയിൽ മുന്നോട്ടു പോകുന്നത് കോടതി അനുവദിച്ചിട്ടില്ല.
ഏറ്റവും കൂടുതൽ രോഗബാധിതരും നിരീക്ഷണത്തിൽ കഴിയുന്നവരും മഹാരാഷ്ട്രയിലാണ്. ആ സംസ്ഥാന സർക്കാർ പോലും ജന താത്പര്യം മുൻനിറുത്തിയുള്ള വിവരശേഖരണമാണ് നടത്തുന്നത്. മറ്റു സംസ്ഥാനങ്ങളും അതുപോലെ തന്നെയാണ് വിവരശേഖരണം നടത്തുന്നത്. ഇനി വിവര ശേഖരണം വളരെ മന്ദഗതിയിലാകും.
(കേരള ഹൈക്കോടതിയിലെയും കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലെയും ഗവൺമെന്റ് പ്ളീഡറായിരുന്നു ലേഖകൻ).