തിരുവനന്തപുരം: സ്ഥാപകനായ ഹെൻഡ്രി ഡ്യുനെന്റിന്റെ സ്‌മരണയിൽ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ഇന്നലെ റെഡ്‌ക്രോസ് ദിനം ആചരിച്ചു. പനത്തുറയിൽ ജില്ലാ ചെയർമാൻ പി.എച്ച്. ഹരികൃഷ്ണൻ പതാക ഉയർത്തി. സെക്രട്ടറി ആർ. ജയകുമാർ, ട്രഷറർ ശശികുമാർ, സമിതി അംഗം രവികുമാർ, ദീപാ എം. നായർ, അനിൽ കുരുക്ഷേത്ര തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് ജില്ലയിലെ കൊവിഡ് പ്രതിരോധത്തിനായി പ്രയത്നിക്കുന്ന ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസർ പ്രീത എം.കെ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഷർമ്മദ് എന്നിവരെ ഓഫീസുകളിലെത്തി ആദരിച്ചു. പനത്തുറയിൽ ഡോ. അരുണിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം നിർദ്ധനരായ രോഗികളെ വീടുകളിൽ പോയി പരിശോധിച്ച് സൗജന്യമായി മരുന്ന് നൽകി. റെഡ്‌ക്രോസ് വോളണ്ടിയർമാർ പ്രദേശത്തു ശുചീകരണ പ്രവർത്തനങ്ങളും നടത്തി. ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റിയുടെ നൂറാംവാർഷിക ദിനം കൂടിയായ ഇന്നലെ ജില്ലയിലെ താലൂക്കുകളിലും വിവിധ പരിപാടികൾ നടന്നു.