mutual-funds

ന്യൂഡൽഹി: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിക്കുന്ന സമ്പദ്ഞെരുക്കം മ്യൂച്വൽഫണ്ടുകളെയും വലയ്ക്കുന്നു. തവണ വ്യവസ്ഥയിൽ നിക്ഷേപത്തിന് അവസരം നൽകുന്ന സിസ്‌‌റ്റമാറ്റിക് ഇൻവെസ്‌റ്ര്‌മെന്റ് പ്ളാൻ (എസ്.ഐ.പി) മുഖേന ഏപ്രിലിൽ മ്യൂച്വൽഫണ്ടുകളിൽ എത്തിയത് 8,376.11 കോടി രൂപ നിക്ഷേപമാണ്. മാർച്ചിലെ 8,641.20 കോടി രൂപയേക്കാൾ മൂന്നു ശതമാനം കുറവ്.

അതേസമയം, എസ്.ഐ.പി പോർട്ട്‌ഫോളിയോകളുടെ എണ്ണം 3.12 കോടിയിൽ നിന്ന് 3.13 കോടിയായും എസ്.ഐ.പി വഴി മ്യൂച്വൽഫണ്ട് കമ്പനികൾ കൈകാര്യം ചെയ്യുന്ന ആസ്‌തി (അസറ്ര് അണ്ടർ മാനേജ്‌മെന്റ് - എ.യു.എം) 2.39 ലക്ഷം കോടി രൂപയിൽ നിന്ന് 2.75 ലക്ഷം കോടി രൂപയായും വർദ്ധിച്ചു. കടപ്പത്രങ്ങളിലല്ല, ഇക്വിറ്രി മ്യൂച്വൽഫണ്ടുകളിലാണ് ഏപ്രിലിൽ നിക്ഷേപക്കുറവ് കണ്ടത്. മാർച്ചിൽ 11,723 കോടി രൂപ ലഭിച്ചപ്പോൾ എപ്രിലിൽ വന്നത് 6,212.96 കോടി രൂപ മാത്രം. മ്യൂച്വൽഫണ്ട് കമ്പനികൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തി (എ.യു.എം) 23.93 ലക്ഷം കോടി രൂപയാണ്. മാർച്ചിൽ ഇത് 22.96 ലക്ഷം കോടി രൂപയായിരുന്നു.