moodys

ന്യൂഡൽഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി) വളർച്ച നടപ്പു സാമ്പത്തിക വർഷം (2020-21) പൂജ്യം ശതമാനമായിരിക്കുമെന്ന് പ്രമുഖ റേറ്റിംഗ് ഏജൻസിയായ മൂഡീസ് ഇൻവെസ്‌റ്രേഴ്‌സ് സർവീസിന്റെ വിലയിരുത്തൽ. വളർച്ച ഇടിയുന്നത് ഇന്ത്യയുടെ റേറ്റിംഗ് കുറയ്ക്കാൻ കളമൊരുക്കിയേക്കാമെന്നും മൂഡീസ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ നവബംറിൽ മൂഡീസ് ഇന്ത്യയ്ക്ക് 'ബി.എ.എ2" റേറ്രിംഗ് നൽകിയിരുന്നു. എന്നാൽ, ഇന്ത്യയുടെ സ്റ്രാറ്റസ് 'സ്‌റ്റേബിൾ" (സ്ഥിരതയുള്ള സമ്പദ്‌വ്യവസ്ഥ) എന്നതിൽ നിന്ന് 'നെഗറ്റീവ്" ആക്കി മാറ്രിയിരുന്നു. സമ്പദ്‌വളർച്ച സംബന്ധിച്ച് ആശങ്കയുള്ളതും നിക്ഷേപം ലാഭകരമാകാൻ സാദ്ധ്യത കുറവുള്ളതുമായ രാജ്യങ്ങളുടെ കേന്ദ്രസർക്കാരിന് നൽകുന്ന റേറ്രിംഗാണിത്. കൊവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം സമ്പദ്‌വ്യവസ്ഥ നേരിടുന്ന തിരിച്ചടിയും അതു തരണം ചെയ്യാൻ സർക്കാരെടുക്കുന്ന കാലതാമസവുമാണ് ഇന്ത്യയെ വലയ്ക്കുക.

സമ്പദ്‌സ്ഥിതി പരിഹാരമില്ലാതെ, ഏറെക്കാലം തളർച്ചയുടെ പാതയിൽ തുടരുന്നത്, ഇന്ത്യയുടെ കടബാദ്ധ്യത ഉയർത്തും. കടബാദ്ധ്യത നിലവിൽ തന്നെ കൂടിയ തലത്തിലാണുള്ളത്. 2019-20ൽ മൂഡീസ് ഇന്ത്യയ്ക്ക് വിലയിരുത്തുന്ന വളർച്ച 4.8 ശതമാനമാണ്. 2021-22ൽ വളർച്ച 6.6 ശതമാനത്തിലേക്കും മെച്ചപ്പെടും. 2020 കലണ്ടർ വർഷത്തിൽ 0.2 ശതമാനത്തിൽ കൂടുതൽ ഇന്ത്യ വളരില്ലെന്നും മൂഡീസ് അഭിപ്രായപ്പെട്ടു.

അതേസമയം, ഇന്ത്യയുടെ വളർച്ച നടപ്പുവർഷം നെഗറ്റീവ് 0.4 ശതമാനമായി ഇടിഞ്ഞേക്കുമെന്ന് വിദേശ നിക്ഷേപക സ്ഥാപനങ്ങളായ ഗോൾഡ്മാൻ സാച്ച്സ്, നോമുറ എന്നിവ അഭിപ്രായപ്പെട്ടു. സമ്പദ്‌തളർച്ചയുടെ ആഘാതം കുറയ്ക്കാൻ റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഈവർഷം ഒരു ശതമാനം കൂടി കുറച്ചേക്കാമെന്ന് ഗോൾഡ്‌മാൻ സാച്ച്സ് വ്യക്തമാക്കി. ആഭ്യന്തര റേറ്രിംഗ് ഏജൻസിയായ ഇക്രയും നടപ്പുവർഷം പ്രതീക്ഷിക്കുന്നത് നെഗറ്രീവ് വളർച്ചയാണ്. നോമുറ 2020 കലണ്ടർ വർഷത്തേക്ക് പ്രവചിക്കുന്ന വളർച്ച നെഗറ്രീവ് 0.5 ശതമാനമാണ്. 2019ഷ വളർച്ച 5.3 ശതമാനമായിരുന്നു.