ന്യൂഡൽഹി: ലോക്ക്ഡൗണിൽ നിരത്തുകൾ സ്തംഭിച്ചതോടെ ഇന്ത്യയിൽ ഇന്ധന ഡിമാൻഡ് കുത്തനെ ഇടിയുന്നു. ഏപ്രിലിൽ വില്പന 45.8 ശതമാനം ഇടിഞ്ഞു. മൊത്തം 9.93 മില്യൺ ടൺ ഇന്ധനമാണ് കഴിഞ്ഞമാസത്തെ ഉപഭോഗം. 2007ന് ശേഷമുള്ള ഏറ്റവും താഴ്‌ന്ന ഡിമാൻഡാണിത്. ഏപ്രിലിലെ ആദ്യ രണ്ടാഴ്ചയിൽ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് 2019 ഏപ്രിലിലെ സമാനകാലത്തെ അപേക്ഷിച്ച് 50 ശതമാനം ഇന്ധനമാണ് വിൽക്കാൻ കഴിഞ്ഞത്.
ഗതാഗതത്തിന് പുറമേ ജലസേചനത്തിനും വ്യാവസായിക ആവശ്യങ്ങൾക്കും വൻതോതിൽ ഉപയോഗിക്കുന്ന ഡീസലിന്റെ വില്പന ഏപ്രിലിൽ 55.6 ശതമാനം ഇടിഞ്ഞ് 3.25 മില്യൺ ടണ്ണിലെത്തി. 0.97 മില്യൺ ടണ്ണാണ് പെട്രോൾ വില്പന. ഇടിവ് 60.6 ശതമാനം. നാഫ്‌ത വില്പന 9.5 ശതമാനം കുറഞ്ഞ് 0.86 മില്യൺ ടണ്ണിലൊതുങ്ങി. റോഡ് നിർമ്മാണത്തിനുള്ള ബിറ്റുമിൻ വില്പന 71 ശതമാനവും കപ്പലുകൾക്കുള്ള ഫ്യുവൽ ഓയിൽ വില്പന 40 ശതമാനവും കുറഞ്ഞു.
അതേസമയം, ലോക്ക്ഡൗണിൽ വീട്ടിൽ തന്നെ കഴിയുന്ന ജനങ്ങൾ പാചകത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നുവെന്ന് സൂചിപ്പിച്ച്, എൽ.പി.ജി ഉപഭോഗം 12.1 ശതമാനം ഉയർന്ന് 2.13 മില്യൺ ടണ്ണായി. ഏപ്രിലിലെ ആദ്യ രണ്ടാഴ്‌ചയിൽ 21 ശതമാനം അധിക എൽ.പി.ജിയാണ് എണ്ണക്കമ്പനികൾ വിതരണം ചെയ്‌തത്.
ഇന്ധനത്തിനും ക്ഷീണം
(ഏപ്രിലിലെ വില്പന നഷ്‌ടം)
എൽ.പി.ജിക്ക് നല്ലകാലം
ഏപ്രിലിൽ എൽ.പി.ജി വില്പന വളർച്ച 12.1 ശതമാനം. ആദ്യ രണ്ടാഴ്‌ചയിൽ മാത്രം അധിക വില്പന 21 ശതമാനം.
5.6%
ഈവർഷം (2020) ഇന്ത്യയിൽ ഇന്ധന വില്പന 5.6 ശതമാനം ഇടിയുമെന്നാണ് ഇന്റർനാഷണൽ എനർജി ഏജൻസിയുടെ (ഐ.ഇ.എ) പുതിയ വിലയിരുത്തൽ. മാർച്ചിൽ ഏജൻസി പറഞ്ഞത് വില്പന 2.4 ശതമാനം വളരുമെന്നായിരുന്നു.