ന്യൂഡൽഹി: ലോക്ക്ഡൗൺ കാലയളവിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ (പി.എം-കിസാൻ) കർഷകർക്ക് 18,253 കോടി രൂപ നൽകിയെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. 9.13 കോടി കർഷകർക്കാണ് സഹായം ലഭിച്ചത്. പ്രതിവർഷം മൂന്നു ഗഡുക്കളായി മൊത്തം 6,000 രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകുന്ന പദ്ധതിയാണിത്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ ധനമന്ത്രി മാർച്ച് ന് പ്രഖ്യാപിച്ച ഒന്നാം രക്ഷാപാക്കേജായ പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജിലെ 1.70 ലക്ഷം കോടി രൂപയുടെ ഭാഗമായിരുന്നു ഇത്തവണത്തെ പി.എം-കിസാൻ പദ്ധതിയിലെ ആദ്യഗഡു. റിസർവ് ബാങ്ക് പ്രഖ്യാപിച്ച മൂന്നുമാസത്തെ മോറട്ടോറിയം മൂന്നുകോടി കാർഷിക വായ്പാ ഇടപാടുകാർ തിരഞ്ഞെടുത്തുവെന്നും ധനമന്ത്രി പറഞ്ഞു. ഇവരുടെ മൊത്തം വായ്‌പാമൂല്യം 4.22 ലക്ഷം കോടി രൂപയാണ്. മാർച്ച് ഒന്നുമുതൽ മേയ് 31വരെയുള്ള മൂന്നുമാസത്തെ വായ്‌പാ തിരിച്ചടവിനാണ് മോറട്ടോറിയം നൽകുന്നത്.