pharma

ന്യൂഡൽഹി: ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊവിഡ്-19, ആഗോളതലത്തിലേക്ക് പടർന്നതോടെ ഇന്ത്യയുടെ ഔഷധ കയറ്റുമതി വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം ലക്ഷ്യം കണ്ടില്ല. 2,200 കോടി ഡോളർ (ഏകദേശം 1.66 ലക്ഷം കോടി രൂപ) നേടുകയായിരുന്നു ലക്ഷ്യെങ്കിലും ലഭിച്ചത് 2,058 കോടി ഡോളറാണ് (ഏകദേശം 1.55 ലക്ഷം കോടി രൂപ).

അതേസമയം, 2018-19ലെ വരുമാനത്തേക്കാൾ 7.57 ശതമാനം വർദ്ധന കഴിഞ്ഞവർഷം രേഖപ്പെടുത്തിയെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ഫാർമസ്യൂട്ടിക്കൽ എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ വ്യക്തമാക്കി. കഴിഞ്ഞ സമ്പദ്‌വർഷത്തെ ആദ്യ മൂന്നുപാദങ്ങളിലും (ഏപ്രിൽ-ഡിസംബർ) മികച്ച വളർച്ച ഔഷധ കയറ്റുമതി കുറിച്ചിരുന്നു. കൊവിഡ് മൂലം ആഗോളതലത്തിലെ വിതരണം (സപ്ളൈ) തടസപ്പെട്ടത് നാലാംപാദത്തിൽ (ജനുവരി-മാർച്ച്) തിരിച്ചടിയായി. ഇത്, കഴിഞ്ഞവർഷത്തെ മൊത്ത വരുമാനത്തെ ബാധിക്കുകയായിരുന്നു.

ഏപ്രിൽ-ഡിസംബറിൽ ഔഷധ കയറ്റുമതി വളർച്ച 11.5 ശതമാനമായിരുന്നു. ഫെബ്രുവരി-മാർ‌ച്ചിൽ കുറിച്ചത് നെഗറ്രീവ് 23.24 ശതമാനം. ജനുവരി-മാർച്ചിലെ വളർച്ച ഇതോടെ, നെഗറ്രീവ് 2.97 ശതമാനമായും ഇടിഞ്ഞു. ആദ്യ മൂന്ന് ത്രൈമാസങ്ങളിലും ഇന്ത്യൻ ഔഷധങ്ങളുടെ പ്രധാന വിപണിയായ അമേരിക്കയിൽ നിന്ന് ലഭിച്ചത് മികച്ച ഡിമാൻഡാണ്. ഉയർന്ന വിലസ്ഥിരതയും അമേരിക്കയിൽ ഉറപ്പാക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ, കൊവിഡ് വ്യാപനം മൂലം നാലാം പാദത്തിൽ പ്രതീക്ഷകൾ പൊലിഞ്ഞു.

ഔഷധ കയറ്റുമതിയിൽ 72 ശതമാനം പങ്കുവഹിക്കുന്ന ഡ്രഗ് ഫോർമുലേഷൻസ്, ബയോളജിക്കൽസ് എന്നിവയുടെ വരുമാന വളർച്ച 2019-20ൽ 9.5 ശതമാനമാണ്. രണ്ടാമത്തെ വലിയ വിഭാഗമായ ബൾക്ക് ഡ്രഗ്സ്, ഡ്രഗ് ഇന്റർമീഡിയേറ്റ്‌സ് എന്നിവയുടെ കയറ്റുമതി കുറിച്ചത് നെഗറ്രീവ് 0.73 ശതമാനം വളർച്ച.

 പൊലിഞ്ഞുപോയ ലക്ഷ്യം

$2,200 കോടി

കഴിഞ്ഞ സാമ്പത്തിക വർഷം ലക്ഷ്യമിട്ട ഔഷധ കയറ്റുമതി വരുമാനം 2,200 കോടി ഡോളർ. ലഭിച്ചത് 2,058 കോടി ഡോളർ.

11.5%

കഴിഞ്ഞ സമ്പദ്‌വർഷത്തെ ആദ്യ ഒമ്പതുമാസത്തിൽ (ഏപ്രിൽ-ഡിസംബർ) ഔഷധ കയറ്രുമതി വളർച്ച 11.5 ശതമാനം. കൊവിഡ് വീശിയടിച്ച ജനുവരി-മാർച്ചിൽ വളർച്ച നെഗറ്റീവ് 2.97 ശതമാനം.

$670 കോടി

ഇന്ത്യൻ ഔഷധങ്ങളുടെ പ്രധാന വിപണിയായ അമേരിക്കയിലേക്ക് കഴിഞ്ഞവർഷം കയറ്റിഅയച്ചത് 15.8 ശതമാനം വർദ്ധനയോടെ 670 കോടി ഡോളറിന്റെ മരുന്നുകൾ. ഏകദേശം 51,000 കോടി രൂപ. മൊത്തം ഔഷധ കയറ്റുമതിയുടെ 32.74 ശതമാനമാണിത്.

 വടക്കേ അമേരിക്കയിലേക്കുള്ള കയറ്രുമതി വളർച്ച 15.11 ശതമാനം.

60%

ഇന്ത്യ മരുന്ന് നിർമ്മാണത്തിന് 60-70 ശതമാനം അസംസ്കൃത വസ്‌തുക്കൾ ഇറക്കുമതി ചെയ്യുന്നത് ചൈനയിൽ നിന്നാണ്. കൊവിഡ് ഭീതിമൂലം ചൈനയിൽ നിന്നുള്ള ലഭ്യത കുറഞ്ഞതും കഴിഞ്ഞപാദത്തിലെ ഇന്ത്യയുടെ ഔഷധ കയറ്റുമതിയെ ബാധിച്ചു.

വരുന്നു, 3 ബൾക്ക്

ഡ്രഗ് പാർക്കുകൾ

ചൈനയിൽ നിന്നുള്ള അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി ഇടിയുന്നത് ഇന്ത്യൻ ഔഷധ നിർമ്മാണ മേഖലയെ ബാധിക്കാതിരിക്കാനായി രാജ്യത്ത് മൂന്ന് മെഗാ ബൾക്ക് ഡ്രഗ് പാർക്കുകൾ സ്ഥാപിക്കാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. 1,000 കോടി രൂപയുടെ ഗ്രാന്റ് ഇതിന് കേന്ദ്രം അനുവദിക്കും. മരുന്ന് നിർമ്മാണ ചെലവ് കുറയ്ക്കുകയും പാർക്കുകളുടെ ലക്ഷ്യമാണ്.