കൊച്ചി: കൊവിഡ് നിയന്ത്രണത്തിൽ കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയെന്നോണം പ്രവർത്തിച്ചെങ്കിലും മഹാരാഷ്‌ട്ര, തമിഴ്‌നാട്, ഗുജറാത്ത് പോലെയുള്ള സംസ്ഥാനങ്ങളിലെ വഷളായ സ്ഥിതി പരിഗണിച്ച്, ലോക്ക്ഡൗൺ നീട്ടാൻ കേന്ദ്രം തീരുമാനിച്ചാൽ അത് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയാകും. കൊവിഡും ലോക്ക്ഡൗണും മൂലം നടപ്പുപാദത്തിൽ (ഏപ്രിൽ-ജൂൺ) കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിൽ (ഗ്രോസ് വാല്യു അഡഡ് - ജി.വി.എ) 80,000 കോടി രൂപയുടെ നഷ്‌ടമാണ് വിലയിരുത്തുന്നതെന്ന് ആസൂത്ര ബോർഡ് വ്യക്തമാക്കിയിരുന്നു.
മാർച്ച്-ഏപ്രിലിൽ കാർഷിക മേഖലയുടെ മാത്രം നഷ്‌ടം 1,570.75 കോടി രൂപയാണ്. ഈ രംഗത്തെ വേതന നഷ്‌ടം 200.30 കോടി രൂപ. മാർച്ച്-സെപ്‌തംബർ കാലയളവിൽ ടൂറിസം മേഖലം 20,000 കോടി രൂപയുടെ നഷ്‌ടം രുചിക്കും. 2019ൽ 24.1 ശതമാനം വളർച്ചയോടെ 45,011 കോടി രൂപയുടെ വരുമാനം നേടിയ ടൂറിസം മേഖലയാണ് ഈവർഷം കൊവിഡിൽ തരിപ്പണമായത്.
മാനുഫാക്‌ചറിംഗിൽ മാർച്ച്-മേയ് കാലയളവിലെ നഷ്‌ടം 8,000 കോടി രൂപയായിരിക്കും. ഇക്കാലയളവിൽ റെസ്‌റ്രോറന്റുകളുടെ നഷ്‌ടം കണക്കാക്കുന്നത് 17,000 കോടി രൂപ. ഇതിൽ 10,000 കോടി രൂപയും ഏപ്രിലിലാണ്. സ്വയം തൊഴിൽ സംരംഭകർക്ക് മാർച്ച്-ജൂണിൽ 15,000 കോടി രൂപവരെ വരുമാന നഷ്‌ടമുണ്ടാകും. സംസ്ഥാനത്ത് ഏറ്റവുമധികം തൊഴിലുകളുള്ള കൺസ്ട്രക്‌ഷൻ, വ്യാപാരം, ഗതാഗതം തുടങ്ങിയ മേഖലകളും വലിയ നഷ്‌ടം കുറിക്കും. ഗതാഗത മേഖലയുടെ പ്രതിദിന നഷ്‌ടം ലോക്ക്ഡൗണിൽ 240 കോടി രൂപയാണ്.