രാഷ്ടീയമായാലും കൃഷിയായാലും എന്തും വെട്ടിപ്പിടിക്കുന്ന സ്വഭാവമാണ് കോട്ടയംകാരുടേത്. എന്തിലും മുന്നിലെത്തുന്നതും ഈ സ്വഭാവത്താലാണ്. ആരാടാന്നു ചോദിച്ചാൽ എന്നാടാന്ന് തിരിച്ചു ചോദിക്കും. തെറിക്കുത്തരം മുഴുപ്പത്തലെന്നാണ് പ്രമാണം. എന്നാൽ എത്ര അറിവുണ്ടെങ്കിലും തിരിച്ചറിവില്ലെന്നു പറയുന്നതു പോലാണ് . അവസാനം കുടമുടയ്ക്കും.കൊവിഡിന്റെ കാര്യത്തിലും സംഭവിച്ചത് ഇതാണ്.
കേരളത്തിൽ ആദ്യ ഘട്ടത്തിൽ കൊവിഡ് സ്ഥിരീകരിച്ചത് പത്തനംതിട്ടയ്ക്കൊപ്പം കോട്ടയത്തായിരുന്നു. റാന്നിയിൽ നിന്നെത്തിയ ബന്ധുവിനെ സ്വീകരിക്കാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ പോയവരായിരുന്നു ആദ്യ രോഗ വാഹകർ. ചെങ്ങളം കാരായ ഇവരെ ക്കുറിച്ചു വാർത്ത പരന്നതോടെ പേടിച്ച നാട്ടുകാർ സകല കടകളുമടപ്പിച്ചു വീട്ടുകാർക്ക് ഊരുവിലക്കു പ്രഖ്യാപിച്ചു. ഇവർ പൊസിറ്റീവിൽ നിന്ന് നെഗറ്റീവിലെത്തിയഏറെ ദിവസങ്ങൾക്ക് ശേഷമായിരുന്നു നാട്ടുകാർ മിണ്ടി തുടങ്ങിയത്. ഇവരുടെ റാന്നിയിലുള്ള വൃദ്ധ മാതാപിതാക്കൾക്കും കൊവിഡ് ബാധിച്ചെങ്കിലും കോട്ടയം മെഡിക്കൽ കോളേജിലെ പരിചരണത്താൽ 90 പിന്നിട്ടവർ ജീവിതത്തിലേക്ക് തിരിച്ചു വന്നത് ലോകാരോഗ്യ സംഘടനയുടെ വക പ്രശംസ പിടിച്ചു പറ്റുന്ന സംഭവമായി. ഇവരെല്ലാം ഭേദമായ തോടെ കോട്ടയം ആദ്യം ഓറഞ്ഞ്ച് സോണിലും പിന്നീട് ഗ്രീൻ സോണിലുമെത്തിയത് നാട്ടുകാർ പേടിച്ച് വീട്ടിലിരുന്നതു കൊണ്ടു മാത്രമാണ് . ആർക്കും കൊവിഡ് വരാത്ത സ്ഥിതിയിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ കോട്ടയം കാർ സ്ഥിരം സ്വഭാവം കാട്ടി. ഞങ്ങൾക്ക് ഇനി കൊവിഡ് വരില്ലെന്ന അഹങ്കാരത്തോടെ കൊറോണ വൈറസിന്റെ തന്തക്കു വിളിച്ച് വീട്ടിലിരുന്നവരെല്ലാം വാഹനങ്ങളുമായി റോഡിൽ ഇറങ്ങി .നിയന്ത്രണം ലംഘിച്ചതിന് കേരളത്തിൽ ഏറ്റവും കൂടുതൽ പേർക്കെതിരെ കേസെടുത്തതും വാഹനങ്ങൾ കസ്റ്റഡിയിലെടുത്തതും കോട്ടയത്തായിരുന്നു. സന്ധ്യവരെ വെള്ളം കോരിയ ശേഷം കലമുടക്കുന്ന സ്വഭാവം ആവർത്തിച്ചതോടെ കൊവിഡ് രോഗികളുടെ എണ്ണം ഓരോ ദിവസവും കൂടി .കോട്ടയം റെഡ് സോണിലായി. ഇതോടെ നിയന്ത്രണങ്ങൾ ശക്തമാക്കി. മുഖാവരണം വെക്കുന്നത് നിർബന്ധമാക്കിയപ്പോഴും പലരും വെച്ചില്ല . കൂടുതൽ പേർക്കെതിരെ കേസെടുത്തതും കോട്ടയത്തായിരുന്നു. രോഗികളുടെ എണ്ണം പതിനേഴിൽ എത്തി ജില്ലയുടെ പല ഭാഗങ്ങളും ഹോട്ട് സ്പോട്ടാക്കിയതോടെ നാട്ടുകാർ വീണ്ടും പേടിച്ച് വീടിനുള്ളിൽ കയറി. എല്ലാവരുടെയും രോഗം ഭേദമായതോടെ റെഡ് സോൺ മാറ്റിയിട്ടില്ലെങ്കിലും നാട്ടുകാർ വീണ്ടും വാഹനങ്ങളുമായി റോഡിലിറങ്ങി. അടച്ച മാർക്കറ്റ് തുറന്നതോടെ വഴി ബ്ലോക്കായി. മുഖാവരണം വയ്ക്കാത്തതിന് പലർക്കും പിഴയും ലഭിച്ചു . എന്നിട്ടും നോ പാർക്കിംഗ് ഏറിയയിൽ വാഹനം പാർക്കു ചെയ്തും വൺവേ തെറ്റിച്ചും ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിൽ നെഞ്ചും വിരിച്ചു നടക്കുന്ന കോട്ടയം അച്ചായന്മാരുടെ ഇപ്പോഴത്തെ അവസ്ഥകണ്ട് ഇനിയും കൊവിഡിന്റെ വിളയാട്ടം ഉണ്ടാകുമോ എന്ന ഭീതിയിലാണ് ബന്ധപ്പെട്ടവർ.
രാത്രി ഏഴു കഴിഞ്ഞാൽ ഗാന്ധി പ്രതിമ ഒഴിച്ച് കോട്ടയത്ത് എല്ലാം ഫിറ്റെന്നു പറഞ്ഞത് സംവിധായകൻ ജോൺ എബ്രഹാമായിരുന്നു.കൊവിഡിൽ മദ്യ ശാലകൾ അടച്ചിട്ടും കുടിയന്മാർക്ക് ഒരു വിറയൽ രോഗവുമില്ല . എക്സൈസ് കാരെ കബളിപ്പിച്ച് നല്ല സ്വയംഭൻ സാധനം വാറ്റാനും അരിഷ്ടമുണ്ടാക്കാനും കഴിവുള്ളവർ ഏറെയുള്ളപ്പോൾ ഇനി മദ്യ നിരോധനം വന്നാലും പ്രശ്നമില്ല . രണ്ടെണ്ണം വീശിയിട്ട് വാഹനം ഇരപ്പിച്ച് ഓടിക്കുന്നതിന്റെ ത്രില്ലിനിടയിൽ പൊലീസ് തടഞ്ഞു നിറുത്തി ഊതിപ്പിക്കാതിരിക്കാൻ എല്ലാവരും ഇപ്പോൾ മുഖാവരണം ധരിച്ചു തുടങ്ങി എന്നാണ് ഒടുവിൽ കിട്ടിയ വാർത്ത!.
പൊലീസ് പിടിക്കില്ലെങ്കിൽ ഇനി എന്നും മാസ്ക് വയ്ക്കാനും കോട്ടയം കാർ റെഡിയാണ്.