മുംബയ്: ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്‌ട്രീസിന്റെ മൂല്യം ഇന്നലെ ഓഹരി വ്യാപാരത്തിനിടെ ഒരുവേള പത്തുലക്ഷം കോടി രൂപ കടന്നു. ഓഹരി വില 3.40 ശതമാനം ഉയർന്ന് 1,614.85 രൂപയിൽ എത്തിയപ്പോഴാണ് ഈ നാഴികക്കല്ല് റിലയൻസ് പിന്നിട്ടത്. വ്യാപാരാന്ത്യം ഓഹരിവില 0.90 ശതമാനം മാത്രം നേട്ടത്തോടെ 1,576.75 രൂപയിലാണുള്ളത്. ഇതോടെ, മൂല്യം 9.99 ലക്ഷം കോടി രൂപയിലേക്ക് ഇറങ്ങി.

2021 മാർച്ചിനകം റിലയൻസിനെ കടബാദ്ധ്യത ഇല്ലാത്ത കമ്പനിയാക്കി മാറ്രുമെന്ന് കഴിഞ്ഞവർഷത്തെ വാർഷിക പൊതുയോഗത്തിൽ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. അന്നുമുതൽ വൻ കുതിപ്പാണ് റിലയൻസ് ഓഹരികൾ കാഴ്‌ചവയ്ക്കുന്നത്. ഡിസംബറിൽ മൂല്യം 10 ലക്ഷം കോടി രൂപയും കടന്നു. കൊവിഡിലും ലോക്ക്ഡൗണിലും ഓഹരി വിപണി വീണതിന്റെ ആഘാതത്തിൽ റിലയൻസ് ഓഹരികളും പിന്നീട് താഴേക്കിറങ്ങി. കഴിഞ്ഞ ഡിസംബർ 20ന് കുറിച്ച 1,617.80 രൂപയാണ് റിലയൻസ് ഓഹരിയുടെ റെക്കാഡുയരം. കഴിഞ്ഞ മാർച്ച് 23ന് ഓഹരി വില 876 രൂപയായിരുന്നു.

കമ്പനിയുടെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ളാറ്ര്‌ഫോംസിലേക്ക് വിദേശ നിക്ഷേപം കുതിച്ചെത്തുന്ന ബലത്തിലാണ് ഓഹരിവിലയുടെ നിലവിലെ കുതിപ്പ്. ഫേസ്‌ബുക്ക്, അമേരിക്കൻ ഇക്വിറ്രി സ്ഥാപനങ്ങളായ സിൽവർ ലേക്ക്, വിസ്‌റ്റ പാർട്‌ണേഴ്‌സ് എന്നിവ കഴിഞ്ഞ മൂന്നാഴ്‌ചയ്ക്കിടെ ഏകദേശം 60,500 കോടി രൂപയുടെ നിക്ഷേപമാണ് ജിയോയിൽ പ്രഖ്യാപിച്ചത്. ജനുവരി-മാർച്ചിലെ കണക്കുപ്രകാരം റിലയൻസിന്റെ അറ്റ കടബാദ്ധ്യത 1.61 ലക്ഷം കോടി രൂപയാണ്.

ദശലക്ഷം കോടി കടന്ന വഴി

 2021 മാർച്ചിനകം റിലയൻസിന്റെ കടബാദ്ധ്യത പൂ‌ർണമായും ഇല്ലാതാക്കുമെന്ന് കഴിഞ്ഞവർഷത്തെ വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനി പറഞ്ഞിരുന്നു

 ഇതോടെ, ഡിസംബറിൽ റിലയൻസ് ഓഹരി വില റെക്കാഡ് ഉയരമായ 1,617 രൂപയിലെത്തി.

 ഓഹരിമൂല്യം 10 ലക്ഷം കോടി രൂപയും കടന്നു.

 ലോക്ക്ഡൗണിൽ ഓഹരിവില 876 രൂപവരെ (മാർച്ചിൽ) താഴ്‌ന്നു

 എന്നാൽ ജിയോ പ്ളാറ്ര്‌ഫോംസിലെ ന്യൂനപക്ഷ ഓഹരികൾ ഏറ്റെടുക്കാനുള്ള ഫേസ്ബുക്ക്, സിൽവർ ലേക്ക്, വിസ്‌റ്റ പാർട്‌ണേഴ്‌സ് എന്നിവയുടെ പ്രഖ്യാപനം റിലയൻസ് ഓഹരികൾക്ക് വീണ്ടും ഉണർവായി.

 ഇന്നലെ ഓഹരിവില ഒരുവേള 1,614 രൂപയിലെത്തി. കമ്പനിയുടെ മൂല്യം ₹10 ലക്ഷം കോടിയും കടന്നു.

 വ്യാപാരാന്ത്യം ഇന്നലെ ഓഹരിവില ₹1,576. മൊത്തം ഓഹരിമൂല്യം ₹9.99 ലക്ഷം കോടി

അവകാശ ഓഹരി

വില്പന 14ന്

കടബാദ്ധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി റിലയൻസ് ഇൻഡസ്‌ട്രീസ് പ്രഖ്യാപിച്ച 53,125 കോടി രൂപയുടെ അവകാശ ഓഹരി വില്പന 14ന് ആരംഭിക്കും. 1:15 അനുപാതത്തിൽ ഓഹരിക്ക് 1,257 രൂപ നിരക്കിലാണ് വിതരണം. നിലവിലെ ഓഹരി വിലയായ 1,576 രൂപയേക്കാൾ കുറവാണിതെങ്കിലും ഓഹരി ഉടമകളിൽ നിന്ന് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് വിലയിരുത്തൽ.