രണ്ടുമാസം നീണ്ട ഒരു യുദ്ധം വിജയിച്ചു നിൽക്കുകയാണ് പത്തനംതിട്ടക്കാർ. കൊവിഡ് 19 മഹാമാരിയെ നാട് ഒറ്റക്കെട്ടായി പാെരുതി തോൽപ്പിച്ചിരിക്കുന്നു. മാർച്ച് ഏഴിന് തുടങ്ങിയ കൊവിഡ് പ്രതിരോധത്തിൽ മെയ് ഏഴിന് നാട് രോഗമുക്തി നേടി.
പോളിയോയെയും ക്ഷയ രോഗത്തെയും ആദ്യം പമ്പ കടത്തിയവരാണ് പത്തനംതിട്ടക്കാർ. ആ പാരമ്പര്യത്തിൽ ആരോഗ്യ പ്രവർത്തകർ ഒരിക്കൽ കൂടി സർവസജ്ജമായി ഉണർന്നപ്പോൾ കൊവിഡിനെ വരുതിയിലാക്കി. ഇൗ വിജയത്തിൽ ആഹ്ളാദിക്കാൻ സമയമായിട്ടില്ല. പോരാളികൾക്ക് വിശ്രമവുമില്ല. ലോകത്ത് നിന്ന് കൊവിഡിനെ തുടച്ചു നീക്കുന്നതുവരെ, ഇന്നല്ലെങ്കിൽ നളെ വൈറസ് വീണ്ടും വന്നേക്കാമെന്ന ജാഗ്രതയിലാണ് ആരോഗ്യ പ്രവർത്തകർ.
ജില്ലാ ഭരണകൂടത്തിന്റെ പിന്തുണയോടെ അയ്യായിരത്തിലേറെ ആരോഗ്യ പ്രവർത്തകരും ആശാ വർക്കർമാരും പഞ്ചായത്ത്, റവന്യു വിഭാഗം ജീവനക്കാരും നടത്തിയ രാപ്പകൽ പോരാട്ടം പ്രളയത്തിന് ശേഷം ജില്ലയുടെ അതിജീവനത്തിന്റെ മറ്റൊരു ചരിത്രമായി.
ഏറ്റെടുത്തത് വലിയ രക്ഷാദൗത്യം
സംസ്ഥാനത്ത് രണ്ടാംഘട്ടം കൊവിഡ് വ്യാപനത്തിന്റെ തുടക്കം പത്തനംതിട്ടയിൽ നിന്നായിരുന്നു. ഇറ്റലിയിൽ നിന്ന് മാർച്ച് ഒന്നിന് റാന്നിയിലെത്തിയ മൂന്നംഗ കുടുംബം രോഗ വാഹകരാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ആറ് ദിവസം കൂടി കടന്നു പോയി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാകാതെ നാട്ടിലെത്തിയവർ ബന്ധുക്കളിലേക്ക് രോഗം പകരുകയായിരുന്നു. മൂന്നിൽ നിന്ന് ഒൻപതിലേക്ക് രോഗികളുടെ എണ്ണം ഒറ്റയടിക്ക് ഉയർന്നത് ഒരു ദിവസം കൊണ്ടാണ്. ഭീതി നിറഞ്ഞ മനസോടെ ജനങ്ങൾ വീടുകളിലൊതുങ്ങി. മടങ്ങിയെത്തിയ എട്ട് പ്രവാസികളിൽ കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 17ലേക്ക് കുതിച്ചു.
ലോക രാജ്യങ്ങളിൽ രോഗ വ്യാപനത്തിന്റെ തോത് ഉയരുന്നതിനിടെ പ്രവാസികളായ ഒട്ടേറെപ്പേർ ജില്ലയിലേക്ക് മടങ്ങിയെത്തിയത് അടുത്ത ആശങ്കയായി. റാന്നിയിലെ കുടുംബം സഞ്ചരിച്ച വഴികൾ പിന്തുടർന്ന്, അവർ സമ്പർക്കം പുലർത്തിയവരെയും മടങ്ങിയെത്തിയ പ്രവാസികളെയും കുടുംബാംഗങ്ങളെയും കണ്ടെത്തി കാെവിഡ് പരിശോധന നടത്തുകയെന്ന വലിയ ദൗത്യമാണ് ആരോഗ്യവകുപ്പ് ചടുലതയോടെ ഏറ്റെടുത്തത്. അവസാന കൊവിഡ് രോഗിയെയും ചികിത്സിച്ച് ഭേദമാക്കിയപ്പോൾ നാട് ആശ്വാസത്തിലായി.
വീട് കാണാതെ, ഉറങ്ങാതെ
ആരോഗ്യ പ്രവർത്തകർ
രോഗ വ്യാപനം തടയാൻ പത്തനംതിട്ടയിൽ നടപ്പാക്കിയ ദ്രുത കർമ്മ പരിപാടി രാജ്യശ്രദ്ധ നേടി. ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസർച്ചിലെയും മറ്റ് സംസ്ഥാനങ്ങളിലെയും ഡോക്ടർമാർ പത്തനംതിട്ടയിൽ നടത്തിയ രക്ഷാ പ്രവർത്തനം മാതൃകയാക്കി.
കൊവിഡിനെ പിടിച്ചുകെട്ടിയ ഇൗ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ഡോക്ടർമാരുടെയും നഴ്സുമാരുടെയും ത്യാഗം മറക്കാവുന്നതല്ല. പത്തനംതിട്ട ജനറൽ ആശുപത്രിയിലും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും പത്തോളം ഡോക്ടർമാരും പതിനഞ്ചോളം നഴ്സുമാരും ആശുപത്രി ജീവനക്കാരും വീടുകളിൽ പോകാതെ, കുടുംബാംഗങ്ങളെ കാണാതെ, സയമത്ത് ഭക്ഷണം കഴിക്കാതെ, ഉറങ്ങാതെ നടത്തിയ തീവ്ര പരിചരണം നാടിനെ മഹാമാരിയുടെ പിടിയിൽ നിന്ന് മോചിപ്പിക്കുകയായിരുന്നു. അവസാന രോഗിയെയും ചികിത്സിച്ച് ഭേദമാക്കി വീട്ടിലേക്കയച്ച് പത്തനംതിട്ടയിലെ ലോഡ്ജുകളിൽ ക്വാറന്റൈനിൽ കഴിഞ്ഞ ശേഷമാണ് ആരോഗ്യ പ്രവർത്തകർ വീടുകളിലേക്ക് മടങ്ങിയത്.
ജില്ലയിൽ കൊവിഡ് രോഗികളില്ലെന്ന് ഉറപ്പാക്കണമെങ്കിൽ ജൂലയ് വരെയെങ്കിലും കാത്തിരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.
പ്രതീക്ഷയുടെ പച്ചമരത്തണലിൽ
രോഗത്തിൽ വിറങ്ങലിച്ച നാട് പഴയ നിലയിലേക്കുള്ള തിരിച്ചുവരവിന് ശ്രമിക്കുകയാണ്. ഒാറഞ്ച് സോണിലായ പത്തനംതിട്ടയിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ ഗ്രീൻ സോണിലേക്ക് പ്രവേശനം കാത്തിരിക്കുന്നു. വലിയ വ്യവസായ ശാലകളില്ലാത്ത ജില്ല കാർഷികാടിത്തറയിലാണ് നിവർന്ന് നിൽക്കുന്നത്. ലോക് ഡൗണിൽ നിശ്ചലമായ റബറും മലഞ്ചരക്ക് വ്യാപാരങ്ങളും പച്ചപിടിക്കണം. റബർ ഷീറ്റുകൾ കയറ്റിവിടാൻ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ലോറികൾ എത്താത്തതിനാൽ വിപണി തുറന്നിട്ടില്ല. മലഞ്ചരക്ക് വിപണി തുറക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും റബറിനെ ഉൾപ്പെടുത്താത്തത് അതിൽ നിന്ന് മാത്രം വരുമാനമുണ്ടാക്കുന്ന കർഷകരെ നിരാശപ്പെടുത്തിയിട്ടുണ്ട്.
പ്രവാസികൾ കൂടുതലുള്ള ജില്ലകളിലൊന്നാണ് പത്തനംതിട്ട. കൊവിഡിന്റെ സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയെത്തുന്നവർക്ക് പുതിയ അവസരങ്ങൾ തുറന്നു കൊടുക്കേണ്ടതുമുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ കാലിടറുന്നവർക്ക് താങ്ങാകാൻ കരുത്തുളളവരുടെ നാടാണിത്. ആത്മവിശ്വാസവും അവസരങ്ങളും നൽകാൻ സർക്കാർ ഒപ്പമുണ്ടെങ്കിൽ, മഹാപ്രളയത്തിൽ മുങ്ങിനിവർന്ന പത്തനംതിട്ടക്കാർ കൊവിഡ് വരുത്തിയ കഷ്ടതകളെയും മറികടക്കും.
സഹ്യന്റെ മടിയിലേക്ക് തല ചായ്ച്ച് കിടക്കുന്ന മലയോര നാടിന്റെ സിരകൾ പമ്പയും അച്ചൻകോവിലാറും കക്കാട്ടാറും മണിമലയാറുമാണ്. നദികളുടെ തിട്ടകളിൽ പത്തിനം ജനവിഭാഗങ്ങൾ സാഹോദര്യത്തോടെ കഴിഞ്ഞ നാടാണ് പത്തനംതിട്ട ആയതെന്ന് ഒരു വിശ്വാസമുണ്ട്. ഒരുമയുടെ അഴിയാത്ത ആ കെട്ടുറുപ്പിലാണ് ഇനി മുന്നോട്ടുപോകേണ്ടത്.