ന്യൂഡൽഹി: ഐഫോൺ നിർമ്മാതാക്കളായ ആപ്പിളിന്റെ പുതിയ നിർമ്മാണ ഹബ്ബായി വൈകാതെ ഇന്ത്യ മാറിയേക്കും. കൊവിഡ് വ്യാപനം സംബന്ധിച്ച് അമേരിക്കയും ചൈനയും തമ്മിലെ തർക്കം ഇരുവരും തമ്മിലുള്ള വ്യാപാരയുദ്ധത്തിന് വീണ്ടും കളമൊരുക്കിയിട്ടുണ്ട്. ചൈനയിൽ നിർമ്മാണ പ്ളാന്റുകളുള്ള അമേരിക്കൻ കമ്പനികളോട്, ഇന്ത്യയെ പോലെയുള്ള രാജ്യങ്ങളിലേക്ക് കൂടുമാറുന്നത് പരിഗണിക്കാൻ ട്രംപ് ഭരണകൂടം നിർദേശിച്ചിരുന്നു.
ചൈനയിൽ നിന്ന് കൂടൊഴിയുന്ന ആയിരത്തോളം കമ്പനികളെ ഉന്നമിട്ട് ഇന്ത്യ തൊഴിൽ, നികുതി നിയമങ്ങളിൽ ഉൾപ്പെടെ ഒട്ടേറെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇവക്കായി പ്രത്യേക ലാൻഡ് ബാങ്കും സജ്ജമാകുന്നുണ്ട്. ഇന്ത്യ നൽകുന്ന ആനുകൂല്യങ്ങളെ ലാഭമാക്കി മാറ്രാനാകുമെന്ന് ആപ്പിൾ പ്രതീക്ഷിക്കുന്നു.
ഫോക്സ്കോൺ, വിസ്ട്രോൺ എന്നീ കമ്പനികളാണ് ആപ്പിളിന് വേണ്ടി നിലവിൽ ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്. ഇവ ഇന്ത്യയിൽ നിലവിൽ നിർമ്മാണം നടത്തുന്നുമുണ്ട്. മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ലക്ഷ്യമിട്ട് 4,000 കോടി ഡോളറിന്റെ (ഏകദേശം മൂന്നു ലക്ഷം കോടി രൂപ) ഉത്പന്നങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാൻ ആപ്പിൾ ഈ കമ്പനികളോട് ആവശ്യപ്പെട്ടേക്കും.
വിജയപാതയിൽ
ആപ്പിൾ
ഇന്ത്യയിൽ കഴിഞ്ഞപാദത്തിൽ പ്രീമീയം സ്മാർട്ഫോണുകളുടെ വില്പനയിൽ 62.7 ശതമാനം വിഹിതം ആപ്പിൾ നേടിയെന്നാണ് ഇന്റർനാഷണൽ ഡേറ്റാ കോർപ്പറേഷന്റെ (ഐ.ഡി.സി) റിപ്പോർട്ട്. ഇന്ത്യയിൽ തന്നെ ഉത്പന്നങ്ങൾ നിർമ്മിക്കുമ്പോൾ കൂടുതൽ ആനുകൂല്യം ലഭിക്കുന്നതും വില താരതമ്യേന കുറയുന്നതുമാണ് കമ്പനിക്ക് നേട്ടമാകുന്നത്.
ഐഫോൺ 7, ഐഫോൺ എക്സ് ആർ എന്നിവ നിലവിൽ ആപ്പിൾ ഇന്ത്യയിൽ നിർമ്മിക്കുന്നുണ്ട്.
ഐഫോൺ എസ്.ഇ., ഐഫോൺ 6എസ് എന്നിവയും നിർമ്മിച്ചിരുന്നെങ്കിലും ഇവ ഇപ്പോൾ വിപണിയിലില്ല
ചൈനീസ് നിക്ഷേപത്തെ
നിരീക്ഷിക്കാൻ ഇന്ത്യ
ചൈനയിൽ നിന്ന് നേരിട്ടുള്ള വിദേശത്തെ നിക്ഷേപത്തെ (എഫ്.ഡി.ഐ) കൂടുതൽ ജാഗ്രതയോടെ നിരീക്ഷിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. നിലവിലെ ഓഹരി വിലത്തകർച്ച മുതലെടുത്ത്, ഒട്ടേറെ ഇന്ത്യൻ കമ്പനികളിൽ ചൈനീസ് നിക്ഷേപം കൂടുന്ന സാഹചര്യത്തിലാണിത്. എച്ച്.ഡി.എഫ്.സിയിലെ ഓഹരി പങ്കാളിത്തം ചൈനീസ് കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് അടുത്തിടെ വർദ്ധിപ്പിച്ചത് കേന്ദ്രത്തെ ആശങ്കപ്പെടുത്തിയിരുന്നു. ചൈനയിൽ നിന്നുള്ള നിക്ഷേപകർ, കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി തേടണമെന്ന ഭേദഗതി തുടർന്ന് എഫ്.ഡി.ഐ നയത്തിൽ ഇന്ത്യ കൊണ്ടുവന്നിരുന്നു.