കൊൽക്കത്ത: സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാന ജേതാവായ ഇന്ത്യക്കാരൻ അഭിജിത് ബാനർജിയുടെ വാക്കുകൾ ശരിവച്ചാൽ, 'ചൈനയിൽ നിന്ന് കൂടൊഴിയുന്ന കമ്പനികൾ" ഇന്ത്യയിലേക്ക് ചേക്കേറില്ല. ഒരു ബംഗാളി മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചൈനയെ കൈവിട്ട് ഇന്ത്യയിലേക്ക് കമ്പനികൾ എത്തുമെന്ന ധാരണകൾ ശരിയാകണമെന്നില്ലെന്ന് അദ്ദേഹം പറഞ്ഞത്.
''കൊവിഡ് വ്യാപനത്തിന് എല്ലാവരും ചൈനയെ പഴിക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒട്ടേറെ വിദേശ കമ്പനികൾ ചൈനയിൽ നിന്ന് പിന്മാറി ഇന്ത്യയിലേക്ക് വരുമെന്ന് ചിലർ പറയുന്നുണ്ട്. എനിക്ക് തോന്നുന്നില്ല അങ്ങനെ സംഭവിക്കുമെന്ന്"", അദ്ദേഹം പറഞ്ഞു.
ചൈന അവരുടെ കറൻസിയുടെ (യുവാൻ) മൂല്യം വെട്ടിക്കുറച്ചാൽ എന്തു ചെയ്യും? അങ്ങനെയുണ്ടായാൽ, ചൈനയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് വില കുറയും. ഇത് അവിടെ പ്രവർത്തിക്കുന്ന കമ്പനികൾക്ക് വിദേശങ്ങളിൽ മികച്ച വില്പന സാദ്ധ്യമാക്കും. ഇത്, ചൈനയിൽ തന്നെ തുടരാൻ കമ്പനികളെ പ്രേരിപ്പിക്കും.
ജനങ്ങളുടെ വാങ്ങൽശേഷി കുറഞ്ഞതാണ് ഇന്ത്യ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് കരകയറാനുള്ള നടപടികൾക്കായി ബംഗാൾ സർക്കാർ രൂപീകരിച്ച ഗ്ളോബൽ അഡ്വൈസറി ബോർഡംഗം കൂടിയാണ് അഭിജിത് ബാനർജി.
ഇന്ത്യയ്ക്ക് വേണ്ടത് വലിയ
രക്ഷാ പാക്കേജ്
അമേരിക്കയും ബ്രിട്ടനും ജപ്പാനും അതത് ജി.ഡി.പിക്ക് അനുസൃതമായാണ് രക്ഷാപാക്കേജ് പ്രഖ്യാപിച്ചത്. ഇന്ത്യ പ്രഖ്യാപിച്ചത് ജി.ഡി.പിയുടെ 0.8 ശതമാനം (1.70 ലക്ഷം കോടി രൂപ) മാത്രം. ഇതു പോരെന്നും വലിയ പാക്കേജാണ് വേണ്ടതെന്നും അഭിജിത് ബാനർജി പറഞ്ഞു.