tax-holiday

ന്യൂഡൽഹി: കൊവിഡിന്റെ പശ്‌ചാത്തലത്തിൽ, സമ്പദ്‌വ്യവസ്ഥയെ കരകയറ്റുന്ന നടപടികളുടെ ഭാഗമായി പുതിയ നിക്ഷേപങ്ങൾക്ക് ഇന്ത്യ 10 വർഷം വരെ നികുതി ഒഴിവാക്കിയേക്കും. 50 കോടി ഡോളറിനുമേൽ നിക്ഷേപം നടത്തുന്നവർക്കായിരിക്കും 10 വർഷ ആനുകൂല്യം ലഭിക്കുക. കമ്പനികൾ ഇന്ത്യയിൽ ഈവർഷം ജൂൺ ഒന്നുമുതൽ മൂന്നുവർഷത്തിനകം പ്രവർത്തനം തുടങ്ങിയിരിക്കണമെന്ന് നിബന്ധനയുമുണ്ടാകും.

മെഡിക്കൽ ഉപകരണങ്ങൾ, ഇലക്‌ട്രോണിക്സ്, ടെലികോം ഉപകരണങ്ങൾ, കാപ്പിറ്റൽ ഗുഡ്‌സ് വിഭാഗങ്ങളെ ഇതിന്റെ പരിധിയിൽ കൊണ്ടുവന്നേക്കും. വസ്‌ത്രം, ഭക്ഷ്യസംസ്‌കരണം, ലെതർ, ഫുട്‌വെയർ തുടങ്ങി ഒട്ടേറെ തൊഴിലുകൾ സൃഷ്‌ടിക്കുന്ന മേഖലകളിലെ 10 കോടി ഡോളറിനുമേലുള്ള നിക്ഷേപത്തിന് 4 വർഷത്തെ നികുതിയും ഒഴിവാക്കിയേക്കും. ആറുവർഷത്തേക്ക് കോർപ്പറേറ്ര് 10 ശതമാനമായി കുറയ്ക്കുമെന്നും അറിയുന്നു.

സമ്പദ്‌ഞെരുക്കം മറികടക്കാൻ 20 ലക്ഷം കോടി രൂപയുടെ പ്രത്യേക പാക്കേജ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. റിസർവ് ബാങ്ക് നേരത്തേ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ഉൾപ്പെടുന്നതാണിത്. ഇന്ത്യയുടെ സകല സമ്പദ്മേഖലയെയും പരിഗണിക്കുന്നതും ബിസിനസുകൾക്ക് ഉണർവേകുന്നതും നിക്ഷേപം ഉയർത്തുന്നതുമായ പാക്കേജിന്റെ വിശദാംശങ്ങൾ ഇന്നുമുതൽ ധനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് മോദി പറഞ്ഞത്. നികുതി ഇളവ് സംബന്ധിച്ച പ്രഖ്യാപനവും ധനമന്ത്രി നടത്തിയേക്കും.