കാസർകോട് ജില്ലയിലെ പ്രധാന നഗരമായ കാഞ്ഞങ്ങാട് ടൗണിന് സമീപം ചരിത്ര സ്മാരകമായി ഹോസ്ദുർഗ് കോട്ട സ്ഥിതി ചെയ്യുന്നു.കർണാടക സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന കാസർകോട് ജില്ല കോട്ടകളുടെ നാടാണ്.ചരിത്ര കഥകളുടെ ശേഷിപ്പുകളായി ഇവിടെ ഇരുപത് കോട്ടകളുണ്ട് .കാസർകോടെന്ന് കേട്ടാൽ അറബിക്കടലിന്റെ തീരത്തെ ബേക്കൽ കോട്ടയാണ് ആദ്യം മനസിൽ ഓടിയെത്തുക.ബേക്കൽ കോട്ടയുടെ രൂപ ഭാവങ്ങളോടെ കാഞ്ഞങ്ങാട് നഗരത്തിനടുത്ത് തന്നെ കുന്നിൻ മുകളിലാണ് ഹോസ് ദുർഗ് കോട്ട സ്ഥിതി ചെയ്യുന്നത്.നഗരത്തിൽ നിന്ന് ഒരു ചെറു കയറ്റം കയറി ചെന്നാൽ ചെങ്കല്ല് കൊണ്ട് നിർമ്മിച്ച വൃത്താകൃതിയിലുള്ള കോട്ട കാണാം.
കോട്ടയുടെ പഴക്കവും സംരക്ഷണക്കുറവും പെട്ടെന്ന് മനസിലാകും.ഉദ്ദേശം ഇരുപത്തിയാറ് ഏക്കർ സ്ഥലത്താണ് കോട്ട. മനോഹരമായ ചുറ്റുമതിൽ കോട്ടയ്ക്ക് സൗന്ദര്യം പകരുന്നു.ചെങ്കല്ല് കൊണ്ട് നിർമ്മിച്ച കോട്ടയിലെ പ്രധാന ആകർഷണം വട്ടത്തൂൺ കൊത്തളങ്ങളാണ്.ഡച്ച് ഭരണകാലത്തെ നിർമ്മിതിയാണ് ഹോസ് ദുർഗ് കോട്ട.
കോട്ടയുടെ ഏറ്റവും മുകളിൽ ചെന്നാൽ കാഞ്ഞങ്ങാട് നഗരത്തിന്റെ വിശാലമായ ഭംഗി ആസ്വദിക്കാം.ഉദേശം അഞ്ച് കിലോമീറ്റർ അകലെയുള്ള അറബിക്കടലും കാണാൻ കഴിയും. കാഞ്ഞാങ്ങാട്ടെ പ്രധാന ആശ്രമമായ നിത്യാനന്ദാശ്രമത്തിന്റെ മനോഹരമായ ആകാശ കാഴ്ചയും ഇവിടെ നിന്നാൽ കാണാം.ഹോസ്ദുർഗ് കോട്ടയുടെ സമീപത്ത് തന്നെ സ്ഥിതി ചെയ്യുന്ന നിത്യാനന്ദാശ്രമത്തിന്റെ 45 ഗുഹകളും ശ്രദ്ധേയമാണ്.കാഞ്ഞങ്ങാട് നഗരത്തിനടുത്താണ് ഹോസ്ദുർഗ് കോട്ടയുംനിത്യാനന്ദാശ്രമവുംകോട്ടച്ചേരിയും ഹോസ്ദുർഗ് കടപ്പുറവുമെല്ലാം.
അധിക ദൂരം സഞ്ചരിക്കാതെ ഇവിടെയെല്ലാം എത്താം. ഇവിടെ നിന്ന് ഏകദേശം 14 കിലോ മീറ്റർ സഞ്ചരിച്ചാൽ ബേക്കൽ കോട്ടയിലെത്താം.