വയനാട് കമ്മനയിലെ ചെറുവയൽ രാമന്റെ വീടിന് എന്നും പൊന്നഴകാണ്. ഓരോ മഴക്കാലത്തിന് മുൻപും പുത്തൻ വൈക്കോലുകൾ മേഞ്ഞ് രാമൻ തന്റെ വീടിന്റെ മാറ്റൊന്ന് കൂടി കൂട്ടാറുണ്ട്. കൊവിഡ് കാലമായതിനാൽ ഇത്തവണത്തെ പുര മേച്ചിലിന് സമയവും സാവകാശവും കൂടുതലുണ്ട്. വയനാട്ടിലാദ്യമെത്തിയ ജനസഞ്ചയമായി കരുതുന്ന കുറിച്യ സമുദായത്തിൽ പിറന്ന ഇദ്ദേഹത്തിന്റെ വീടിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കാലമേറെ മാറിയിട്ടും പഴയത് പോലെ നെല്ല് കൊയ്ത് കിട്ടുന്ന വൈക്കോലുപയോഗിച്ച് തന്നെയാണ് പുര മേയുന്നത്. വയനാടിന്റെ തനതായ അമ്പതിൽപ്പരം നെല്ലിനങ്ങൾ സംരക്ഷിച്ച് വരുന്ന രാമന്റെ കൃഷി പൂർണ്ണമായും ജൈവ രീതിയിലുള്ളതാണ്. അത് ആരോഗ്യമുള്ള വൈക്കോലുകളെ സൃഷ്ടിക്കുക മാത്രമല്ല, കൊവിഡിനെപ്പോലും ചെറുക്കാൻ മനുഷ്യരെ സഹായിക്കുകയും ചെയ്യുമെന്ന് പറയുന്നു കലർപ്പില്ലാത്ത ഈ മനുഷ്യൻ.