കൊച്ചി: സ്ഥിരനിക്ഷേപങ്ങളുടെ (എഫ്.ഡി) പലിശ, ലാഭവിഹിതം, മ്യൂച്വൽഫണ്ടുകളിൽ നിന്നുള്ള റിട്ടേൺ തുടങ്ങിയ ശമ്പളേതര വരുമാനങ്ങളുടെ സ്രോതസിൽ നിന്ന് ഇടാക്കുന്ന നികുതികളായ ടി.ഡി.എസ്, ടി.സി.എസ് എന്നിവ ഇന്നുമുതൽ 2021 മാർച്ച് വരെയുള്ള കാലയളവിൽ 25 ശതമാനം കുറച്ചുവെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളുടെ കൈവശം കൂടുതൽ പണമെത്താൻ സഹായിക്കുമെങ്കിലും നികുതി ബാദ്ധ്യത കുറയ്ക്കില്ല.
ഉദാഹരണത്തിന്, ലാഭവിഹിത വരുമാനത്തിന് സ്രോതസിൽ നിന്ന് പിടിക്കുന്നത് 10 ശതമാനം നികുതിയാണെന്നിരിക്കട്ടെ, ഇന്നുമുതൽ ബാദ്ധ്യത 7.5 ശതമാനമാണ്. എന്നാൽ, ആദായ നികുതി കണക്കാക്കുമ്പോൾ ആ വ്യക്തി, മൊത്തം വരുമാനത്തിനും ബന്ധപ്പെട്ട നികുതി സ്ളാബിനും അനുസൃതമായി നികുതി അടയ്ക്കണം. ഫലത്തിൽ, ടി.ഡി.എസ് കുറഞ്ഞതുവഴി കൈയിൽ അധികമായി പണം എത്തുമെന്നേയുള്ളൂ. പിന്നീട് ആദായ നികുതി കണക്കാക്കുമ്പോൾ മൊത്തം വരുമാനത്തിന് അനുസൃത നികുതി അടയ്ക്കുകയും വേണം.
ഒരു കണക്ക് നോക്കാം:
1. ഒരാൾക്ക് എഫ്.ഡിയുടെ പലിശയായി ബാങ്ക് 50,000 രൂപ നൽകുന്നു എന്നിരിക്കട്ടെ. നിലവിൽ ഇതിന്റെ ടി.ഡി.എസ് 10%. അതായത് 5,000 രൂപ. ഇന്ന് പ്രാബല്യത്തിൽ വരുന്ന പുതുക്കിയ നിരക്ക് പ്രകാരം ടി.ഡി.എസ് 7.50 ശതമാനം, അതായത് 3,750 രൂപ.
2. ടി.ഡി.എസ് കുറഞ്ഞപ്പോൾ ഉപഭോക്താവിന്റെ കൈവശം കൂടുതൽ പണമെത്തി. ടി.ഡി.എസ് പിരിവ് കഴിഞ്ഞുള്ള ബാക്കി തുക 46,350 രൂപയാണ്. ഇവിടെ ശ്രദ്ധിക്കേണ്ടത് പലിശ വരുമാനത്തിന്മേലുള്ള നികുതി ബാദ്ധ്യത മാറുന്നില്ല എന്നതാണ്.
3. ഈ വ്യക്തി ആദായ നികുതിയുടെ 30 ശതമാനം സ്ളാബിലുള്ള ആൾ ആണെന്നിരിക്കട്ടെ. നേരത്തേ ടി.ഡി.എസ് 10 ശതമാനമായിരുന്നത്, കിഴിച്ചാൽ, പിന്നീട് മൊത്തം വരുമാനത്തിന്റെ ആദായ നികുതി കണക്കാക്കുമ്പോൾ ബാക്കി 20 ശതമാനം അദ്ദേഹം അടച്ചാൽ മതിയായിരുന്നു.
4. എന്നാൽ, പുതുക്കിയ ടി.ഡി.എസ് പ്രകാരം, അദ്ദേഹം മൊത്തം വരുമാനത്തിന്റെ 22.5 ശതമാനം നികുതി അടയ്ക്കേണ്ടി വരുന്നു. ഫലത്തിൽ, മൊത്തം വരുമാനത്തിന്റെ നികുതി ബാദ്ധ്യത 2.5 ശതമാനം വർദ്ധിച്ചു.
5. ഒരു വ്യക്തിയുടെ നികുതി ബാദ്ധ്യത, ഒരു സമ്പദ് വർഷം ടി.ഡി.എസ് ഇളവിന് ശേഷം 10,000 രൂപയ്ക്കുമേൽ ആണെങ്കിൽ അദ്ദേഹം മുൻകൂർ നികുതി അടയ്ക്കാൻ ബാദ്ധ്യസ്‌ഥനാണ്. ടി.ഡി.എസ് ബാദ്ധ്യത കുറയുമ്പോൾ, മൊത്തം ആദായ നികുതി ബാദ്ധ്യത ഉയരുകയും അത് 10,000 രൂപയ്ക്കുമേൽ ആകുകയും ചെയ്‌താൽ ആ വ്യക്തി മുൻകൂർ നികുതിയും അടയ്ക്കേണ്ടി വരും.
ടി.ഡി.എസ്/ടി.സി.എസ്
പിടിക്കുന്ന വരുമാനങ്ങൾ
(ബ്രായ്ക്കറ്രിൽ പുതുക്കിയ നികുതി)
1. വാടക (3.75%)
2. ബ്രോക്കറേജ് (3.75%)
3. പലിശ (7.5%)
4. ലാഭവിഹിതം (7.5%)
5. കാലാവധിക്ക് മുമ്പുള്ള ഇ.പി.എഫ് പിൻവലിക്കൽ (7.5%)
6. പ്രൊഫഷണൽ ഫീസ് (7.5%)
7. ലോട്ടറി സമ്മാനങ്ങൾ (22.5%)