തിരുവല്ല: പുളിക്കീഴിൽ വ്യാജപാസ് ഉപയോഗിച്ച് പാറപ്പൊടി കടത്തിയ ടോറസ് ലോറി പൊലീസ് പിടികൂടിയതിന് പിന്നാലെ ക്രഷർ യൂണിറ്റിന്റെ പ്രവർത്തനം ജിയോളജി വകുപ്പ് തടഞ്ഞു. വടശേരിക്കര കാവുങ്കൽ ഗ്രാനൈറ്റ്സിനെതിരെയാണ് നടപടി. ബുധനാഴ്ച വൈകിട്ട് പുളിക്കീഴ് സി.ഐ ടി.രാജപ്പന്റെ നേതൃത്വത്തിലാണ് ലോറി പിടിച്ചെടുത്തത്. പാസിലെ ക്യൂ.ആർ.കോഡ് അടിസ്ഥാനമാക്കി പൊലീസ് നടത്തിയ പരിശോധനയിൽ ചൊവ്വാഴ്ച അനുവദിച്ച പാസിലെ കോഡാണ് ബുധനാഴ്ച പിടികൂടിയ വാഹനത്തിനുള്ളതെന്ന് കണ്ടെത്തിയിരുന്നു ഇതേത്തുടർന്ന് ഇന്നലെ കാവുങ്കൽ ഗ്രാനൈറ്റ്‌സ് ഓഫീസിൽ പൊലീസ് നടത്തിയ പരിശോധനയിൽ വ്യാജ പാസ് നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടർ, ഹാർഡ് ഡിസ്‌ക് എന്നിവ പിടിച്ചെടുത്തു. ഇതിന് പിന്നാലെയാണ് ജില്ലാ ജിയോളജിസ്റ്റ് എസ്. ശ്രീജിത്ത് സ്ഥാപനത്തിന്റെ പ്രവർത്തനം തടഞ്ഞത്.