തിരുവനന്തപുരം: തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ വി.എസ്.ശിവകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഹോമിയോ@ഹോം പദ്ധതിയുടെ ഭാഗമായി കെ.എസ്.യു തിരുവനന്തപുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പതിനായിരം വീടുകളിൽ ഹോമിയോ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യും. പരിപാടിയുടെ ഉദ്ഘാടനം ഐരാണിമുട്ടം ഹോമിയോ കോളേജിൽ വി.എസ്. ശിവകുമാർ എം.എൽ.എ സൂപ്രണ്ട് സതീഷിൽ നിന്നും പ്രതിരോധ മരുന്നുകൾ കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് പ്രതുലിന് കൈമാറി നിർവഹിച്ചു. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഇമ്മ്യൂൺ ബൂസ്റ്ററാണ് ഹോമിയോ പ്രതിരോധ മരുന്നുകളെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സതീഷ് പറഞ്ഞു. ആർ.എം.ഒ. ഡോ. രജിത, കെ.എസ്.യു ജില്ലാ പ്രസിഡന്റ് സെയ്ദലി, ജില്ലാ സെക്രട്ടറിമാരായ ശ്രീജിത്, ദേവിക, നിയോജകമണ്ഡലം പ്രസിഡന്റ് പ്രതുൽ, സാജൻ, ഹുസൈൻ സേട്ട്, അനന്തപുരി മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.