trade-war

ന്യൂയോ‌ർക്ക്: പ്രമുഖ ചൈനീസ് ടെക്‌നോളജി കമ്പനിയായ ഹുവാവേയ്ക്കുമേൽ പുതിയ വിലക്ക് ഏർപ്പെടുത്തി അമേരിക്ക. സെമികണ്ടക്‌ടറുകൾ രൂപകല്‌പന ചെയ്യാനും നിർമ്മിക്കാനും അമേരിക്കൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ നിന്നാണ് ഹുവാവേയെ വിലക്കിയത്.

ആഗോളതലത്തിൽ ഉപയോഗിക്കുന്ന സെമികണ്ടക്ടറുകളിൽ മുന്തിയപങ്കും രൂപകല്‌പന ചെയ്യുന്നതും നിർമ്മിക്കപ്പെടുന്നതും അമേരിക്കയിലാണ്. അതിനാൽ, പുത്തൻ വിലക്ക് ഹുവാവേയുടെ നട്ടെല്ലൊടിക്കും. അമേരിക്കൻ ടെക്‌നോളജി ഉപയോഗിക്കുന്ന മറ്ര് വിദേശ കമ്പനികളുമായും ഹുവാവേയ്ക്ക് ഇനി സഹകരിക്കാനാവില്ല.

ഹുവാവേയ്ക്കായി അമേരിക്കൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിപ്പുകൾ നിർമ്മിക്കുന്ന തായ്‌വാൻ കമ്പനി ടി.എസ്.എം.സിയുമായും ഇനി കരാറിൽ ഏർപ്പെടാനാവില്ല. ഹുവാവേയ്ക്ക് എതിരായ വിലക്ക് ലംഘിച്ച്, സഹായിക്കാനും ടി.എസ്.എം.സിക്ക് കഴിയില്ല. കാരണം, അമേരിക്കയിൽ വൻ നിക്ഷേപ പദ്ധതികൾ ടി.എസ്.എം.സിക്കുണ്ട്.

അതേസമയം, നിലവിൽ നിർമ്മാണം നടക്കുന്ന ചിപ്പുകൾക്കും സെമികണ്ടക്‌ടറുകൾക്കും പുതിയ വിലക്കിന്റെ പശ്‌ചാത്തലത്തിൽ 120 ദിവസത്തെ ഗ്രേസ് പീരീഡ് (സാവകാശം) അനുവദിക്കുമെന്ന് അമേരിക്കൻ കൊമേഴ്‌സ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.

വിദേശ സെമികണ്ടക്‌ടർ നിർമ്മാണ കമ്പനികൾ ഇനിമുതൽ ഹുവാവേയുമായി സഹകരിക്കണമെങ്കിൽ അമേരിക്കൻ ഭരണകൂടത്തിൽ നിന്ന് ലൈസൻസ് നേടണമെന്ന് പുതിയ നിയമം അനുശാസിക്കുന്നുണ്ട്. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി, അമേരിക്കൻ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിൽ നിന്ന് ഹുവാവേയെ ഡൊണാൾഡ് ട്രംപ് ഭരണകൂടം കഴിഞ്ഞവർഷം വിലക്കിയിരുന്നു. എന്നാൽ, അമേരിക്കൻ ടെലികോം കമ്പനികൾക്ക് പ്രയോജനപ്പെടാനായി ചില ഉത്‌പന്നങ്ങൾക്ക് കൊമേഴ്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ ഇളവുകൾ ഹുവാവേയ്ക്ക് ലഭിച്ചിരുന്നു.

എന്നാൽ, ഇതുമുതലെടുത്ത്, ഹുവാവേ വിദേശത്ത് നേട്ടം കൊയ്യുന്ന പശ്‌ചാത്തലത്തിലാണ്, നേരത്തെയുള്ള വിലക്കിൽ ചില പോരായ്മകൾ ഉണ്ടെന്നും അതു തിരുത്തുകയാണെന്നും ചൂണ്ടിക്കാട്ടി പുതിയ വിലക്ക് ഏർപ്പെടുത്തിയതെന്ന് അമേരിക്കൻ കൊമേഴ്‌സ് സെക്രട്ടറി വിൽബർ റോസ് പറഞ്ഞു. അമേരിക്കൻ സാങ്കേതികവിദ്യ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഹുവാവേ ഉപയോഗിക്കുന്നുവെന്ന ആരോപണവും കൊമേഴ്‌സ് വകുപ്പ് ഉയർത്തിയിട്ടുണ്ട്.

'കരിമ്പട്ടിക" ഭീഷണിയുമായി ചൈന

ഹുവാവേയെ വിലക്കിയ നടപടി അടിച്ചമർത്തലാണെന്ന് വ്യക്തമാക്കിയ ചൈന, അമേരിക്കൻ കമ്പനികളെ 'കരിമ്പട്ടിക"യിൽ ഉൾപ്പെടുത്തുമെന്ന ഭീഷണി ഉയർത്തിയിട്ടുണ്ട്. ചൈനയിൽ മികച്ച വിപണിയും ഉയർന്ന വരുമാനവുമുള്ള ആപ്പിൾ, ബോയിംഗ്, ക്വാൽകോം, സിസ്‌കോ സിസ്‌റ്രംസ് എന്നിവയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് ചൈനീസ് പത്രമായ ഗ്ളോബൽ ടൈംസ് റിപ്പോർട്ട് ചെയ്‌തു. ബോയിംഗ് വിമാനങ്ങൾ വാങ്ങുന്നത് ചൈന നിറുത്തിയേക്കും.

ചൈനയിൽ ഒട്ടേറെ അമേരിക്കൻ കമ്പനികൾ വൻ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലെ തർക്കം വ്യാപാരപ്പോരിലേക്ക് കൂടി കടന്നതോടെ, ചൈനയിൽ നിന്ന് കൂടൊഴിയാൻ അമേരിക്കൻ കമ്പനികൾ ശ്രമിക്കുന്നുമുണ്ട്.

$4,370 കോടി

ചൈന കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയാൽ അമേരിക്കൻ കമ്പനികൾക്ക് അത് വലിയ തിരിച്ചടിയാകും. ഉദാഹരണത്തിന്, ആപ്പിളിന്റെ ഏറ്റവും വളർച്ചയുള്ള വിപണികളിലൊന്നാണ് ചൈന. ആപ്പിൾ 2019ൽ ചൈനയിൽ നിന്ന് നേടിയ വരുമാനം 4,370 കോടി ഡോളറാണ്. ഏകദേശം 3.32 ലക്ഷം കോടി രൂപ! 2010ൽ വരുമാനം വെറും 280 കോടി ഡോളറായിരുന്നു.ഏതാണ്ട് 21,000 കോടി രൂപ.