car-sales1

ഓ..ഏപ്രിൽ!

ഇന്ത്യൻ വാഹന വിപണിക്ക് ഒരിക്കലും മറക്കാനാവാത്ത മാസം, 2020 ഏപ്രിൽ! ഒരു താരതമ്യം പോലുമില്ല ചരിത്രത്തിൽ. നിർമ്മിച്ച വാഹനങ്ങൾ പൂജ്യം. വിറ്റഴിഞ്ഞ വാഹനങ്ങൾ വട്ടപ്പൂജ്യം! ഈ മേയ് മാസത്തിൽ, ലോക്ക്ഡൗണിലെ ഇളവുകളുമായി, വാഹനലോകം വീണ്ടും നേട്ടത്തിന്റെ ആ പഴയ ട്രാക്കിലേക്ക് പ്രതീക്ഷകളുടെ സ്‌റ്രിയറിംഗ് തിരിക്കുകയാണ്.

നിർമ്മാണശാലകൾ തുറന്നിരിക്കുന്നു. വില്പനശാലകളും തുറക്കുന്നു. പക്ഷേ, നാം ഇന്നുവരെ കണ്ടപോലെ അല്ല ഇനിയൊന്നും. പണ്ടത്തെ പോലെ, എന്നു പറഞ്ഞാൽ, വളരെ പണ്ടല്ല, വെറും മൂന്നുമാസം മുമ്പ്, കൊവിഡിന് മുമ്പ്, വണ്ടി വാങ്ങിയതുപോലെ ആവില്ല ഇനി. കൊവിഡ് നൽകിയ സുരക്ഷാപാഠം, പൂർണമായി പാലിച്ചാണ് ഇനി ഷോറൂമുകൾ ഉപഭോക്താൾക്കായി തുറക്കുക. സാമൂഹിക അകലം ഷോറൂമുകളിൽ കർശനമായിരിക്കും.

ഷോറൂമിൽ ഒരേസമയം, വിസ്തൃതി കണക്കിലെടുത്ത് ആനുപാതികമായി മാത്രമേ ഉപഭോക്താക്കളേ അനുവദിക്കൂ. വാഹനവുമായി ടെസ്‌റ്ര് ഡ്രൈവിന് പോകണമെങ്കിൽ മുൻകൂർ‌ അനുമതി നേടണം. വാഹനത്തിൽ രണ്ടാളുകൾ മാത്രം. ഉപഭോക്താവിന് പിന്നിലെ സീറ്രിലായിരിക്കും ഡീലർ സ്‌റ്രാഫ് ഇരിക്കുക. ലോക്ക്ഡൗണിൽ ഒട്ടുമിക്കയാളുകളും സ്വന്തം കാർ ഇങ്ങനെതന്നെയാകും ഓടിച്ചിട്ടുണ്ടാവുക; അതായിരുന്നല്ലോ നിബന്ധന.

ടെസ്‌റ്ര് ഡ്രൈവിന് മുമ്പ്, ഉപഭോക്താവിന് അസുഖലക്ഷണമുണ്ടോയെന്ന് തെർമൽ സ്‌ക്രീൻ ചെയ്യും. തുടർന്ന്, മാസ്‌കും സാനിട്ടൈസറും നൽകും. ഈ പറഞ്ഞതിനൊപ്പം, ടാറ്രാ മോട്ടോഴ്‌സ് കൂടുതൽ കർശനമായ രീതിയാണ് ടെസ്‌റ്ര ഡ്രൈവിംഗിന് നടപ്പാക്കുന്നത്. ഓരോ ടെസ്‌റ്ര് ഡ്രൈവിന് ശേഷവും വാഹനം പൂർണമായി സാനിട്ടൈസ് ചെയ്യും. പ്രൊട്ടക്‌ടീവ് കവർ ഷീൽഡ് ഉൾപ്പെടെ ഇന്റീരിയറിലും മാറ്റങ്ങൾ വരുത്തും.

ഫ്രഞ്ച് കമ്പനിയായ റെനോ, ഷോറൂമിന്റെ ഡോർ ഹാൻഡിൽ മുതൽ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. അകത്തേക്കുള്ള വാതിൽ, ഇടയ്ക്കിടെ സാനിട്ടൈസ് ചെയ്യും. കാർ സ്‌റ്രിയറിംഗ്, എ.സി. വെന്റ്, ഡാഷ് ബോർഡ്, ഗിയർ നോബ്, ഡോർ തുറക്കുന്ന ലിവർ, ഡോർ ഹാൻഡിൽ, മിററുകൾ, ഇൻഫോടെയ്ൻമെന്റ് സംവിധാനം, ഗ്ളൗ ബോക്‌സ്, സീറ്ര് ബെൽറ്ര് എന്നിവയെല്ലാം ഇത്തരത്തിൽ ശുചീകരിക്കും. ഇക്കാര്യങ്ങൾ മുറയ്ക്ക് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേകമായി ജീവനക്കാരെ റെനോ നിയോഗിച്ചിട്ടുമുണ്ട്.

വീട്ടിലിരുന്ന് കാണം,

സർവീസിംഗ്

ഷോറൂമുകളിൽ മാത്രമല്ല, സർവീസ് സെന്ററുകളിലും വാഹന നിർമ്മാതാക്കൾ സുരക്ഷ ഉറപ്പാക്കുന്നുണ്ട്. മഹീന്ദ്ര ഇതോടൊപ്പം നടപ്പാക്കുന്നത് വ്യത്യസ്‌തവും ഉപഭോക്തൃ സൗഹൃദവുമായ മറ്രൊരു ആശയമാണ്. കാർ സർവീസ് ചെയ്യപ്പെടുന്നത് ഉപഭോക്താവിന് ഓൺലൈനായി കാണാം.

കസ്റ്റമർലൈവ് എന്ന പ്രോഗ്രാമാണ് ഇതിനായി സജ്ജമാക്കിയിട്ടുള്ളത്. ഉപഭോക്താവ് ആവശ്യപ്പെട്ടാൽ, സ‌വീസ് അഡ്വൈസർമാർ വീഡിയോ ലൈവിൽ എത്തും. സർവീസിംഗ് സംബന്ധിച്ച കാര്യങ്ങൾ അവിടെ ചർച്ച ചെയ്യാം. ഇതിനായി ത്രീഡി ഇമേജ് സൗകര്യവും മഹീന്ദ്ര ഉപയോഗിക്കുന്നുണ്ട്.

പ്രിയപ്പെട്ട കാർ,

ഓൺലൈനിൽ വാങ്ങാം

മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റാ മോട്ടോഴ്‌സ്, ഹോണ്ട, ടൊയോട്ട, റെനോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ കമ്പനികൾ ഷോറൂമുകൾ തുറന്നു കഴിഞ്ഞു. ഏകദേശം 2,000ഓളം ഷോറൂമുകളാണ് തുറന്നത്. അതേസമയം, ഉപഭോക്താക്കൾ ഷോറൂമുകളിൽ എത്തുന്നത് കുറയ്ക്കാനും എത്തിയാൽത്തന്നെ പരമാവധി കുറച്ചുസമയം ചെലവിടാനുമായി 'ഓൺലൈൻ വില്പന" സൗകര്യങ്ങൾ വാഹന നിർമ്മാതാക്കൾ സജ്ജമാക്കി കഴിഞ്ഞു.

ഉപഭോക്താവിന് വീട്ടിലിരുന്ന് തന്നെ പ്രിയപ്പെട്ട കാർ ഓൺലൈനിൽ വാങ്ങാം. ബുക്ക് ചെയ്‌ത ഡീലർഷിപ്പിൽ നിന്ന് വീട്ടിലെത്തിക്കും. വാഹനം സംബന്ധിച്ച എല്ലാ വിവരങ്ങളും ത്രീഡി ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടെ വാഹന നിർമ്മാതാക്കൾ ഓൺലൈൻ പോർട്ടലിൽ നൽകും. സംശയങ്ങൾ തീർക്കാൻ വിദഗ്ദ്ധരുമായി വീഡിയോ ചാറ്റിംഗ് സൗകര്യവുണ്ടാകും. പണവും ഓൺലൈനിൽ അടയ്ക്കാം. പിന്നീട്, സർവീസ് കാര്യങ്ങളും ഓൺലൈനിൽ ബുക്ക് ചെയ്യാം. ഓൺലൈൻ ആയതിനാൽ, ഇതിനൊന്നും സമയപരിധി ഇല്ല എന്ന പ്രത്യേകതയുമുണ്ട്.

ആഡംബര ബ്രാൻഡായ മെഴ്‌സിഡെസ്-ബെൻസ് ആരംഭിച്ചത് 'മെർക് ഫ്രം ഹോം" എന്ന ഓൺലൈൻ പ്ളാറ്റ്‌ഫോമാണ്. 'കോൺടാക്‌റ്ര്‌ലെസ് എക്‌സ്‌പീരിയൻസ്" എന്നാണ് ബി.എം.ഡബ്ള്യു ഒരുക്കിയ ഡിജിറ്റൽ പ്ളാറ്ര്‌ഫോമിന്റെ പേര്. ഹോണ്ടയുടെ ഡിജിറ്റൽ സംരംഭമാണ് 'ഹോണ്ട ഫ്രം ഹോം". ഷോറൂമുകൾ ബന്ധിപ്പിച്ച് 'ക്ളിക്ക് ടു ബൈ" സംരംഭമാണ് ഹ്യുണ്ടായ് ഒരുക്കിയത്. 'ക്ളിക്ക് ടു ഡ്രൈവ്" ആണ് ടാറ്റാ മോട്ടോഴ്‌സിന്റെ ഓൺലൈൻ സെയിൽസ് പ്ളാറ്ര്‌ഫോം. ടൊയോട്ട, എം.ജി മോട്ടോഴ്സ്, ഫോക്‌സ്‌വാഗൻ തുടങ്ങിയവയ്ക്കും സമാന സംരംഭങ്ങളുണ്ട്.

ഓഫറുകളുടെ

പെരുമഴ

ലോക്ക്ഡൗണിൽ മങ്ങിപ്പോയ വിപണിയെ കരകയറ്രാൻ, ഓഫറുകളുടെ പെരുമഴ പെയിക്കുകയാണ് കാർ നിർമ്മാതാക്കൾ. ചില ഓഫറുകൾ ഇങ്ങനെ:

 വാഹനം വാങ്ങി, ഒരുവർഷത്തിന് ശേഷം ഇ.എം.ഐ അടച്ചുതുടങ്ങാം

 മൂന്നു മുതൽ എട്ടുവർഷം വരെ കൊണ്ട് ഇ.എം.ഐ അടച്ചുതീർക്കാവുന്ന ഫിനാൻസ് സ്‌കീമുകൾ

 കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇൻഷ്വറൻസ് കവറേജ്

 അഞ്ചുവർഷം വരെ എക്‌സ്‌റ്റൻഡഡ് വാറന്റി

 ബി.എസ്-6 ചട്ടം പാലിക്കുന്ന പുത്തൻ മോഡലുകൾക്ക് വിലക്കിഴിവുകൾ