ലോകം കൊവിഡ്-19 കാലത്തെ യാഥാർത്ഥ്യങ്ങളോട് സമരസപ്പെടാൻ മത്സരിക്കുന്ന ദിനങ്ങളാണ്. പല പുതിയ ശീലങ്ങളും കൊവിഡ് നമ്മെ പഠിപ്പിച്ചുവെന്ന്, കേരളരാഷ്ട്രീയത്തിലെ ഏറ്റവും പുതിയ വിവാദമായ കിഫ്ബിയിലെ കരാർനിയമനത്തെപ്പറ്റി പ്രതികരിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വാർത്താലേഖകരെ ഓർമ്മിപ്പിച്ചു. കിഫ്ബി കേരളത്തിന്റെ വികസനപന്ഥാവിലേക്കുള്ള യഥാർത്ഥ വഴികാട്ടിയായതിനാൽ വിവാദങ്ങൾക്ക് പിറകേ പോയി വീര്യം ചോർത്തരുതെന്നാണ് അദ്ദേഹം പറഞ്ഞുവച്ചത്.
പക്ഷേ വിവാദം വിവാദമായി തുടരുന്നു. കൊവിഡ് പ്രതിരോധത്തിലൂന്നി നാടും ജനതയും മുന്നോട്ട് നീങ്ങുമ്പോൾ കേരളരാഷ്ട്രീയവും അതിന്റെ വഴിയേ നീങ്ങിത്തുടങ്ങിയിരുന്നു. പക്ഷേ വളരെപ്പെട്ടെന്ന് കേരള രാഷ്ട്രീയം അതിന്റെ പതിവ് വഴി തിരിച്ചുപിടിച്ചു. അഥവാ, കൊവിഡ് കാലത്തെ ഭാഷയിൽ പറഞ്ഞാൽ 'ചങ്ങല പൊട്ടിച്ചു'. സാഹചര്യങ്ങളുടെ സമ്മർദ്ദം അതിന് പിന്നിലുണ്ട്. നാലഞ്ച് മാസങ്ങൾ പിന്നിടുമ്പോൾ കേരളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കണം. അതിനും ഒരഞ്ച് മാസം പിന്നിടുമ്പോഴേക്കും നിയമസഭാ തിരഞ്ഞെടുപ്പായി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്സൽ ആണ് തദ്ദേശതിരഞ്ഞെടുപ്പ് എന്നാണ് വയ്പ്. തദ്ദേശതിരഞ്ഞെടുപ്പിലെ മേൽക്കൈ നൽകുന്ന ആത്മവിശ്വാസത്തിലൂന്നി വേണം മുന്നണികൾക്ക് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ.
കൊവിഡ് പ്രതിരോധത്തിൽ കേരളത്തിലെ ഇടതുപക്ഷസർക്കാർ പുലർത്തിയ ജാഗ്രതയും കൈവരിച്ച നേട്ടവും ആഗോളതലത്തിൽ കേരളത്തിന്റെ ബ്രാൻഡ് കൂട്ടിയെന്നത് യാഥാർത്ഥ്യമാണ്. നേട്ടം കുറച്ചു കാണാനാവില്ലെങ്കിലും ലോകശ്രദ്ധ നേടിയെടുക്കുന്ന തരത്തിൽ മികവിനെ ഉയർത്തിക്കാട്ടാനായത് സമൂഹമാദ്ധ്യമങ്ങളെയടക്കം ഉപയോഗപ്പെടുത്തിയുള്ള പ്രചരണസംവിധാനങ്ങൾ കൊണ്ട് കൂടിയാണ്. കേരളമല്ലാതെ മറ്റ് ചില കൊച്ചുസംസ്ഥാനങ്ങൾക്കും കൊവിഡ് പ്രതിരോധത്തിൽ മികവ് നേടാനായിട്ടുണ്ട്. ഒഡിഷയും ഛത്തിസ്ഗഢും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഹിമാചൽപ്രദേശുമൊക്കെ. പക്ഷേ കേരളത്തിന്റെ നേട്ടം വലുതാകുന്നത്, തുടക്കത്തിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ രാജ്യത്ത് ഏറ്റവും മുന്നിൽ കേരളമായിരുന്നു എന്നതാണ്. ഹൈറിസ്ക് സംസ്ഥാനം അതിൽ നിന്ന് വളരെ വേഗം താഴോട്ടിറങ്ങിവന്നപ്പോൾ, മഹാരാഷ്ട്രയും മറ്റും ഇപ്പോഴും പകച്ചുനിൽക്കുന്നു. അതിനിടയാക്കിയത് കേരളസർക്കാരിന്റെ സൂക്ഷ്മതയോടെയുള്ള ഇടപെടലുകളും ജാഗ്രതയും ഒപ്പം നമ്മുടെ പൊതുജനാരോഗ്യസംവിധാനത്തിന്റെ മികവുമാണ്. ലോക്ക് ഡൗൺ കാലത്ത് മറ്റെങ്ങുമില്ലാത്ത കരുതൽ സമസ്തജനവിഭാഗങ്ങളെയും ചേർത്തുനിറുത്തുമെന്ന് പ്രഖ്യാപിക്കുക വഴി മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നുണ്ടായി.
ഡേറ്റാ ചോരണം
ഡേറ്റാ ചോരണം തൊട്ട് കിഫ്ബി നിയമനധൂർത്ത് വരെയാണ് കൊവിഡ്കാലത്ത് കേരളത്തിൽ പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്ന രാഷ്ട്രീയ വിവാദങ്ങൾ. ആഗോളതലത്തിൽ വരെ കേരളം പ്രശംസിക്കപ്പെട്ടുകൊണ്ടിരുന്ന സന്ദർഭത്തിൽ അമേരിക്കൻ കമ്പനിയായ സ്പ്രിൻക്ലറിന് കേരളത്തിലെ ആരോഗ്യ ഡേറ്റകൾ കൈമാറുന്നുവെന്ന ആരോപണമുയർത്തി രാഷ്ട്രീയചർച്ചയുടെ വഴി തിരിച്ചുവിട്ടത് പ്രതിപക്ഷമാണ്. കൊവിഡ് മഹാമാരിയെ ഫലപ്രദമായി ചെറുത്തുതോല്പിക്കുന്നതിന്റെ നേർചിത്രങ്ങൾ തുടക്കം മുതൽ ഓരോ ദിവസത്തെയും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലൂടെ പൊതുസമൂഹത്തിന് മുന്നിൽ അനാവൃതമായ നാളുകളായിരുന്നു അത്.
അതുവരെ കൊവിഡ് പ്രതിരോധത്തിന്റെ കേരളമാതൃക മാത്രം ചർച്ച ചെയ്തുവന്ന കേരളരാഷ്ട്രീയത്തിൽ ചർച്ചയുടെ ഗതി മാറിയൊഴുകിത്തുടങ്ങി. ഡേറ്റാചോരണവും വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ഇന്ത്യൻ ഇടതുപക്ഷം എന്നും എതിർത്തുപോന്ന കാര്യങ്ങൾ. ഇടതുപക്ഷസർക്കാർ തന്നെ സൗകര്യപൂർവം ആ എതിർപ്പ് വിഴുങ്ങിയെന്ന ചർച്ച ഇടതുരാഷ്ട്രീയകേന്ദ്രങ്ങളിലടക്കം വലിയ കോലാഹലമുണ്ടാക്കി. അസാധാരണ കാലത്തെ അസാധാരണനടപടിയെന്ന് സി.പി.എമ്മിന് ന്യായീകരിക്കേണ്ടി വന്നു. സ്പ്രിൻക്ലർ കരാർ ഇടപാടിലേക്കുള്ള വഴിയിൽ ഹൈക്കോടതി ഉന്നയിച്ച സംശയങ്ങൾ പ്രതിപക്ഷത്തിന് മൂർച്ചയേറിയ ആയുധങ്ങളായി. എന്നാൽ, തൽക്കാലം കരാറിനെ കോടതി തള്ളിപ്പറയാതിരുന്നത്, അസാധാരണകാലത്തെ അസാധാരണ നടപടിയെന്ന സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും ന്യായീകരണത്തിനുള്ള സാധൂകരണവുമായി. ഈ കൊവിഡ് കാലത്ത് നമ്മൾ സഞ്ചാരസ്വാതന്ത്ര്യം പോലും വിലക്കുന്നില്ലേയെന്നാണ് മുഖ്യമന്ത്രി വിവാദവേളകളിൽ ചോദിച്ചത്.
ഡേറ്റാ ചോരണം കേരളത്തിൽ സ്പ്രിൻക്ലറിനെ ചൊല്ലി ഉയർത്തിക്കൊണ്ടുവന്ന കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷവും ബി.ജെ.പിയും കേന്ദ്രസർക്കാരിന്റെ ആരോഗ്യസേതു ആപ്ലിക്കേഷനെ ചൊല്ലിയുയർന്ന സമാന ആരോപണത്തോട് പക്ഷേ മുഖം തിരിച്ചുനിന്നു. സ്വന്തം സർക്കാരിനെതിരെ ബി.ജെ.പിക്ക് അത് സാദ്ധ്യമാവില്ലായിരുന്നു. ആരോഗ്യസേതു ആപ്പിനെ ചൊല്ലിയുണ്ടായ സംശയം അഖിലേന്ത്യാതലത്തിൽ സി.പി.എമ്മിന്റെ രാഷ്ട്രീയനിലപാടിനുള്ള സാധൂകരണമാണെങ്കിലും കേരളത്തിലെ രാഷ്ട്രീയവിവാദത്തിന്റെ പശ്ചാത്തലത്തിൽ പരിമിതികളുടെ നിസ്സഹായതയിലേക്ക് അവർക്കും പിൻവലിയേണ്ടിവന്നു.
സാലറി കട്ട്
കൊവിഡ് കാലം ലോകത്തിനും രാജ്യത്തിനും സൃഷ്ടിച്ച സാമ്പത്തികാഘാതം ഇനിയും അറിയാനിരിക്കുന്നതേയുള്ളൂ. കൊച്ചു ഉപഭോക്തൃസംസ്ഥാനമായ കേരളവും ആ ആഘാതത്തിൽ നിന്ന് ഒട്ടും മുക്തരായിരിക്കില്ല. മദ്യത്തിൽ നിന്നുള്ള വരുമാനം പോലും നിലച്ചുപോയ സംസ്ഥാനത്തിന്, പ്രതിസന്ധിഘട്ടത്തിൽ താങ്ങാക്കാനാവുന്നത് ജീവനക്കാരുടെ ശമ്പളവിഹിതമായിരുന്നു. കോൺഗ്രസും ബി.ജെ.പിയും ഭരിക്കുന്ന പല സംസ്ഥാനങ്ങളും ജീവനക്കാരുടെ ശമ്പളത്തിൽ വിവാദമില്ലാതെ കൈവച്ചപ്പോൾ കേരളത്തിൽ അതും കൊണ്ടുപിടിച്ച വിവാദമായി.
കൊവിഡ് പ്രതിരോധത്തിൽ സർക്കാരും മുഖ്യമന്ത്രിയും കാട്ടിയ ജാഗ്രത ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കാൻ തുടക്കത്തിലെടുത്ത തീരുമാനത്തിൽ ധനകാര്യവകുപ്പിനില്ലാതെ പോയത് വിവാദത്തിന് ഇന്ധനമായിട്ടുണ്ട്. ആദ്യ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തപ്പോൾ ദുരന്തനിവാരണ നിയമത്തിന്റെ പിൻബലത്തോടെ പ്രത്യേക ഓർഡിനൻസ് ഇറക്കിയാണ് സർക്കാർ അതിനെ മറികടന്നത്. അവധാനതയോടെ ഉത്തരവിറക്കാനുള്ള ജാഗ്രത പോലും ധനവകുപ്പിനില്ലാതെ പോയത് കൊവിഡ് പ്രതിരോധ നേട്ടത്തിനിടയിലെ കല്ലുകടിയാണ്. കേരളം കടുത്ത ധനപ്രതിസന്ധിയെ നേരിടുമ്പോഴാണ് കൂനിന്മേൽ കുരു പോലെ കൊവിഡ് മഹാമാരി വന്നുപതിച്ചത്. മാർച്ച് അവസാനത്തോടെ ലോക്ക് ഡൗണിലേക്ക് രാജ്യവും കേരളവും നീങ്ങിയപ്പോഴുണ്ടായതല്ല പ്രതിസന്ധി. പ്രതിപക്ഷം ധവളപത്രമിറക്കിയാണ് സർക്കാരിനെ ആക്രമിച്ചത്. സ്ഥിതിയിതായിരിക്കെ, കൊവിഡ് കാലത്ത് നേർത്ത ജാഗ്രതക്കുറവ് പോലും ഒഴിവാക്കപ്പെടേണ്ടതായിരുന്നു.
പ്രവാസികളുടെ
മടക്കവും
കോൺഗ്രസ്
വാഗ്ദാനവും
അന്യസംസ്ഥാനങ്ങളിലേക്ക് മടങ്ങുന്ന തൊഴിലാളികളുടെ യാത്രാക്കൂലി ആര് വഹിക്കുമെന്ന ചോദ്യമാണിപ്പോൾ രാജ്യമാകെ ചർച്ചാവിഷയം. കൊവിഡ് പ്രതിരോധവും അതിജീവനവുമാണ് പുതിയ കാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ദിശാസൂചിക എന്ന തിരിച്ചറിവ് ഈ ചർച്ചയ്ക്ക് വീര്യമേറ്റുന്നു.
അന്യസംസ്ഥാന തൊഴിലാളികളുടെ ട്രെയിൻ യാത്രാക്കൂലി സർക്കാർസംവിധാനത്തിന് ഏറ്റെടുക്കുക എളുപ്പമാവില്ലെന്നത് യാഥാർത്ഥ്യമാണ്. കേന്ദ്രസർക്കാരോ സംസ്ഥാനസർക്കാരുകളോ അതിന് മുൻകൈയെടുക്കാതിരുന്നപ്പോൾ സംസ്ഥാനങ്ങളിലെ പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾ ആ ചെലവ് വഹിക്കുമെന്ന കോൺഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധിയുടെ ആഹ്വാനം ഇരുതലമൂർച്ചയുള്ളതാകുന്നത്, അതിലുറങ്ങിക്കിടക്കുന്ന രാഷ്ട്രീയാവസരങ്ങൾ കൊണ്ടുകൂടിയാണ്. കോൺഗ്രസ് പ്രഖ്യാപനത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം പരിഹസിച്ച് തള്ളിയതും അതുകൊണ്ടായിരിക്കണം.
കേരളത്തിലേക്കും അന്യസംസ്ഥാനങ്ങളിൽ നിന്ന് ധാരാളം പേർ വരാൻ കാത്തുകിടക്കുന്നു. കേരളത്തിൽ നിന്ന് നിരവധി അന്യസംസ്ഥാനത്തൊഴിലാളികൾ നാടുകളിലേക്ക് മടങ്ങി. വരാനിരിക്കുന്നത് ഏറ്റവും വീര്യമേറിയ തിരഞ്ഞെടുപ്പാണ് കേരളത്തിലെ രാഷ്ട്രീയമുന്നണികൾക്ക്. കോൺഗ്രസിന്റെ ഈ സംഭാവനയ്ക്ക് അതിനാൽ വലിയ വിലയുണ്ട്.