aluminium

വി. ഹരീഷ്

(കമ്മോഡിറ്റി റിസർച്ച് വിഭാഗം മേധാവി, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്)

കൊവിഡ് ആഗോള സാമ്പത്തിക പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും വ്യാവസായിക ലോഹങ്ങളുടെ ആവശ്യം കുറയ്ക്കുകയും ചെയ്തു. ഇരുമ്പൊഴികെയുള്ള ലോഹങ്ങളുടെ ഇപ്പോഴത്തെ വില നിരവധി വർഷങ്ങളിലെ ഏറ്റവും കുറവാണ്.
ഭാരം കുറഞ്ഞ ലോഹമായ അലുമിനിയത്തിന് പ്രധാന വിപണിയായ ലണ്ടൻ മെറ്റൽ എക്‌സ്‌ചേഞ്ചിൽ കഴിഞ്ഞ നാലുവർഷത്തെ ഏറ്റവും കുറഞ്ഞ വിലയായി. ചൈനയും അമേരിക്കയും വില നിർണയവും വ്യാപാര ഉപരോധവും മറ്റും തുടങ്ങിയ 2018ന്റെ പകുതിയിൽ തന്നെ അലുമിനിയം വില സമ്മർദ്ദത്തിലായിരുന്നു. കൊറോണ പ്രതിസന്ധിമൂലം ആവശ്യത്തിൽ കുത്തനെയുണ്ടായ കുറവും വിതരണത്തിലെ ബാഹുല്യവും കാര്യങ്ങൾ വഷളാക്കി.
വൈറസ് വ്യാപനം തടയാൻ പല രാജ്യങ്ങളും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ അലുമിനിയത്തിന്റെ ആവശ്യം കുറഞ്ഞു. വാഹന നിർമ്മാണമേഖല സ്‌തംഭിച്ചതും പ്രതികൂലമായി ബാധിച്ചു. ആവശ്യം കുത്തനെ കുറഞ്ഞിട്ടും സംസ്‌കരണ ശാലകൾ അസംസ്‌കൃത വസ്തുക്കളുടെ വിലകൾ കുറഞ്ഞതുമൂലം ഉത്പാദനം കുറച്ചില്ല. ഉത്പാദനച്ചിലവിന്റെ 40 ശതമാനം വരുന്ന വൈദ്യുതിച്ചെലവ് എണ്ണവില കുറഞ്ഞതിനെത്തുടർന്ന് കുറഞ്ഞു കിട്ടുകയും ചെയ്തു.

ഡിമാൻഡ് ഇല്ലെങ്കിലും വിപണിയിൽ അലുമിനിയത്തിന്റെ ബാഹുല്യമുണ്ട്. ലണ്ടൻ, ഷാംഗ്ഹായ് വിപണികളുടെ സംഭരണ ശാലകളിലാണ് ഈ സ്റ്റോക്കുകളുള്ളത്. ലോകത്തെ ഏറ്റവും വലിയ അലുമിനിയം ഉത്‌പാദകരും ഉപഭോക്താവും ചൈനയാണ്. 55 ശതമാനമാണ് ചൈനയുടെ ഉത്‌പാദന വിഹിതം. ചൈനയിൽ വില മറ്റു വിപണികളേക്കാൾ കൂടുതലാണ്. വിലക്കുറവിനെ തുടർന്ന്, വ്യാപകമായ ശേഖരണം ഉണ്ടായതോടെയാണ് ചൈനയിൽ വില കയറിയത്. സർക്കാർ സബ്‌സിഡിയോടെയുള്ള സംഭരണവും വിലയെ താങ്ങിനിറുത്തി.

ദുർബലമായ ആഗോള സാമ്പത്തിക സ്ഥിതി, വൈകാതെ ചൈനീസ് വിലയെയും താഴ്‌ത്തിയേക്കും. ആവശ്യം വീണ്ടും കുറയുകയാണെങ്കിൽ ഉത്പാദനവും കുറയ്ക്കാൻ അലുമിനിയം ഫാക്‌ടറികൾ നിർബന്ധിതരാകും.