tcs

 ഉന്നത ഉദ്യോഗസ്ഥരുടെ വേതനം വെട്ടിക്കുറച്ച് ടി.സി.എസ്

ബംഗളൂരു: രാജ്യത്തെ ഏറ്രവും വലിയ സോഫ്‌റ്ര്‌വെയർ കമ്പനിയായ ടി.സി.എസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും (സി.ഇ.ഒ) മാനേജിംഗ് ഡയറക്‌ടറുമായ രാജേഷ് ഗോപിനാഥന്റേതടക്കം വാർഷിക ശമ്പളം വെട്ടിക്കുറച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2019-20) അവസാനപാദമായ ജനുവരി-മാർച്ചിൽ കൊവിഡ് പശ്ചാത്തലത്തിൽ പ്രതീക്ഷിച്ച ലാഭം നേടാൻ കമ്പനിക്ക് സാധിക്കാതിരുന്ന സാഹചര്യത്തിലാണിത്.

രാജേഷ് ഗോപിനാഥന്റെ വേതനം 16.5 ശതമാനം കുറഞ്ഞ്, 13.3 കോടി രൂപയായി. 2018-19ൽ അദ്ദേഹം വാങ്ങിയത് 16.04 കോടി രൂപയാണ്. അദ്ദേഹത്തിന്റെ വാർഷിക വേതനത്തിൽ 1.35 കോടി രൂപയാണ് അടിസ്ഥാന ശമ്പളം. 1.29 കോടി രൂപ ഇക്വിറ്റികൾ ഉൾപ്പെടെയുള്ള റിവാർഡുകളാണ്. 10 കോടി രൂപ കമ്മിഷനും 72 ലക്ഷം രൂപ മറ്റ് അലവൻസുകളും. ചീഫ് ഓപ്പറേറ്രിംഗ് ഓഫീസ‌ർ (സി.ഒ.ഒ) എൻ. ഗണപതി സുബ്രഹ്‌മണ്യം, ചീഫ് ഫിനാൻഷ്യൽ ഓഫീസ‌ർ (സി.എഫ്.ഒ) വി. രാമകൃഷ്‌ണൻ എന്നിവരുടെ വേതനവും കുറഞ്ഞു.

ഗണപതി സുബ്രഹ്മണ്യത്തിന്റെ വേതനം 11.6 കോടി രൂപയിൽ നിന്ന് 12.9 ശതമാനം കുറഞ്ഞ് 10.1 കോടി രൂപയായി. 4.13 കോടി രൂപയിൽ നിന്ന് 3.98 കോടി രൂപയിലേക്കാണ് വി. രാമകൃഷ്‌ണന്റെ വേതനം കുറഞ്ഞത്. ഇടിവ് 3.63 ശതമാനം. ഡയറക്‌ടർമാരുടെ വേതനവും കുറിച്ചിട്ടുണ്ട്.

2-6%

ഇന്ത്യയിലെ നോൺ-മാനേജീരിയൽ ജീവനക്കാരുടെ വേതനം ടി.സി.എസ് ആറു ശതമാനം വർദ്ധിപ്പിച്ചു. വിദേശത്തെ ജീവനക്കാരുടെ വേതനത്തിൽ വർദ്ധന രണ്ടു മുതൽ ആറു ശതമാനം വരെയാണ്.

₹8,093

ഇക്കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിൽ 8,093 കോടി രൂപയുടെ ലാഭമാണ് ടി.സി.എസ് നേടിയത്. ഒക്‌ടോബർ-ഡിസംബർ പാദത്തിലെ 8,118 കോടി രൂപയേക്കാൾ 0.8 ശതമാനം കുറവ്.