മുംബയ്: അവകാശ ഓഹരി വില്പനയിലൂടെ (റൈറ്ര്‌സ് ഇഷ്യൂ) സമാഹരിക്കുന്ന തുകയുടെ നാലിൽ മൂന്ന് തുകയും റിലയൻസ് ഇൻഡസ്‌ട്രീസ് ഉപയോഗിക്കുക കടബാദ്ധ്യത കുറയ്ക്കാൻ. 15 ഓഹരികൾക്ക് ഒരു അവകാശ ഓഹരിവീതമാണ് നൽകുന്നത്. ഇഷ്യൂവിന് ഇന്നലെ തുടക്കമായി. ജൂൺ മൂന്നിന് സമാപിക്കും. ഇഷ്യൂവിന്റെ റെക്കാഡ് തീയതി മേയ് 14 ആയിരുന്നു.
മൊത്തം 53,125 കോടി രൂപയാണ് അവകാശ ഓഹരി വില്‌പനയിലൂടെ റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ലക്ഷ്യം. ഇതിൽ 39,755 കോടി രൂപ കടബാദ്ധ്യത കുറയ്ക്കാനും ബാക്കി കോർപ്പറേറ്ര് വികസന പദ്ധതികൾക്കായും ഉപയോഗിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഓഹരി ഉടമകൾക്ക് ഇപ്പോൾ 25 ശതമാനം തുക നൽകി അവകാശ ഓഹരി സ്വന്തമാക്കാമെന്നതാണ് പ്രത്യേകത. ബാക്കി തുക അടുത്തവർഷം മേയിലും നവംബറിലുമായി രണ്ട് തവണകളിലൂടെ അടയ്ക്കാം.
ഓഹരിയൊന്ന് 1,257 രൂപ നിരക്കിലാണ് അവകാശ ഓഹരി വില്പന. ഇതിന്റെ 25 ശതമാനമാണ് (314.25 രൂപ) ഇപ്പോൾ നൽകേണ്ടത്. 25 ശതമാനം അടുത്ത മേയിലും 50 ശതമാനം (628.50 ശതമാനം) നവംബറിലും അടയ്ക്കണം. അതേസമയം, റിലയൻസ് ഇൻഡസ്‌ട്രീസ് ഓഹരികൾ ഇന്നലെ 1.88 ശതമാനം മുന്നേറി 1,434 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് വിൽക്കുന്നതെങ്കിലും, അവകാശ ഓഹരി വില്പനയ്ക്ക് മികച്ച പ്രതികരണമാണ് റിലയൻസ് പ്രതീക്ഷിക്കുന്നത്.