രണ്ട് മാസം നീണ്ട ഹിമാലയൻ യാത്ര ലെനയുടെ ജീവിതത്തിൽ ഏറെ മാറ്റങ്ങളുണ്ടാക്കി.ഇതുവരെ ആരോടും പറയാത്ത
ആ മാറ്റങ്ങളെക്കുറിച്ച് ലെന........
ലെന ബോൾഡ് ആണെന്നാണല്ലോ പലരും പറയുന്നത് ?
കരുത്താർന്ന കുറേ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ളതുകൊണ്ടാവാമത്.സ്പിരിറ്റിലെ പൊലീസ് ഒാഫീസർ ചെയ്തതിന് ശേഷമാണ് പലരും എന്നെ ബോൾഡെന്ന് വിശേഷിപ്പിക്കാൻ തുടങ്ങിയത്. ഒറ്റയ്ക്ക് ജീവിക്കുന്ന, ഒറ്റയ്ക്ക് ഒരുപാട് യാത്ര ചെയ്യുന്ന ആളെന്ന നിലയ്ക്കും എന്നെക്കുറിച്ച് ബോൾഡെന്ന് പറയാറുണ്ട്. പക്ഷേ ഞാൻ ബോൾഡാണോയെന്ന് ചോദിച്ചാൽ എനിക്കറിയില്ല. വളരെ സാധാരണ ജീവിതം നയിക്കുന്ന ഒരാളാണ് ഞാൻ.
ലെനയുടെ ആദ്യ സിനിമകൾ കണ്ടാൽ അഭിനയം ഗൗരവമായെടുത്ത ആളായിരുന്നില്ലെന്ന് തോന്നും?
ശരിയാണ്. ഒട്ടും പരിശ്രമിക്കാതെ സിനിമയിലെത്തിയ ആളാണ് ഞാൻ. തൃശൂർ ഹരിശ്രീ വിദ്യാനികേതനിൽ പതിനൊന്നാം ക്ളാസിൽ പഠിക്കുമ്പോഴാണ് ജയരാജ് സാറിന്റെ സ്നേഹത്തിൽ അഭിനയിക്കുന്നത്. ജയറാമേട്ടന്റെ അനിയത്തിയായിട്ട്.പിന്നീട് എം.ടി. വാസുദേവൻ നായർ സാറിന്റെ ഒരു ചെറുപുഞ്ചിരി, ജയരാജ് സാറിന്റെ തന്നെ ശാന്തം, ലാൽ ജോസ് സാറിന്റെ രണ്ടാംഭാവം, സത്യൻ അന്തിക്കാട് സാറിന്റെ കൊച്ചുകൊച്ചു സന്തോഷങ്ങൾ. ഏറ്റവും നല്ല സംവിധായകരുടെ സിനിമകളിൽ അഭിനയിക്കുമ്പോഴും എനിക്ക് അതിന്റെ വില ഒട്ടുമറിയില്ലായിരുന്നു. ഞാനൊരു നല്ല സ്റ്റുഡന്റായിരുന്നത് കൊണ്ട് ശ്രദ്ധമുഴുവൻ പഠനത്തിലായിരുന്നു. അഭിനയം എനിക്കൊരു സൈഡ് ബിസിനസ് പോലെയും.ബി.എസ്സി സൈക്കോളജിയിൽ എനിക്ക് റാങ്കുണ്ടായിരുന്നു.രണ്ടാംഭാവം കഴിഞ്ഞപ്പോൾ സിനിമയിൽ ആത്മാർത്ഥത കാണിക്കാൻ കഴിയുന്നില്ലെന്ന് ബോദ്ധ്യമായി. അങ്ങനെ ഞാൻ സിനിമ വിട്ടു.
മുംബയിൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സിനിമ വിട്ടത് തെറ്റായി പോയെന്ന് മനസിലാകുന്നത്. ഞാൻ ശരിക്കും ഒരു ആർട്ടിസ്റ്റാണ്, സെൻസിറ്റീവാണ്. സൈക്കോളജി സത്യത്തിൽ എന്നെപ്പോലൊരാൾക്ക് പറ്റിയതല്ലെന്നൊക്കെ തോന്നുന്നത് ആ സമയത്താണ്.
സൈക്കോളജി പഠിച്ചത് ഒരാർട്ടിസ്റ്റ് എന്ന നിലയ്ക്ക് ഗുണമായോ?
ആർട്ടിസ്റ്റ് എന്ന നിലയ്ക്ക് മാത്രമല്ല ഒരു വ്യക്തി എന്ന നിലയ്ക്കും സൈക്കോളജി പഠിച്ചത് ഗുണമായിട്ടേ തോന്നിയിട്ടുള്ളൂ.കോളേജിൽ പഠിക്കാവുന്ന ഏറ്റവും നല്ല വിഷയമാണ് സൈക്കോളജി .
സിനിമയിലേക്ക് തിരിച്ചു വന്നത്?
സിനിമ ഒരു വലിയ സംഭവമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ സിനിമയിലേക്ക് തിരിച്ചുവരാനുള്ള ശ്രമം തുടങ്ങി. സീരിയലുകൾ വഴിയാണ് സിനിമയിലേക്ക് തിരിച്ചുവന്നത്.ഒാമനത്തിങ്കൾപ്പക്ഷി എന്ന സീരിയൽ ഭയങ്കര ഹിറ്റായി.
ബിഗ് ബിയിലൂടെയായിരുന്നു രണ്ടാം വരവ്. ഒാമനത്തിങ്കൾപ്പക്ഷിയിലെ കാരക്ടർ കണ്ടിട്ടാണ് ബിഗ് ബിയിലേക്ക് വിളിക്കുന്നത്. ആ സിനിമ ശരിക്കും എന്റെ ജീവിതം മാറ്റിമറിച്ചു. അഭിനയത്തോടുള്ള പ്രേമം തുടങ്ങിയത് അവിടെ നിന്നാണെന്ന് പറയാം. മലയാള സിനിമയിലെത്തിയിട്ട് ഇപ്പോൾ 22വർഷമായി .തുടക്കകാലത്ത് അഭിനയമെന്താണെന്ന് അറിയില്ലായിരുന്നു. ഞാൻ ബിഹേവ് ചെയ്യുക മാത്രമായിരുന്നു.പക്ഷേ ആ സമയത്ത് സിനിമ അത്രയും വളർന്നിട്ടുണ്ടായിരുന്നില്ല. നന്നായി അഭിനയിക്കണമെന്നാണ് അന്ന് നമ്മളോട് പറഞ്ഞിരുന്നത്. ഇപ്പോൾ ബിഹേവ് ചെയ്താൽ മതിയെന്ന അവസ്ഥ വന്നപ്പോൾ ഒരാക്ടർ എന്ന നിലയ്ക്ക് ഞാൻ എന്നെത്തന്നെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.
ലെനയിൽ എവിടെയോ ഒരു 'മാൻലി നെസ് " ആരോപിക്കുന്നവരുണ്ട്?
അത് ഞാൻ ഇൻഡിപ്പെൻഡന്റായി ജീവിക്കുന്നത് കൊണ്ടോ അപ്പിയറൻസ് കൊണ്ടോ ആയിരിക്കും. മുടി വെട്ടിയതുകൊണ്ട് ചിലർക്കങ്ങനെ തോന്നിയിരിക്കാം. ഒരുപക്ഷേ ആത്മരക്ഷയ്ക്കായി ഞാൻ ബോധപൂർവം സൃഷ്ടിക്കുന്ന ഒരു ഇമേജും ആയിരിക്കും അത്. അവരോട് മുട്ടണ്ടായെന്ന് ആളുകൾക്ക് തോന്നിക്കോട്ടെ. പക്ഷേ സത്യത്തിൽ എനിക്ക് അങ്ങനെ ഒരു നിലപാടില്ല. എന്നിലുള്ള ആത്മവിശ്വാസം അത്രയും വളർന്നത് കൊണ്ടായിരിക്കാം.
സിനിമയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന ആരോപണത്തെക്കുറിച്ച്?
എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. ഒാരോരുത്തരുടെ വ്യക്തിപരമായ അനുഭവങ്ങളെ ആശ്രയിച്ചിരിക്കും. എന്നോട് എല്ലാവരും ഒരു കുടുംബാംഗത്തോടെന്നപോലെയാണ് പെരുമാറുന്നത്. എല്ലാവരും എന്റെ സുഹൃത്തുക്കളാണ്.
പലരും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഞാൻ അവരെയും. അത് ചിലപ്പോൾ ഡയറ്റിന്റെ കാര്യമായിരിക്കാം, സൈക്കളോജിക്കൽ കാര്യങ്ങളായിരിക്കാം.
ജനിച്ച് വളർന്നത് തൃശൂരിലാണ്. എന്നിട്ടും എന്തുകൊണ്ടാണ് ബംഗളൂരുവിലേക്ക് ഷിഫ്ട് ചെയ്തത്?
ഞാൻ കല്യാണം കഴിച്ച് ബംഗളൂരുവിലേക്ക് ഷിഫ്ട് ചെയ്തതാണ്. പിന്നെ അവിടെത്തന്നെ സെറ്റിൽ ചെയ്തു.
വിവാഹമോചനം നേടിയിട്ടും ബംഗളൂരുവിൽത്തന്നെ തുടർന്നു?
അതെ. ബംഗളൂരു എനിക്ക് വളരെ ഇഷ്ടപ്പെട്ട നഗരമാണ്. പ്രത്യേകിച്ച് അവിടത്തെ കാലാവസ്ഥ. എനിക്ക്തോന്നുന്നത് ഇന്ത്യയിലെ ഏറ്റവും നല്ല കാലാവസ്ഥ ബംഗളൂരുവിലാണെന്നാണ്.
ഇനി ഒരുവിവാഹം ഉണ്ടാകുമോ?
എനിക്ക് തോന്നുന്നില്ല.
ആ തോന്നൽ മറികടന്നതെങ്ങനെയാണ്?
അങ്ങനെ തോന്നിത്തുടങ്ങിയപ്പോഴാണ് ഞാൻ മൊട്ടയടിച്ച് ഒരു നീണ്ട യാത്ര പുറപ്പെട്ടത്. രണ്ടുമാസം ഹിമാലയത്തിലായിരുന്നു. പുനർജന്മം പോലെയായിരുന്നു അത്. .പ്ളാൻ ചെയ്ത യാത്രയായിരുന്നില്ല . രണ്ടു മാസത്തോളമുള്ള ആ യാത്രയിൽ നേപ്പാളിലായിരുന്നു കൂടുതലും. അതിനുശേഷം ഇന്ത്യയിൽ സ്പിറ്റിവാലിയിൽ കുറച്ചുനാൾ.തിരിച്ചു വന്നപ്പോൾ എന്റെ പ്രായം കുറഞ്ഞപോലെ തോന്നി.മനസിന് ശാന്തതയും ക്ളാരിറ്റിയും കൂടി.എനിക്ക് മുപ്പത്തിയെട്ട് വയസായി. വിക്കിപീഡിയയിൽ ഞാൻ തന്നെയാണ് വയസ് അപ്ഡേറ്റ് ചെയ്തത്.മൊയ്തീനും വിക്രമാദിത്യനുമൊക്കെ കണ്ടിട്ട് ആരോ എനിക്ക് നാല്പത്തിയൊമ്പത് വയസായെന്ന് ഇന്റർനെറ്റിലിട്ടിട്ടുണ്ടായിരുന്നു. ആ തെറ്റിദ്ധാരണ മാറ്റണമെന്നുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ കാണുന്നവരെല്ലാം പറയുന്നത് മുപ്പത്തിയെട്ട് വയസായെന്ന് വിശ്വസിക്കാൻ പറ്റില്ലെന്നാണ്.
ആരോഗ്യ സംരക്ഷണം എങ്ങനെയാണ്?
ആരോഗ്യ കാര്യങ്ങളിൽ വളരെ കോൺഷ്യസാണ്. എല്ലാവരുടെയും ആഹാര രീതി ഒരുപോലെയായിരിക്കില്ല. ചിലർ രാവിലെ കുമ്പളങ്ങ ജ്യൂസ് കുടിക്കുന്നുവെന്ന് കരുതി നമ്മളും കുമ്പളങ്ങ ജ്യൂസ് കുടിക്കേണ്ട കാര്യമില്ല. ഓരോ മനുഷ്യരും വ്യത്യസ്തരാണ്. നമ്മളെപ്പോലെ വേറെ ഒരാളില്ലെന്ന് തിരിച്ചറിഞ്ഞാൽ തന്നെ പകുതി പ്രശ്നങ്ങൾ തീർന്നു. ആരെയും അനുകരിക്കേണ്ട കാര്യമില്ല. നമ്മുടെ ശരീരത്തെക്കുറിച്ച് ഏത് ഡോക്ടറെക്കാളും നന്നായി അറിയാവുന്നത് നമ്മൾക്ക് തന്നെയാണ്.എന്റെ ശരീരത്തിന് ടോളറേറ്റ് ചെയ്യാൻ പറ്റാത്ത ചില ആഹാരങ്ങളുണ്ട്. പ്രത്യേകിച്ച് ഗോതമ്പ്.
ഒരു ഡയറ്റീഷ്യന്റെയും സഹായമില്ലാതെ തന്നെ നമുക്കത് കണ്ടെത്താം. അതാണ് കോൺഷ്യസ് ഡയറ്റ്. കഴിക്കാൻ കൊള്ളാത്ത സാധനങ്ങൾ തീർച്ചയായും നമുക്കറിയാം. ദിവസവും ഒരുപാട് മധുരം കഴിച്ചാൽ ആരുടെയും ആരോഗ്യം മോശമാകും.കൊഴുപ്പ് കലർന്ന ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കാൻ പാടില്ല. ആരോഗ്യകരമായ കൊഴുപ്പ് നമ്മുടെ ഭക്ഷണത്തിലുണ്ടാവണം. ചിലപ്പോൾ വളരെ നല്ല ഭക്ഷണ പദാർത്ഥങ്ങൾ നമ്മുടെ ശരീരത്തിന് നല്ലതായിരിക്കില്ല. അത് തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ നമ്മൾ ശരിക്കും ഹെൽത്തിയാകും. എന്റെ കാഴ്ചപ്പാടിൽ ജീവിതത്തിലെ ഏതൊരു കാര്യത്തിലും ഈയൊരു നിലപാടാണ് സ്വീകരിക്കേണ്ടത്.
നാളെ ഒരാൾ വന്ന് 'ഐ ലവ് യു" എന്ന്
പറഞ്ഞാൽ എങ്ങനെ പ്രതികരിക്കും?
അറിയില്ല. ഇനി ഒരു റിലേഷൻഷിപ്പിൽപ്പെടാൻ സാദ്ധ്യതയില്ല. അതൊരു അറിവാണ്. എനിക്ക് അടുത്ത നിമിഷമുണ്ടോ ഇല്ലയോ എന്നുപോലും അറിയില്ല. ഞാൻ ഒന്നും പ്ളാൻ ചെയ്യാറില്ല. പ്ളാൻ ചെയ്യുന്ന ചില കാര്യങ്ങളുണ്ട്.
തെറ്റും ശരിയുമില്ല നല്ലതും ചീത്തയുമില്ല എന്നൊരു അറിവിലേക്കെത്തിക്കഴിയുമ്പോൾ ജീവിതം വളരെ ശാന്തമാകും.
വിധിയിലും ഭാവിയിലും
വിശ്വസിക്കുന്നുണ്ടോ?
'ഈ നിമിഷത്തിൽ" മാത്രമാണ് എനിക്ക് വിശ്വാസം. ആ തിരിച്ചറിവിൽ നിന്നാണ് അഹങ്കാരം ഇല്ലാതായത്.