ന്യൂഡൽഹി: ബ്രിട്ടീഷ് പ്രീമിയം മോട്ടോർസൈക്കിൾ ബ്രാൻഡായ ട്രയംഫ് ഒരുക്കിയ സ്‌ക്രാംബ്ളർ 1200 ബോണ്ട് എഡിഷൻ വിപണിയിലെത്തി. ബോണ്ട് ഫ്രാഞ്ചൈസിയുമായി സഹകരിച്ചാണ് ബോണ്ട് എഡിഷൻ ബൈക്ക് അവതരിപ്പിക്കുന്നത്. ഹോളിവുഡ് സൂപ്പർ ത്രില്ലറായ ജെയിംസ് ബോണ്ട് സീരീസിലെ ഉടൻ റിലീസാകുന്ന സിനിമയായ 'നോ ടൈം ടു ഡൈ"യിൽ കസ്‌റ്റമൈസ് ചെയ്‌തൊരുക്കിയ സ്‌ക്രാംബ്ളർ 1200ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബോണ്ട് എഡിഷന്റെ നിർമ്മാണം.
ആഗോളതലത്തിൽ ബോണ്ട് എഡിഷന്റെ 250 യൂണിറ്റുകളാണ് ട്രയംഫ് ലഭ്യമാക്കുന്നത്. ലോകത്തെ ആദ്യ ഔദ്യോഗിക '007" ഡിസൈൻ സ്‌കീമുള്ള മോട്ടോർ സൈക്കിളാണ് ഇത്. കൊത്തിവച്ച ലോഗോയോട് കൂടി തയ്യാറാക്കിയ, പ്രീമിയം ലെതർ സീറ്റിന് താഴെയുള്ള മനോഹരമായ എക്‌സ്ഹോസ്‌റ്റ് പൈപ്പിൽ '007' ബ്രാൻഡിംഗ് കാണാം. യുണീക്ക് ബോണ്ട് ഇൻസ്‌ട്രുമെന്റ് സ്‌റ്റാർട്ടപ്പ് സ്ക്രീനാണ് മറ്റൊരു ആകർഷണം.
ബോണ്ട് സീരീസിലെ പുത്തൻ ചിത്രമായ 'നോ ടൈം ടു ഡൈ"യിൽ ജെയിംസ് ബോണ്ട് റൈഡ് ചെയ്യുന്ന ബൈക്കിന്റെ ബ്ളാക്ക് കളർ സ്‌കീമാണ് ബോണ്ട് എഡിഷനുമുള്ളത്. 89 ബി.എച്ച്.പി കരുത്തുള്ളതാണ് ഇതിലെ 1200 സി.സി ലിക്വിഡ് കൂൾഡ് എൻജിൻ. ടോർക്ക് 110 എൻ.എം. ഗിയറുകൾ ആറ്. മൊത്തത്തിൽ മനോഹരവും കരുത്തുറ്റതും പ്രീമീയം ഫീച്ചറുകളാൽ സമ്പന്നവുമാണ് ബോണ്ട് എഡിഷൻ രൂപകല്‌പന. 18,000 ബ്രിട്ടീഷ് പൗണ്ടാണ് ഈ അൾട്ര-റെയർ എഡിഷൻ ബൈക്കിന് വില (ഏകദേശം 17 ലക്ഷം രൂപ).