കൊച്ചി: പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാൻസ് ലിമിറ്രഡ് കഴിഞ്ഞ സാമ്പത്തിക വർഷം (2019-20) 55.7 ശതമാനം കുതിപ്പോടെ 1,461.8 കോടി രൂപയുടെ ലാഭം നേടി. തൊട്ടു മുൻവർഷം ലാഭം 938.9 കോടി രൂപയായിരുന്നു. അവസാനപാദമായ ജനുവരി-മാർച്ചിൽ ലാഭം മുൻവർഷത്തെ സമാനപാദത്തിലെ 274.6 കോടി രൂപയിൽ നിന്നുയർന്ന് 392.7 കോടി രൂപയിലെത്തി.
കഴിഞ്ഞവർഷം പ്രവർത്തന വരുമാനം 30.8 ശതമാനം ഉയർന്ന് 5,465 കോടി രൂപയായി. 2018-19ൽ ഇത് 4,179 കോടി രൂപയായിരുന്നു. കഴിഞ്ഞപാദത്തിലെ സഞ്ചിതലാഭം 409 കോടി രൂപയിൽ നിന്നുയർന്ന് 534 കോടി രൂപയായി. കഴിഞ്ഞവർഷത്തെ സഞ്ചിതലാഭത്തിൽ വർദ്ധന 37.8 ശതമാനമാണ്. 1,465.5 കോടി രൂപയിൽ നിന്ന് 2,007 കോടി രൂപയായാണ് വർദ്ധന. കഴിഞ്ഞപാദത്തിൽ കൊവിഡ് പ്രതിസന്ധി സൃഷ്‌ടിച്ചെങ്കിലും മൊത്തം ബിസിനസിലും ലാഭത്തിലും മികച്ച മുന്നേറ്രം നടത്താൻ കമ്പനിക്ക് കഴിഞ്ഞുവെന്ന് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ വി.പി. നന്ദകുമാർ പറഞ്ഞു.
കുതിപ്പേകി സ്വർണപ്പണയം
സ്വർണ വായ്‌പാ വിതരണത്തിലുണ്ടായ മുന്നേറ്റമാണ് മികച്ച പ്രകടനം കഴിഞ്ഞ സമ്പദ്‌വർഷവും കാഴ്‌ചവയ്ക്കാൻ മണപ്പുറം ഫിനാൻസിന് കരുത്തായത്. ഗ്രൂപ്പിന് കീഴിലെ സ്ഥാപനങ്ങളുടെ ആകെ ആസ്‌തി 19,438 കോടി രൂപയിൽ നിന്നുയർന്ന് 25,225 കോടി രൂപയായി. വർദ്ധന 29.8 ശതമാനം.
30.90%
സ്വർണ വായ്‌പാ ആസ്‌തി 30.90 ശതമാനം ഉയർന്ന് 16,967 കോടി രൂപയായി. കമ്പനിയുടെ സ്വർണശേഖരം 74.8 ടണ്ണാണ്. വർദ്ധന 7.2 ശതമാനം.
₹1.68 ലക്ഷം കോടി
കഴിഞ്ഞ സമ്പദ്‌വർഷം മണപ്പുറം ഫിനാൻസ് 1.68 ലക്ഷം കോടി രൂപയുടെ സ്വർണ വായ്‌പ വിതരണം ചെയ്‌തു. 2018-19ൽ ഇത് 89,649 കോടി രൂപയായിരുന്നു. 26.2 ലക്ഷം സ്വർണ വായ്‌പാ ഉപഭോക്താക്കളാണ് കമ്പനിക്കുള്ളത്.
ഉപസ്ഥാപനങ്ങളും കുതിച്ചു
മണപ്പുറം ഫിനാൻസിന് കീഴിലെ ആശീർവാദ് മൈക്രോഫിനാൻസിന്റെ ആസ്‌തി 43.3 ശതമാനം ഉയർന്ന് 5,503 കോടി രൂപയായി. വാഹന-ഉപകരണ വായ്പാ വിഭാഗത്തിന്റെ ആസ്തി 20.6 ശതമാനം വർദ്ധിച്ച് 1,344.35 കോടി രൂപയിലെത്തി. ഭവന വായ്പാ വിഭാഗത്തിന്റെ 519 കോടി രൂപയിൽ നിന്നുയർന്ന് 630 കോടി രൂപയായി. കമ്പനിയുടെ മൊത്തം ആസ്‌തിയിൽ 32.7 ശതമാനമാണ് സ്വർണ ഇതര ബിസിനസിൽ നിന്നുള്ളത്.