തൃശൂർ: കൊവിഡ് കാലത്ത് സ്വകാര്യ ആശുപത്രിയിൽ നഴ്സുമാരെ ആവശ്യമുണ്ടെന്ന് അറിയിച്ച് അഭിമുഖം നടത്തിയും നിയമന ഉത്തരവും നൽകിയും ഓൺലൈൻ വഴി തട്ടിപ്പ്. തൃശൂരിലെ സ്വകാര്യ ആശുപത്രിയുടെ പേരും ലോഗോയും ദുരുപയോഗം ചെയ്ത് പുതുക്കാട് സ്വദേശിനിയായ നഴ്സിൽ നിന്ന് തട്ടിയത് അറുപതിനായിരം രൂപ.
ജോലി നൽകുന്ന ഏജൻസിയെന്ന് പരിചയപ്പെടുത്തി, ഡൽഹി ആസ്ഥാനമായ സ്ഥാപനത്തിൽ നിന്നാണെന്ന് പറഞ്ഞാണ് നഴ്സിനെ ഫോണിൽ വിളിച്ചത്. ഐ.സി.യു കെയർ സ്റ്റാഫ് നഴ്‌സിന്റെ ഒഴിവുണ്ടെന്നും, ഏജൻസിയെയാണ് ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിന് ഏൽപ്പിച്ചിട്ടുള്ളതെന്നും വ്യക്തമാക്കി, ഓൺലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനും നിർദ്ദേശിച്ചു.
രജിസ്‌ട്രേഷൻ നടത്തുന്നതിന് പണവും ആവശ്യപ്പെട്ടു. ചെറിയ തുകയായതിനാൽ ഓൺലൈൻ ബാങ്കിംഗ് വഴി നൽകി. ടെലിഫോണിലൂടെ അഭിമുഖവും അഭിരുചി പരീക്ഷയും നടത്തി. ഇതിനായി പതിനായിരം രൂപയും ആവശ്യപ്പെട്ടു. അതും അടച്ചു. വിദ്യാഭ്യാസ യോഗ്യതയും തൊഴിൽ പരിചയവും തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സ്ഥാപനം നൽകിയ ഇ മെയിൽ വിലാസത്തിൽ അയച്ചു. ജോലിക്ക് തിരഞ്ഞെടുത്തതായും, രണ്ടു ദിവസത്തിനകം നിയമന ഉത്തരവ് ലഭിക്കുമെന്നും ഏജൻസി ഫീസ് ഇനത്തിൽ അമ്പതിനായിരം രൂപ അക്കൗണ്ടിൽ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു.
ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്തതിനാലും ആശുപത്രിയുടെ വിശ്വാസ്യത കണക്കിലെടുത്തും പണം നൽകി. പിറ്റേന്ന് ഇ മെയിലിൽ നിയമനം ലഭിച്ചു. ഉത്തരവുമായി പിതാവിനൊപ്പം ജോലിയ്ക്ക് ചേരുന്നതിനായി എത്തിയപ്പോഴാണ് ആശുപത്രി അധികൃതർ ഇക്കാര്യം അറിയുന്നത്. ലോഗോയും, ലെറ്റർ പാഡും ദുരുപയോഗം ചെയ്ത് സ്വകാര്യ ഏജൻസി എന്ന വ്യാജേന പണം തട്ടിയതായി സിറ്റി പൊലീസ് കമ്മിഷണർക്ക് ആശുപത്രി അധികൃതർ പരാതി നൽകി.
*ശ്രദ്ധിക്കാൻ
പണമിടപാട് നടത്തുന്നതിനു മുമ്പ് സ്ഥാപനത്തിന്റെ ഫോൺ നമ്പറിൽ ബന്ധപ്പെടണം.
സ്ഥാപനങ്ങളുടെ യഥാർത്ഥ വെബ്‌സൈറ്റ് പരിശോധിച്ച് നിജസ്ഥിതി ഉറപ്പുവരുത്തണം.
ബാങ്കുകളും, സ്ഥാപനങ്ങളും വെബ്‌സൈറ്റിൽ തട്ടിപ്പ് മുന്നറിയിപ്പുകൾ നൽകണം
**സൈബർ തട്ടിപ്പുകാർ ലോക്ക്ഡൗൺ കാലം ദുരുപയോഗപ്പെടുത്തുന്നുണ്ട്. തൃശൂരിനെയും ലക്ഷ്യം വയ്ക്കുന്നുണ്ട്. സാമൂഹിക മാദ്ധ്യമങ്ങൾ, ഓൺലൈൻ ജോലി പോർട്ടലുകൾ വഴി സ്വകാര്യ വിവരങ്ങളാണ് ശേഖരിക്കുന്നത്. ബാങ്കുകൾ, സ്ഥാപനങ്ങൾ, അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ ജോലി നൽകുമെന്ന വ്യാജേന ഫോൺ, ഇമെയിൽ, സാമൂഹിക മാദ്ധ്യമങ്ങൾ വഴിയാണ് കബളിപ്പിക്കുന്നത്. ''
തൃശൂർ സിറ്റി പൊലീസ്