കൊച്ചി: ലോക്ക്ഡൗണിൽ പ്രതിസന്ധിയിലായ ഇവന്റ് മാനേജ്‌മെന്റ് മേഖലയുടെ പുനരുജ്ജീവനത്തിന് സർക്കാർ നടപടിയെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ കേരള (ഇ.എം.എ.കെ) പ്രതിനിധികളുമായി നടന്ന ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കേരളത്തിൽ മൂവായിരം കോടി രൂപ വിറ്റുവരവുള്ള ഇവന്റ് മാനേജ്‌മെന്റ് രംഗത്ത് തൊഴിലെടുക്കുന്നത് ഒരുലക്ഷത്തിലേറെ പേരാണ്. ലോക്ക്ഡൗണിൽ 40,000ലേറെ ഇവന്റുകൾ റദ്ദാക്കപ്പെട്ടെന്നും 500 കോടി രൂപയോളമാണ് നഷ്‌ടമെന്നും ഇ.എം.എ.കെ ജനറൽ സെക്രട്ടറി രാജു കണ്ണമ്പുഴ പറഞ്ഞു.

നിർദേശങ്ങൾ

ഇവന്റ് മാനേജ്‌മെന്റുകളുടെ ഉത്തേജനത്തിനായി സമർപ്പിച്ച പാക്കേജിലെ നിർദേശങ്ങൾ ഇങ്ങനെ:

 തൊഴിലാളികളുടെ ക്ഷേമനിധി രൂപീകരിക്കാൻ സർക്കാർ മുൻകൈ എടുക്കണം

 ടൂറിസം വകുപ്പിന്റെ പ്രചരണപദ്ധതികളിൽ ഈ കമ്പനികളെ ഉൾപ്പെടുത്തും

 ടൂറിസം വകുപ്പിന്റെ പദ്ധതികളിൽ മൈസ് ടൂറിസം, ഡെസ്‌റ്രിനേഷൻ വെഡിംഗ് എന്നിവയ്ക്ക് മുൻതൂക്കം കൊടുക്കുക.

 പരിപാടികൾക്ക് ഹൈജീൻ പ്രോട്ടോക്കോൾ നിശ്ചയിക്കുക

 ലോക്ക്ഡൗണിന് ശേഷം ജില്ലകൾ തോറും കലാകാരന്മാരെ പങ്കെടുപ്പിച്ച് പരിപാടികൾ സംഘടിപ്പിക്കുക.