ഫഹദിനോടൊപ്പം ട്രാൻസിലൂടെ അഭിനയരംഗത്ത്
തിരിച്ചെത്തിയ നസ്രിയ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.....
മുത്തശ്ശിക്കഥകളിലെ രാജകുമാരിയെ പോലെ നക്ഷത്രക്കണ്ണുകളുള്ള ഒരു സുന്ദരിക്കുട്ടി. അഭിനയിച്ചും കുസൃതികാട്ടിയും പാട്ടുപാടിയുമെല്ലാം മലയാളികളുടെ മനസു കീഴടക്കിയ അവൾ, പെട്ടെന്നൊരു ദിവസം സുന്ദരനായ രാജകുമാരന്റെ കൈയും പിടിച്ച് അപ്രത്യക്ഷയായി. മേഘങ്ങൾക്കിടയിൽ മറഞ്ഞിരുന്നിട്ടും തനിക്കായി കാത്തിരുന്ന ആരാധകരെ വിസ്മയിപ്പിക്കാൻ അവൾ കൂടുതൽ മനോഹരിയായി മടങ്ങിയെത്തി. പ്രിയപ്പെട്ട ഫഹദിനൊപ്പം ട്രാൻസിലൂടെ.
രാജകുമാരിയുടെ കഥ കേട്ട് നസ്രിയ ചിരിച്ചു. കണ്ണിൽ നൂറുനൂറു പൂത്തിരികൾ ഒന്നിച്ചു മിന്നി...
''അതിന് ഞാനെവിടെയും പോയിട്ടില്ലല്ലോ. കുറച്ചുനാൾ വീട്ടിൽ മടിപിടിച്ചിരുന്നു. എല്ലാവരും ചോദിക്കാറുണ്ട് ഇത്രയും നാൾ അഭിനയിച്ചു നടന്നിട്ട് വെറുതേ വീട്ടിൽ ഇരുന്നപ്പോൾ ബോറടിച്ചില്ലേയെന്ന്. ഒരിക്കലുമില്ല. വെറുതേയിരിക്കാൻ നല്ല രസാ""... കൊലുസുകിലുങ്ങുന്ന ചിരി പിന്നാലെ എത്തി.''പിന്നെ എല്ലാ പെൺകുട്ടികളും ചെയ്യുന്ന കാര്യങ്ങളൊക്കെ ഞാനും ചെയ്തു. സാധനങ്ങൾ വാങ്ങാൻ കടയിൽ പോയി, ഞങ്ങളുടെ വീട് സെറ്റ് ചെയ്യുന്നതിന്റെ തിരക്കുകളിൽ മുഴുകി. പക്ഷേ, പുറത്തൊക്കെ പോകുമ്പോൾ ചെറിയ കുട്ടികൾ പോലും ഏതാണ് പുതിയ സിനിമ എന്നു ചോദിച്ച് അടുത്തുവരുമായിരുന്നു."
വിവാഹശേഷം സിനിമയിൽ നിന്ന് മാറിനിൽക്കുമ്പോഴും നസ്രിയയുടെ താരപദവിക്ക് ഒരു മാറ്റവും സംഭവിച്ചില്ല. ഹിറ്റുകളുമായി നിറഞ്ഞുനിൽക്കുന്ന നായികമാരെക്കാൾ സ്നേഹവും ശ്രദ്ധയും ഈ പെൺകുട്ടിക്ക് കിട്ടി. ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളായി ഫഹദ് ഉയരങ്ങൾ കീഴടക്കിയപ്പോൾ നല്ലപാതിയായി നസ്രിയ മുന്നിൽ നടന്നു.
''വിവാഹ ശേഷം ഷാനു(ഫഹദ്) വും ഒരു വർഷത്തോളം ബ്രേക്ക് എടുത്തിരുന്നു. ഞങ്ങൾ കുറേ യാത്ര ചെയ്തു. പുതിയ ജീവിതം എന്നിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഞാനിപ്പോഴും പണ്ടത്തെ പോലെ നിറുത്താതെ സംസാരിക്കും. ഞാനില്ലാത്തപ്പോൾ നീ ഒറ്റയ്ക്ക് സംസാരിക്കാറുണ്ടോയെന്ന് ചോദിച്ച് ഷാനു കളിയാക്കും. അതുപോലെ ഷാനുവാണ് എന്നെ അഭിനയിക്കാൻ പ്രോത്സാപ്പിച്ചുകൊണ്ടിരുന്നത്. ഞാൻ അഭിനയിക്കാതിരുന്നാലോ റൊമാന്റിക് റോളുകൾ ചെയ്യാതിരുന്നാലോ ഷാനു പറഞ്ഞിട്ടാണെന്ന് തെറ്റിദ്ധരിക്കപ്പെടുമോയെന്ന സംശയവും ഷാനുവിനുണ്ടായിരുന്നു.
കരിയറിന്റെ ഒരു ഘട്ടത്തിലും ഞാൻ തിരക്കഥയെ കുറിച്ച് സൂക്ഷ്മമായി ആലോചിച്ചിട്ടില്ല. കഥ കേൾക്കുമ്പോൾ എനിക്കൊരു ഫീൽ കിട്ടണം. ആ ഫീലിനെ വിശ്വസിച്ചാണ് തീരുമാനമെടുക്കുക." കൂടെയിൽ ജെന്നി എന്ന കുസൃതിക്കാരി പെൺകുട്ടിയെ അവതരിപ്പിച്ചത് എല്ലാവരും സ്വീകരിച്ചു. നസ്രിയ എത്തിയപ്പോൾപൃഥ്വിരാജും പാർവതിയുമുണ്ടായിരുന്നു. പൃഥ്വിരാജിന്റെ കുഞ്ഞനുജത്തിയായി അഭിനയിച്ചതിനെ കുറിച്ച് ഒരു കഥ തന്നെ പറയാനുണ്ട് നസ്രിയയ്ക്ക്.
''പൃഥ്വിയുടെ ഉയരത്തിന്റെ നേരെ പകുതിയേയുള്ളൂ ഞാൻ. അഞ്ജുചേച്ചി എങ്ങനെ ഞങ്ങളെ സഹോദരങ്ങളാക്കാൻ തീരുമാനിച്ചു എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. മാത്രമല്ല എനിക്ക് ഒരു പരിചയവുമില്ലാത്ത നടനാണ് പൃഥ്വിരാജ്. കൂടെയിൽ ഏറ്റവും ഇടപഴകേണ്ടി വന്ന കഥപാത്രങ്ങളാണ് ഞങ്ങളുടേത്. അങ്ങനെ അഞ്ജലി ചേച്ചി എന്നെയും പൃഥ്വിയെയും മറ്റുള്ളവരെയും ചേർത്ത് ഒരു മെസേജിംഗ് ഗ്രൂപ്പ് ഉണ്ടാക്കി. അതിലൂടെ ഞങ്ങൾ പരിചയമായി. ഇപ്പോൾ ശരിക്കും എന്റെ സഹോദരനെ പോലെയാണ്. അദ്ദേഹത്തെ അടുത്തു പരിചയപ്പെട്ടപ്പോൾ ഞാൻ അദ്ഭുതപ്പെട്ടുപോയി. എല്ലാ വിഷയത്തിലും നിലപാടുകളുള്ള കണിശക്കാരനായ ഒരു അഭിനേതാവ് എന്നതു മാത്രമായിരുന്നു പൃഥ്വിയെ കുറിച്ചുള്ള എന്റെ ധാരണ. പക്ഷെ യഥാർത്ഥ ജീവിതത്തിൽ വളരെ നിഷ്കളങ്കനായ തികച്ചും സാധാരണക്കാരനായ ഒരാളാണ് പൃഥ്വി. ഈ സിനിമയിലെ കഥാപാത്രമായ ജോഷ്വയ്ക്കും ആ സ്വഭാവമാണ്."
കൂടെയ്ക്കുശേഷം വലിയൊരു ഇടവേള കഴിഞ്ഞാണ് ട്രാൻസ് ചെയ്തത്. എന്നിൽ നിന്ന് ആരും പ്രതീക്ഷിക്കാ ത്ത രൂപഭാവങ്ങളുള്ള ഒരു കഥാപാത്രം അവതരിപ്പിക്കാൻ കഴിഞ്ഞതായിരുന്നു ട്രാൻസ് ചെയ്യുമ്പോഴുള്ള ത്രിൽ. സിനിമ ചെയ്തില്ലെന്നു കരുതി ലോകം അവസാനിച്ചു എന്നു കരുതുന്നയാളല്ല ഞാൻ. ജീവിതത്തിൽ വേറെ എന്തൊക്കെ കാര്യങ്ങളുണ്ട്. സോഷ്യൽ മീഡിയ ഒരുപാട് തവണ ഞാൻ ഗർഭിണിയാണെന്ന് വാർത്ത പ്രചരിപ്പിച്ചു. എന്റെ ആ മക്കളൊക്കെ എവിടെ പോയെന്ന് അറിയില്ല. അത് ജീവിതത്തിലെ മനോഹരമായ ഒരു ഘട്ടമല്ലേ. ഞാനൊരിക്കലും അത് മറച്ചുവയ്ക്കില്ല. നല്ല തിരക്കഥകൾ വന്നാൽ നോ പറയുകയുമില്ല. ചിലപ്പോൾ അടുത്ത നാലു വർഷത്തിന് ശേഷമാകും ഞാൻ വീണ്ടും അഭിനയിക്കുന്നത്. ഒരു തിരക്കുമില്ല. ഞാൻ മാത്രമല്ല എല്ലാവരും അഭിനയിക്കുന്നത് ആ ജോലി ആസ്വദിക്കുന്നതുകൊണ്ടാണ്. പണത്തിനും പ്രശസ്തിക്കും വേണ്ടി മാത്രമല്ല.എത്രയോ മികച്ച സിനിമകളും മനോഹരമായ ജീവിതമൂഹൂർത്തങ്ങളും ഈ ഇരുപത്തിയഞ്ചുകാരിയെ കാത്തിരിക്കുന്നു. മുത്തുപൊഴിയും പോലെയുള്ള ആ ചിരിക്കായി നമുക്ക് കാത്തിരിക്കാം.....