ഖലീൽ ജിബ്രാന്റെ ഒരു കഥയുണ്ട്. അതിങ്ങനെ. ഒരു കർഷകന് തന്റെ പുരയിടം കിളയ്ക്കുന്നതിനിടെ ഒരു വെണ്ണക്കൽ ശില്പം കിട്ടി. സൗന്ദര്യ ആരാധകനായ ഒരാൾ വലിയ വിലകൊടുത്ത് അതുവാങ്ങി. പണവുമായി മടങ്ങിപ്പോകുമ്പോൾ കർഷകൻ ആത്മഗതമായി പറഞ്ഞു: ഒരു മൃതശിലാഖണ്ഡത്തിനുപകരം ഇത്രമാത്രം പണം നൽകിയ അയാൾ എന്തൊരു വിഡ്ഢിയാണ്. ഈ പണംകൊണ്ട് എനിക്ക് എന്തെല്ലാം ചെയ്യാം. പുരാവസ്തുക്കൾ ശേഖരിക്കുന്നതിൽ ആനന്ദംകണ്ടെത്തിയിരുന്ന മറ്റെയാൾ വിചാരിച്ചത് മറിച്ചാണ്. 'എന്തൊരു സൗന്ദര്യം. എന്തൊരു ജീവപ്രകാശം. മൃതവും സ്വപ്നരഹിതവുമായ പണത്തിനു പകരമായി ഇതിനെ കൈമാറാൻ ഒരു മരമണ്ടനല്ലാതെ കഴിയില്ല.'
ജീവിതത്തെയും ജീവിതസന്ദർഭങ്ങളെയും ലഭ്യതകളെയുമെല്ലാം വിലയിരുത്തപ്പെടുന്നത് പലപ്പോഴും വൈയക്തികമായാണ്. ഒരാൾക്ക് നല്ലതെന്നോ ശരിയെന്നോ തോന്നുന്നത് മറ്റൊരാൾക്ക് മോശമായി തോന്നാം. സമീപനമാണ് പ്രധാനം. ഒരു വസ്തുവിനെ, സന്ദർഭത്തെ, സംഭവത്തെ എങ്ങനെ സമീപിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ ഫലപ്രാപ്തി. ഇക്കാണുന്ന പ്രപഞ്ചം മുഴുവൻ മനസിന്റെ തന്നെ രൂപഭേദമാണെന്നാണ് ശ്രീനാരായണഗുരു പറഞ്ഞത്. ആ മനസാകട്ടെ ഒരിടത്തും കാണപ്പെടുന്നുമില്ല. ആകാശത്ത് നീലനിറവും മരുഭൂമിയിൽ വെള്ളവും കാണപ്പെടുന്നതുപോലെ ആത്മാവിൽ കാണപ്പെടുന്നതാണ് പ്രപഞ്ചം എന്നും ഗുരുദേവൻ അരുളിചെയ്തു. ഈ വിശ്വപ്രകൃതിയുടെ ഇംഗിതങ്ങൾ എന്തെന്ന് നമുക്കറിയില്ല. മനുഷ്യൻ തന്റെ ലഭ്യതകളെ ഇഷ്ടാനുസരണം വിനിയോഗിക്കുന്നു. അതിനിപ്പോൾ ഒരു വേലിക്കെട്ട് വന്നിരിക്കുന്നു. സാധാരണ സൂക്ഷ്മദർശിനികൊണ്ട് കാണാനാവാത്ത ഒരു ജീവകണം സൃഷ്ടിച്ച വേലിക്കെട്ട്. ലോകമെമ്പാടുമുള്ള മനുഷ്യരെയും ലോകത്തെ പേടിപ്പിച്ചുകൊണ്ടിരുന്ന ഭരണകൂടങ്ങളെയും അത് കിടുകിടെ വിറപ്പിക്കുന്നു. മനുഷ്യൻ അവന്റെ ഇഷ്ടങ്ങളും താത്പര്യങ്ങളും ഇടുപ്പിൽ തിരുകിവച്ച് ഒറ്റ ഇരിപ്പാണ്. പാഠം ഒന്നല്ല. ഒരുപാടുണ്ട് കൊവിഡ് കാലത്തിന്റെ ലൈബ്രറിയിൽ.
പുറത്തു മേഞ്ഞ പശു ആലയിൽ കെട്ടിയാൽ നിൽക്കില്ല എന്നാണ് ചൊല്ല്. ആലയിലെന്നല്ല ഫ്ലാറ്റിന്റെ പതിനൊട്ടാം നിലയിൽ കെട്ടിയാലും അവിടെ നിൽക്കുമെന്ന് തെളിഞ്ഞ കാലമാണിത്. പ്രാണൻ കൈവിട്ടുപോകുമെന്ന നിലവന്നാൽ കാണ്ടാമൃഗവും കരുതലോടെ നിൽക്കും. അതാണ് കൊവിഡ് കാലം മനുഷ്യനു നൽകുന്ന അനുഭവപാഠം. രോഗവും മരണവുമെല്ലാം ആഘോഷമാക്കുന്ന മനോഭാവമുണ്ട് മനുഷ്യർക്ക്. ഇത്രയേറെ ആർത്തിയുടെയും ആഘോഷങ്ങളുടെയും ആവശ്യമില്ലെന്ന് തിരിച്ചറിയുകയാണ് നാം. നമ്മുടെ നാട്ടിൽ കൊവിഡ് ഭീഷണി തുടങ്ങിയ അവസരത്തിൽ ഒരു പൊതുപരിപാടിക്ക് പോകാൻ പുറപ്പെട്ട സുഹൃത്തിനോട് ചോദിച്ചു: ഈ വൈറസ് ഭീതിയിലെങ്കിലും വീട്ടിൽ അടങ്ങിയിരുന്നുകൂടെയെന്ന്. പരിഹാസച്ചിരിയോടെ അതിനെ നേരിട്ട സുഹൃത്ത് ഇപ്പോൾ നല്ല നടപ്പ് നിരീക്ഷണത്തിൽ വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്നു. ലോകമെമ്പാടുമുള്ള മനുഷ്യരെ കഴുത്തിൽ കുത്തിപ്പിടിച്ച് വരച്ചവരയിൽ നിറുത്തുകയാണ് ഒരു ജീവകോശത്തിനുള്ളിലല്ലാതെ വളരാനോ പെരുകാനോ കഴിയാത്ത ഒരു വൈറസ്.
ജിബ്രാനിലേക്കുതന്നെ മടങ്ങിവരാം. 'കുഞ്ഞിനെ ഒക്കത്തേറ്റിനിന്ന ഒരമ്മയോട് ജിബ്രാന്റെ പ്രവാചകൻ പറഞ്ഞു: നിങ്ങളുടെ കുട്ടികൾ നിങ്ങളുടേതല്ല....അവർക്ക് പാർക്കാൻ നിങ്ങൾക്ക് വീടുകളൊരുക്കാം. പക്ഷേ, അവരുടെ ആത്മാക്കളെ അവിടെ തളച്ചിടാനാവില്ല. നിങ്ങൾ വില്ലാണെങ്കിൽ ലക്ഷ്യത്തിലേക്ക് കുതിക്കുന്ന അമ്പുകളാണ് കുട്ടികൾ. വില്ലിന് ഉറപ്പുണ്ടാകണം. എങ്കിലേ അമ്പ് ലക്ഷ്യത്തിലെത്തൂ.' വാസ്തവത്തിൽ ഓരോ ജീവിതവും പ്രേമിക്കുന്നത് സ്വന്തം നിലനില്പിനെയാണ്. അതിനപ്പുറമുള്ള ലോകത്തെക്കുറിച്ച് ആലോചനപോലും ഉണ്ടാവില്ല. ഉലകിന്നുയിരായ പ്രേമത്തെക്കുറിച്ച് മഹാകവികൾ പാടിയിട്ടുണ്ട്. ഇനിയും പാടിയേക്കാം. സർവ്വ ജീവജാലങ്ങളെയും പാലമൃതൂട്ടുന്ന വിശ്വപ്രേമമാണത്. അതിന്റെ താഴ്വാരങ്ങളിലെങ്ങോയിരുന്ന് ഇത്തിരിപ്പോന്ന മനുഷ്യൻ കാട്ടിക്കൂട്ടുന്ന ലീലാവിലാസങ്ങൾക്കുമേൽ ദൈവം ഒരു കൈതോലത്തുമ്പെടുത്ത് ഒന്ന് വീശിയതാവും. അതിൽ പിടിച്ച് എങ്ങോട്ട് തടവിയാലും മുള്ളുകൊള്ളും.
എബ്രഹാം ലിങ്കൺ മകനെ പഠിപ്പിക്കുന്ന അദ്ധ്യാപനെഴുതിയ നീണ്ട കത്തിലെ ഈ വാക്കുകൾ ഓർമ്മിക്കാം: 'അവനെ പഠിപ്പിക്കുക, പുസ്തകങ്ങളുടെ വിസ്മയലോകത്തെക്കുറിച്ച്. പൂക്കളും പുഴുക്കളും പ്രാണികളും പക്ഷികളും അടങ്ങിയ പ്രപഞ്ചമെന്ന അദ്ഭുതത്തെക്കുറിച്ച്. അഗ്നിയിൽ കഠിനമായി തിളച്ചുരുകിയാണ് ഉരുക്കുണ്ടാകുന്നതെന്ന്."