രാത്രി എഴുമണിക്കു ശേഷം കോട്ടയത്ത് കള്ളടിക്കാത്തത് തിരുനക്കരയിലെ ഗാന്ധി പ്രതിമ മാത്രമാണെന്നു പറഞ്ഞത് നല്ല കുടിയനും കുടിച്ചാൽ അത് നാട്ടുകാരെ അറിയിക്കുകയും ചെയ്തിരുന്ന പ്രശസ്ത സംവിധായകൻ ജോൺ എബ്രഹാമായിരുന്നു. പി.ടി ചാക്കോയുടെ പ്രതിമ കൂടി കോട്ടയത്ത് ഉണ്ടായിരുന്നെങ്കിലും നല്ല ക്രിസ്ത്യാനിയായ ചാക്കോച്ചനെ ജോണിനത്ര വിശ്വാസം പോരാത്തതിനാലായിരുന്നു ചാക്കോ പ്രതിമയെയും തങ്ങളുടെ കൂട്ടത്തിൽ പെടുത്തിയതെന്നായിരുന്നു കുടിയന്മാരുടെ പ്രചാരണം .
'ലോകത്തെ രക്ഷിക്കുന്നത് കർത്താവ് .എന്നാൽ കർത്താവിനെ രക്ഷിക്കുന്നതോ കാന്തം ' കോട്ടയത്തെ വലിയൊരു പള്ളിയുടെ മുന്നിൽ നിന്ന് പണ്ടൊരു ഭ്രാന്തന്റെ വെളിപാട് ഇങ്ങനെയായിരുന്നു. പള്ളിയുടെ മുകളിൽ കുരിശുമേന്തിയുള്ള ക്രിസ്തുവിന്റെ പ്രതിമക്കു മുകളിൽ ഇടി മിന്നലേൽക്കാതിരിക്കാൻ കാന്തം വെച്ചതു കണ്ടായിരുന്നു വി.കെ.എൻ സ്റ്റെലിൽ ഭ്രാന്തന്റെ തട്ട്. ഈ ഭ്രാന്തന്റേതായി പല വെളിപാടുകൾ പ്രചരിച്ചിരുന്നു. അതിലൊന്നായിരുന്നു 'പള്ളിക്കെന്തിനാ പൊൻ കുരിശെന്നുള്ള പ്രസിദ്ധ വാക്യം.' പൊൻ കുരിശു മോഷ്ടിച്ച കള്ളൻ കുറ്റസമ്മതം നടത്തിയതിനൊപ്പം പൊലീസിന് നേരേ എറിഞ്ഞതാണ് ഉത്തരം കിട്ടാത്ത ഈ ചോദ്യം. ഇതിൽ നിന്നാകാം വൈക്കം മുഹമ്മദ് ബഷീറിന് പൊൻ കുരിശ് തോമാ എന്ന കഥാ പാത്രത്തിന്റെ വൺ ലൈൻ കിട്ടിയത്.
ഡൊമിനിക് ചാക്കോയെന്ന ഡി.സി കിഴക്കേമുറി മലയാള പുസ്തക പ്രസാധന രംഗത്തെ ഹെന്റിഫോർഡായിരുന്നു . പുസ്തക വിൽപ്പനയുടെ പുത്തൻ വിപണന തന്ത്രങ്ങളുടെ മലയാളത്തിലെ ആശാനായി വാഴ്ത്തപ്പെടുന്നത് ഡി.സിയെയായിരുന്നു .തകഴിചേട്ടനെക്കൊണ്ട് ഡി.സി 'ചെമ്മീൻ' എഴുതിച്ചതിനെപ്പറ്റിയും കഥയുണ്ട്. കടൽ കഥാപാത്രമാകുന്നതും ചെമ്പൻകുഞ്ഞും പളനിയും പരീക്കുട്ടിയുംകറുത്തമ്മയുമെല്ലാമുള്ള നോവലിന്റെ പേര് പറഞ്ഞ് തകഴിചേട്ടൻ എൻ.ബി.എസിൽ നിന്ന് അഡ്വാൻസ് വാങ്ങിയിരുന്നു. മാസങ്ങളായിട്ടും നോവൽ മാത്രം എഴുതി കൊടുത്തില്ല. ഒരിക്കൽ കോട്ടയത്തു വന്ന തകഴിചേട്ടനെ ഇന്നതെ തിരുനക്കര ബസ്സ്റ്റാൻഡിനു സമീപമുള്ള ബോട്ട് ക്ലബ്ബിൽ തമാസിപ്പിച്ച് പുറത്ത് കാവലിന് ആളെ നിറുത്തിയായിരുന്നു ചെമ്മീൻ എഴുതിപ്പിച്ചതെന്നാണ് കഥ. പേപ്പറും പെൻസിലും ആവശ്യത്തിന് മൂത്ത കള്ളും ഭക്ഷണവും നൽകും . നോവൽ പൂർത്തിയാകാതെ പുറത്തു പോകാതിരിക്കാൻ പുറത്തു നിന്നു മുറി പൂട്ടി കാവലിന് ആളെ നിറുത്തിയിരുന്നു. ഡി.സിയുടെ വിരട്ടൽ ഫലിച്ചു. തൃക്കുന്നപ്പുഴ കടപ്പുറത്തെ കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും അനശ്വര പ്രണയകഥ ബോട്ട് ക്ലബ്ബിലിരുന്നു ഏതാനും ദിവസത്തിനുള്ളിൽ തകഴി പൂർത്തിയാക്കി . വില കുറഞ്ഞ കടലാസിൽ ഒരു രൂപ വിലവെച്ച് ഇറക്കിയ ചെമ്മീൻ റെക്കാഡ് വിൽപ്പനയായിരുന്നു. സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ വളർച്ചയിൽ ഏറെ സഹായകമായി 'ചെമ്മീൻ 'വിൽപ്പന.
തകഴിചെട്ടനെ മുറിയിൽ പൂട്ടിയിട്ട് നോവൽ എഴുതിച്ച ഡി.സിയെ പറ്റിച്ച മറ്റൊരു കഥയാണ് പൊൻകുന്നം വർക്കിയുടേത്. വയസുകാലത്ത് പൊൻകുന്നം വർക്കി ഒരു നോവലെഴുതി. നിരവധി നാടകങ്ങൾ എഴുതിയിട്ടുള്ള വർക്കിയുടെ ആദ്യ നോവൽ ഡി.സി ബുക്സിന്റെ പേരിൽ ഇറക്കി നന്നായി വിൽക്കാമെന്നു ഡി.സി.കണക്കു കൂട്ടി. ആഡ്വാൻസായി 5000 രൂപ യും നൽകി. ഇന്നു തരാം നാളെ തരാം എന്നു പറയുന്നതല്ലാതെ മാസങ്ങൾ പലതു കഴിഞ്ഞിട്ടും നോവൽ ആയില്ല . നോവൽ പകർത്തി എഴുതിയ പെൺകുട്ടി ഒരുത്തന്റെ കൂടെ ഒളിച്ചോടിപ്പോയെന്നായിരുന്നു നോവൽ വൈകാൻ ഒരു കാരണമായി പറഞ്ഞത്. ഫെബ്രുവരി 31ന് നോവൽ കൊടുക്കാമെന്ന് അവസാനവാക്കായി വർക്കി സാർ പറഞ്ഞതു കേട്ട് ഞെട്ടിയത് ഡി.സിയായിരുന്നു. ഫെബ്രുവരിക്ക് ഒരിക്കലും 31 ദിവസമില്ല. പിന്നെങ്ങനെ ഡി.സി ഞെട്ടാതിരിക്കും. ഇതിലും വലിയ ട്വിസ്റ്റ് അതല്ല. കലാകൗമുദിക്കും ആദ്യ നോവൽ കൊടുക്കാമെന്ന് പറഞ്ഞ് വർക്കിസാർ അഡ്വാൻസ് വാങ്ങിയിരുന്നു. അഞ്ച് അദ്ധ്യായവും കൊടുത്തു. പക്ഷേ നോവൽ പൂർത്തിയാക്കാതെ പൊൻകുന്നം വർക്കി മരിച്ചപ്പോൾ വൻ ഡിമാൻഡാകുമായിരുന്ന അപ്രകാശിത നോവൽ അദ്ധ്യായങ്ങൾ കലാകൗമുദിയിലും പ്രസിദ്ധീകരിക്കാൻ ഇല്ലാതെ പോയി!