jio-mart

കൊച്ചി: റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ഇ-കൊമേഴ്‌സ് സംരംഭമായ ജിയോ മാർട്ടിന്റെ സേവനം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചു. ജിയോമാർ‌ട്ടിന്റെ ഓൺലൈൻ പോർട്ടലിലൂടെയും ആപ്പിലൂടെയുമാണ് ഉപഭോക്താക്കളിൽ നിന്ന് ഓർഡറുകൾ സ്വീകരിക്കുന്നത്. മുംബയ്, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, ഡൽഹി, ബംഗളൂരു, പഞ്ചാബ്, രാജസ്ഥാൻ, കേരളത്തിൽ കൊച്ചി ഉൾപ്പെടെ വിവിധ നഗരങ്ങൾ എന്നിവിടങ്ങളിൽ ഇപ്പോൾ ജിയോമാർട്ട് സേവനം ലഭ്യമാണ്.

കാർഷികോത്പന്നങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ചാണ് വിൽക്കുന്നതെന്ന് ജിയോമാർട്ട് വ്യക്തമാക്കിയിട്ടുണ്ട്. പഴം, പച്ചക്കറി, പാൽ, പാലുത്പന്നങ്ങൾ, ബേക്കറി ഉത്പന്നങ്ങൾ, അരി, ധാന്യങ്ങൾ, എണ്ണ, പായ്ക്കറ്രിലാക്കിയ ഭക്ഷ്യോത്പന്നങ്ങൾ, പാനീയങ്ങൾ, പേഴ്‌സണൽ കെയ‌ർ ഉത്പന്നങ്ങൾ, ഹോംകെയർ, ബേബി കെയർ ഉത്പന്നങ്ങൾ, വളർത്ത് മൃഗങ്ങൾക്കുള്ള ഉത്പന്നങ്ങൾ തുടങ്ങിയവ ജിയോമാർട്ടിലുണ്ട്. ഭൂരിഭാഗം ഉത്‌പന്നങ്ങൾക്കും മാർ‌ക്കറ്ര് വിലയേക്കാൾ അഞ്ചു ശതമാനം വരെ വിലക്കുറവും വാഗ്‌ദാനമുണ്ട്.

കഴിഞ്ഞമാസം താനെ, നവി മുംബയ്, കല്യാൺ എന്നിവിടങ്ങളിൽ ഹോം ഡെലിവെറി നടത്തിക്കൊണ്ടാണ് ജിയോ മാർട്ട് പ്രവർത്തനം ആരംഭിച്ചത്. ചെറുകിട കച്ചവടക്കാരിൽ നിന്ന് ഉത്പന്നങ്ങൾ ശേഖരിക്കുന്നത്. ഫേസ്‌ബുക്കിൽ നിന്ന് 43,574 കോടി രൂപയുടെ നിക്ഷേപം ലഭിച്ചതിന് പിന്നാലെയായിരുന്നു പ്രവർത്തനാരംഭം.