മുറി ഇംഗ്ളീഷുമായി അമേരിക്കയിലെത്തിയ പയ്യൻ ഇന്ന് ലോകമറിയുന്ന ബിസിനസുകാരനാണ്. ശതകോടീശ്വരനാണ്. സൂം വീഡിയോ കോളിംഗ് ആപ്പിന്റെ സ്ഥാപകൻ എറിക് എസ്. യുവാൻ എന്ന 50 കാരന്റെ നിശ്ചയദാർഢ്യത്തിന്റെ കഥയറിയാം
'എനിക്കത് വേണമെന്ന് ഒരാൾ പൂർണ മനസോടെ ആഗ്രഹിച്ചാൽ, അത് നേടിയെടുക്കാൻ ഈ പ്രപഞ്ചം മുഴുവൻ അയാൾക്ക് വേണ്ടി ഗൂഢാലോചന നടത്തും." - ലോക പ്രശസ്ത എഴുത്തുകാരൻ പൗലോ കൊയ്ലോയുടെ വാക്കുകളാണിത്. ലോകം മുഴുവൻ കൊവിഡ് മരണം വിതയ്ക്കുമ്പോൾ ബിസിനസ് നഷ്ടത്തിന്റെയും തകർച്ചയും കഥയാണ് ഭൂരിഭാഗം സംരംഭകർക്കും പറയാനുള്ളത്. എന്നാൽ കൊവിഡിനിടയിൽ കോടികൾ കൊയ്ത ഒരു 50 കാരനുണ്ട്. സൂം വീഡിയോ കോൺഫറൻസിംഗ് ആപ്പിന്റെ സ്ഥാപകൻ എറിക് എസ് യുവാൻ.
"തിരിച്ചടികളിൽ പതറാതെ, തോൽവികളിൽ തളരാതെ, കാത്തിരിപ്പിൽ മനം മടുക്കാതെ ഉറച്ച് മനസോടെ നിൽക്കുകയാണെങ്കിൽ തീർച്ചയായും നമുക്കും ഒരു സമയം വരും. വിജയം കൈക്കുള്ളിലെത്തും."- അതെ,
ഏതാണ്ട് 9 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഈ കൊവിഡ് കാലത്താണ് യുവാന്റെ സമയം വന്നത്. സുരക്ഷകാര്യങ്ങളിലെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും,
ലോക്ക്ഡൗണിൽ വർക്ക് അറ്റ് ഹോം നടപ്പാക്കിയതോടെ ലോകമെമ്പാടും ഏറ്റവുമധികം പേർ വീഡിയോ കോൺഫറൻസിംഗിന് ഉപയോഗിക്കുന്ന ആപ്ളിക്കേഷനായി സൂം മാറി.
ഇതോടെ യുവാന് ശുക്രനുദിച്ചു. ഫോബ്സ് മാസിക പുറത്തിറക്കിയ സമ്പന്നരുടെ പട്ടികയിൽ 7.8 ബില്യൺ യു.എസ് ഡോളറിന്റെ ആസ്തിയുമായി യുവാനും ഇടംപിടിച്ചു.
'ചെമ്പ്" ചികഞ്ഞ ബാല്യം
തായ്‌വാനിലെ ഷാൻദോങ് പ്രവിശ്യയിൽ 1970 ലാണ് യുവാന്റെ ജനനം. അച്ഛനമ്മമാർ അവിടെയാരു ഖനിയിൽ മൈനിംഗ് എൻജിനീയർമാരായിരുന്നു. നാലാം ക്ളാസിൽ പഠിക്കുമ്പോൾ ചപ്പു ചവറുകൾ പെറുക്കി, അതിൽ നിന്ന് ചെമ്പ് തിരിഞ്ഞെടുത്ത് വിറ്റ് പണമുണ്ടാക്കിയിരുന്നു യുവാൻ. ഷാൻദോംഗ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന് അപ്ളൈഡ് മാത്തമാറ്റിക്സിൽ ബിരുദം നേടിയ യുവാൻ മാതാപിതാക്കളുടെ വഴിയെ സഞ്ചരിച്ചു. ചൈൻ യൂണിവേഴ്സിറ്റി ഒഫ് മൈനിംഗ് ആൻഡ് എൻജിനീയറിംഗിൽ നിന്ന് മൈനിംഗ് എൻജിനീയറിംഗിൽ മാസ്റ്റർ ബിരുദം നേടി. പിന്നീട് 2006 ൽ എം.ബി.എയും കരസ്ഥമാക്കി.
തുടക്കം പ്രണയിനിക്കായി
ഇന്നു കാണുന്ന സൂം ആപ്ളിക്കേഷന്റെ തുടക്കം യുവാൻ കോളേജിൽ പഠിക്കുമ്പോഴാണ്. ഒന്നാം വർഷ ബിരുദ പഠനത്തിനിടെ, കാമുകിയെ ഒരു നോക്ക് കാണാൻ യുവാന് 10 മണിക്കൂറോളം ട്രെയിൻ യാത്ര ചെയ്യണമായിരുന്നു. ഈ പ്രണയ സമാഗമം എളുപ്പമാക്കാൻ എന്താണൊരുവഴിയെന്ന് പയ്യൻസ് തലപുകഞ്ഞാലോചിച്ചു. അങ്ങനെ 1987 ൽ 'വീഡിയോ ടെലിഫോൺ" എന്നൊരാശയം മിന്നി. പരസ്പരം കണ്ട് സംസാരിക്കുന്ന സോഫ്റ്റ്‌വെയർ വികസിപ്പിച്ചെടുക്കണമെന്ന് മനസിലുറച്ചു. പക്ഷേ, അന്നത് നടപ്പായില്ല. പ്രണയയാത്ര ഒഴിവാക്കാനായി 22-ാം വയസിൽ യുവാൻ കാമുകി 'ഷീ'യെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് മൂന്ന് കുട്ടികളുമുണ്ട്.
പ്രചോദനമായി ബിൽഗേറ്റ്സ്
പഠനം പൂർത്തിയാക്കിയ യുവാൻ ജപ്പാനിൽ നാലുവർഷത്തോളം ജോലി ചെയ്തു. ആയിടയ്ക്കാണ് ജപ്പാൻ സന്ദർശനത്തിനെത്തിയ ബിൽഗേറ്റ്സിന്റെ പ്രസംഗം കേൾക്കാനിടയായത്. 1994 ൽ. സാങ്കേതിക വിദ്യയുടെ കുതിച്ചുച്ചാട്ടത്തെക്കുറിച്ചും സാദ്ധ്യതകളെക്കുറിച്ചും ബിൽഗേറ്റ്സിന്റെ വാക്കുകളിൽ നിന്ന് മനസിലാക്കിയ യുവാന് ടെക്ക് ബൂമിന്റെ ഭാഗമാകാനായി സിലിക്കൺവാലിയിലേക്ക് പോകാൻ തീരുമാനിച്ചു.
ഇംഗ്ളീഷറിയാതെ അമേരിക്കയിൽ
സിലിക്കൺവാലിയിലേക്കുള്ള യുവാന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല. ഇംഗ്ളീഷ് തീരെ അറിയുമായിരുന്നുള്ളൂ. പഠിക്കാൻ ശ്രമിച്ചെങ്കിലും അത്രവേഗം വഴങ്ങിയില്ല. 9 തവണ അപേക്ഷിച്ചെങ്കിലും അമേരിക്കയിലേക്ക് വിസ ലഭിച്ചില്ല. യുവാൻ നിരാശനായില്ല. 10-ാം തവണ വിസ ലഭിച്ചു. തലനിറയെ കമ്പ്യൂട്ടർ കോഡുകളും മുറി ഇംഗ്ളീഷുമായി യുവാൻ സിലിക്കൺവാലിയിലെത്തി.വെബെക്സ് എന്ന കമ്പനിയിൽ ജോയിൻ ചെയ്തു.
സൂമിന്റെ പിറവി
2007ൽ യുവാൻ വെബെക്സിന്റെ വൈസ് പ്രസിഡന്റായി. അന്ന് സിസ്കോ സിസ്റ്റം കമ്പനി ഏറ്റെടുത്തിരുന്നു. പണ്ടത്തെ വീഡിയോ ടെലിഫോണി ആശയത്തിന്റെ ചുവട് പിടിച്ച് യുവാൻ, സ്മാർട്ട് ഫോൺ സൗഹൃദ വീഡിയോ കോൺഫറൻസിംഗ് സംവിധാനം വികസിപ്പിച്ചെടുത്തു. പക്ഷെ, സിസ്കോ മാനേജ്മെന്റ് അത് തിരസ്‌കരിച്ചു. യുവാൻ ജോലി രാജിവച്ചു. സൂം വീഡിയോ കമ്മ്യൂണിക്കേഷൻ ലിമിറ്റഡ് എന്ന സ്വന്തം സ്ഥാപനം തുടങ്ങി.
കൊവിഡിൽ കോളടിച്ച് സൂം
2011 ഏപ്രിൽ 21 നാണ് സൂം കമ്പനിയുടെ തുടക്കം. 9 വർഷം പിന്നിടുമ്പോൾ കമ്പനിയിൽ ഉള്ളത് 2532 ജീവനക്കാർ. കമ്പനിയുടെ മൂല്യം 4200 കോടി ഡോളർ. സിസ്കോ, ഗൂഗിൾ, സ്കൈപ്പ് തുടങ്ങിയവ ആധിപത്യം പുലർത്തിയിരുന്ന വിപണിയിൽ സൂം ഏറെ പിന്നിലായിരുന്നു. എന്നാൽ കൊവിഡ് വന്നതോടെ സൂം ആപ്പിന്റെ ഉപഭോക്താക്കൾ 380 ശതമാനത്തോളം വർദ്ധിച്ചു. പ്രതിമാസം 22 ലക്ഷം പുതിയ ഉപഭോക്താക്കളാണ് സൂ ആപ്പിനുള്ളത്.
സുരക്ഷിതമല്ലെന്ന് ആരോപിക്കപ്പെടുമ്പോഴും ആഗോളതലത്തിൽഒരു ദിവസം 3,43,000 തവണ ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യപ്പെടുന്നു എന്നാണ് കണക്ക്. ഇതിൽ 18 ശതമാനവും അമേരിക്കയിലാണ്.