കൊവിഡ് പ്രതിരോധവും നിരോധനവും നിലവിലുള്ളതിനാൽ, മുഖ്യധാരാ മാദ്ധ്യമങ്ങളിൽ സ്വയം നിറഞ്ഞു നിൽക്കാൻ എപ്പോഴും ശ്രദ്ധിക്കാറുള്ള പലർക്കും ഇപ്പോൾ റോളില്ല.അവരെ ചുറ്റിപ്പറ്രി സംഭവങ്ങളുമില്ല. എന്നാൽ ആ പോരായ്മ ഒരു പരിധി വരെ കുറയ്ക്കാൻ ആലപ്പുഴ നഗരസഭയ്ക്ക് കഴിഞ്ഞു.നഗര സഭയുടെ ഒരു ഫ്ളാറ്റ് നിർമ്മാണത്തെ ചുറ്രിപ്പറ്റിയാണ് കഴിഞ്ഞ ഒരാഴ്ച ജില്ലയിലെ മിക്ക വാർത്താകുതുകികളും കഴിച്ചുകൂട്ടിയത്. ആലപ്പുഴ നഗരത്തോട് തൊട്ട് കിടക്കുന്ന ചാത്തനാട് വാർഡിലെ പുറമ്പോക്കിൽ താമസിക്കുന്ന കുറച്ച് കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാണ് നഗരസഭ രാജീവ് ഗാന്ധി സ്മാരക ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കാൻ പദ്ധതിയിട്ടത്. കൊവിഡ് കാലമാണമെങ്കിലും ഫ്ളാറ്രിന്റെ ശിലാസ്ഥാപന ചടങ്ങ് അല്പം കളർഫുള്ളാക്കണമെന്ന് നഗരസഭാ ചെയർമാന് മോഹം.സാമൂഹ്യ അകലം പാലിക്കേണ്ടതിനാൽ , ഏതു ചടങ്ങിലും ഫോട്ടോയ്ക്ക് വേണ്ടി തന്നെ തള്ളിമാറ്രി ഇടിച്ചു നിൽക്കുന്ന സിൽബന്ദികളുടെ ശല്യമുണ്ടാവില്ലെന്നും അദ്ദേഹം മനക്കോട്ട കെട്ടി.വരാനിരിക്കുന്ന വിവാദദുരന്തത്തെക്കുറിച്ച് ചെയർമാൻ മനസിൽ നിരൂപിച്ചേ ഇല്ല.
ആലപ്പുഴ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ രാഷ്ട്രീയം കൊണ്ട് കോൺഗ്രസുകാരനാണെങ്കിലും മഹാകവി ജി.സുധാകരൻ മന്ത്രിയോട് വലിയ ആരാധനയുള്ളയാളാണ്.കാണുമ്പോൾ കാണുമ്പോൾ തന്റെ കവിധർമ്മത്തെക്കുറിച്ച് ഓർമ്മിപ്പിക്കാറുള്ളതിനാൽ മുനിസിപ്പൽ ചെയർമാനോട് മന്ത്രിക്കും ലേശം വാത്സല്യമുണ്ട്. ഇടയ്ക്ക് ശുചീകരണ കാര്യങ്ങൾ വിലയിരുത്താനെന്ന മട്ടിൽ മന്ത്രി നഗരസഭ സന്ദർശിക്കുകയും ചെയ്തു.അങ്ങനെ പരസ്പരം ബഹുമാനിച്ചും പുകഴ്ത്തിയും ചക്കരയും തേങ്ങയും മട്ടിലാണ് രണ്ട് കൂട്ടരും.
ഏതായാലും ഫ്ളാറ്രിന്റെ ശിലാസ്ഥാപനം നിർവഹിക്കാൻ നഗരസഭ ക്ഷണിച്ചത് ജില്ലയുടെ ഭാരം മുഴുവൻ ചുമക്കുന്ന മഹാകവി മന്ത്രിയെ ആണ്.സംസ്ഥാനത്തിന്റെ ധനവിഭവങ്ങൾ മുഴുവൻ കൈകാര്യം ചെയ്യുന്ന ധനമന്ത്രിയുടെ മണ്ഡലപരിധിയിലാണ് ചാത്തനാട് വാർഡെന്ന കാര്യം ചെയർമാൻ മറന്നു.ധനമന്ത്രിയുടെ അസ്മാദികൾക്ക് ഇതത്ര രുചിച്ചുമില്ല. ചില സന്ദർഭങ്ങളിൽ നാവിൽ വികട സരസ്വതി കുച്ചുപ്പുടി നടത്താറുണ്ടെങ്കിലും ,ഫ്ളാറ്ര് ശിലാസ്ഥാപന വേളയിൽ ചട്ടപ്പടി വായും മൂക്കും മറച്ച് സമ്പൂർണ്ണ നിശബ്ദനായാണ് മഹാകവി കർമ്മം നിർവഹിച്ചത്. സാമൂഹിക അകലമെന്ന വാൾ തലയ്ക്ക് മീതെ ഉള്ളതിനാൽ ക്യാമറയ്ക്ക് മുന്നിൽ പതിവ് വേലകളിയുമുണ്ടായില്ല.
ചടങ്ങ് കഴിഞ്ഞ് മന്ത്രി തന്റെ വാഹനത്തിൽ കയറാൻ തുടങ്ങുമ്പോഴാണ് പ്രാദേശിക സി.പി.എം നേതാവിന്റെ നേതൃത്വത്തിൽ ഒരു ചെറുസംഘം ആൾക്കാർ നിവേദനവുമായി അദ്ദേഹത്തെ സമീപിച്ചത്.സ്വന്തമായി ഒരു തുണ്ടു സ്ഥലമുള്ള ,എന്നാൽ വീടില്ലാത്ത പാവങ്ങളാണ് എത്തിയത്.സാമൂഹിക അകലം ലംഘിച്ചതിന് ഒരുവേള മന്ത്രിയുടെ മൂന്നാം കണ്ണ് കോപത്താൽ അല്പം തുറന്നെങ്കിലും ആരെയും സംഹരിച്ചില്ല.നിവേദനം നഗരസഭയ്ക്ക് കൊടുത്താൽ മതിയെന്നും ബാക്കി കാര്യങ്ങൾ താൻ നോക്കിക്കോളാമെന്നും ഉറപ്പു നൽകി മന്ത്രി സ്ഥലം വിട്ടു.ഇനിയാണ് സംഭവത്തിലെ ട്വിസ്റ്ര്.
ഇല്ലിക്കൽ കുഞ്ഞുമോന് മുമ്പെ ആലപ്പുഴ നഗരസഭാ ചെയർമാന്റെ കസേരയുടെ ചൂടും സുഖവും നന്നായി അനുഭവിച്ചിട്ടുള്ള മറ്റൊരു കോൺഗ്രസ് നേതാവാണ് കെ.പി.സി.സി ജനറൽ സെക്രട്ടറി പടയിലെ അംഗം കൂടിയായ എ.എ.ഷുക്കൂർ. മന്ത്രി പങ്കെടുത്ത ചടങ്ങിലെ മാസ്കില്ലാത്ത ജനക്കൂട്ടത്തിന്റെ ചിത്രം അടുത്ത ദിവസം മാദ്ധ്യമങ്ങളിൽ കണ്ടപ്പോൾ ഷുക്കൂറിന്റെ ചങ്ക് പൊട്ടി.കൊവിഡ് കാലത്ത് മാസ്കില്ലാതെ ജനം പുറത്തിറങ്ങുകയോ.ഉറക്കത്തിൽ പോലും മാസ്ക് കെട്ടുന്ന ഷുക്കൂറിന് സഹിക്കാവുന്നതിന് അപ്പുറമായിരുന്നു അത്.ജില്ലയുടെ ചുമതലയുള്ള മന്ത്രി ഈ സന്ദർഭത്തിന് കൂട്ടു നിന്നാലോ.അദ്ദേഹത്തിന്റെ ധാർമ്മിക രോഷം തിളച്ചു. നിയമലംഘനം നടത്തിയ മന്ത്രിക്കെതിരെ ജില്ലാ പൊലീസ് മേധാവി, ജില്ലാ കളക്ടർ,സംസ്ഥാന പൊലീസ് മേധാവി, മുഖ്യമന്ത്രി..തുടങ്ങി വിലാസം അറിയാവുന്നവർക്കെല്ലാം അദ്ദേഹം പരാതി നൽകി.എറിഞ്ഞത് മന്ത്രിക്ക് നേർക്കാണെങ്കിലും കൊള്ളുന്നത്നഗരസഭാ ചെയർമാനാവും എന്ന് ഷുക്കൂറിന് നല്ല ഉറപ്പുണ്ടായിരുന്നു.
സംഭവം വിവാദമായതോടെ ചുടല നൃത്തം കണക്കെ മന്ത്രി ഉറഞ്ഞു തുള്ളി.താൻ നിയമ ലംഘനം നടത്തിയിട്ടില്ലെന്ന് എ.കെ.ജി സെന്ററിനെ തൊട്ട് അദ്ദേഹം സത്യം ചെയ്തു.തൊട്ടു പിന്നാലെ മന്ത്രിയെ പിന്തുണച്ച് നഗരസഭാ ചെയർമാനെത്തി. കോൺഗ്രസിലെ തൊഴുത്തിൽ കുത്തിന് ഇതിൽപ്പരം എന്തെങ്കിലും വേണോ.ഷുക്കൂർ അടുത്ത ദിവസം വാർത്താ സമ്മേളനം വിളിച്ചു.തന്റെ പാർട്ടിക്കാരനായ നഗരസഭാ ചെയർമാന്റെ പേരു പറയാതെ, നിയമലംഘനം നടത്തിയവർക്കെതിരെ നടപടി വേണമെന്ന് അദ്ദേഹം തൊണ്ടപൊട്ടി പറഞ്ഞു. എന്നാൽ ഇല്ലിക്കൽ കുഞ്ഞുമോൻ ഒരു പടി കൂടി കടന്നാണ് ഇതിന് മറുപടി പറഞ്ഞത്.തനിക്കെതിരെ വിവാദമുണ്ടാക്കിയവർക്കെതിരെ പാർട്ടി നേതൃത്വത്തിന് പരാതി നൽകുമെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞു.അന്യസംസ്ഥാനക്കാർക്ക് വേണ്ടി വണ്ടിച്ചെക്ക് നൽകിയെന്ന ആരോപണത്തിൽ വെറുതെ പഴി കേട്ട നേതൃത്വത്തിന് അടുത്ത കുരുക്കായി ഇത്.
ഇതുകൂടി കേൾക്കണേ
സ്വന്തം പാർട്ടിക്കാരനെങ്കിലും തന്റെ മണ്ഡല പരിധിയിൽ കയറി ശിലയിട്ട സുധാകരന്റെ നടപടി ഐസക്കിന് അത്ര പിടിച്ചില്ല. പുറമെ ഒന്നും പറഞ്ഞില്ലെങ്കിലും കണക്കിന് കിട്ടിയെന്ന സന്തോഷമാണ് അദ്ദേഹത്തിന്റെ വാൽനക്ഷത്രങ്ങൾക്കുള്ളത്.