police

തിരുവനന്തപുരം: സഹപ്രവർത്തകന്റെ പേര് പറഞ്ഞ് കെെക്കൂലി വാങ്ങിയ വലിയമല സി.ഐ അജയകുമാറിനെ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിൻ ഇന്നലെ സസ്‌പെൻഡ് ചെയ്‌തു. പൊതുസ്ഥലത്ത് മദ്യപിച്ചതുമായി ബന്ധപ്പെട്ട കേസ് ഒതുക്കിതീർക്കാനെന്ന വ്യാജേന രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിലാണ് നടപടി. അരുവിക്കര സ്റ്റേഷനിലെ സി.ഐ ഷിബുകുമാറിന് നൽകാനെന്ന് പറഞ്ഞ് കൈക്കൂലി വാങ്ങിയെന്നാണ് പരാതി. പരാതിയിൽ കഴമ്പുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കൈക്കൂലി വാങ്ങിയത് ബന്ധുവിൽ നിന്ന്

സംഭവം ഇങ്ങനെ: ആറാം തീയതി കാച്ചാണി ഹെെസ്‌കൂൾ ഭാഗത്ത് ഹാർഡ് വെയർ ഷോപ്പിൽ മദ്യപാനം നടക്കുന്നതായി അരുവിക്കര സ്റ്റേഷനിൽ വിവരം ലഭിച്ചു. പട്രോളിംഗിലായിരുന്ന സി.ഐ ഷിബുകുമാ‌റും സംഘവും സ്ഥലത്തെത്തി അന്വേഷിച്ചു. മദ്യപാനത്തിന്റെ ലക്ഷണമുണ്ടായിരുന്നെങ്കിലും ആരെയും പിടികൂടാനായില്ല. കടയിലെ നമ്പരിൽ നിന്ന് ഉടമയെ വിളിച്ചെങ്കിലും ഫോണെടുത്തത് ഭാര്യയായിരുന്നു. പിറ്റേന്ന് ഉടമയായ ഹരിയോട് സ്റ്റേഷനിലെത്തണമെന്ന് നിർദ്ദേശിച്ചു. തുടർന്ന് ഹരി ബന്ധുവായ അജയകുമാറിനെ വിവരം ധരിപ്പിച്ചു. വലിയ കേസാകുമെന്നും ഒതുക്കി തീർക്കാൻ സി.ഐ ഷിബുകുമാറിന് പണം നൽകണമെന്നും അജയകുമാർ ഹരിയോട് പറഞ്ഞു. ഇതൊന്നുമറിയാതെ ഷിബുകുമാർ സ്റ്റേഷനിലെത്തിയ ഹരിയെ താക്കീത് നൽകി വിട്ടു. പിന്നാലെ താൻ പണം വാഗ്ദാനം ചെയ്‌തതിനാലാണ് നിന്നെ വിട്ടതെന്നും പണം ഉടനെ നൽകണമെന്നും അജയകുമാർ പറഞ്ഞു. ഇതനുസരിച്ച് കൈയിലുണ്ടായിരുന്ന ഒന്നരലക്ഷവും പരിചയത്തിലുള്ള ആട്ടോ ഡ്രെെവർ ജയനിൽ നിന്ന് 50,000 രൂപ കടംവാങ്ങിയുമാണ് കൈക്കൂലി തുക ഹരി നൽകിയത്. കേസൊതുക്കാൻ സി.ഐയ്ക്ക് നൽകാനെന്നു പറഞ്ഞായിരുന്നു ഹരി പണം കടം വാങ്ങിയത്. കടം നൽകിയ തുക കിട്ടാതായതോടെ 20ന് ആട്ടോ ഡ്രൈവർ ജയൻ അരുവിക്കര സ്റ്റേഷനിൽ പരാതിയുമായെത്തി. ഇതോടെയാണ് വിവരം സി.ഐ ഷിബുകുമാർ അറിയുന്നതും മേൽ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്‌തതും. തുടർന്ന് ക്രെെംബ്രാഞ്ചും ഐ.ബിയും അന്വേഷണം നടത്തി അജയകുമാറിനെതിരെ നടപടിക്ക് ശുപാർശ ചെയ്യുകയായിരുന്നു.