അയാൾക്ക് എപ്പോഴും ചിരിച്ച മുഖമാണ്. ഒരിക്കൽ പോലും ചിരിക്കാത്ത മുഖം കണ്ടിട്ടില്ല. ചിലരെപ്പറ്റി നമ്മൾ അങ്ങനെ പറയാറില്ലേ. ചിരി തരുന്ന അംഗീകാരമാണത്. ചിരിപ്പിക്കാൻ കഴിയുക എന്നത് അപാര സിദ്ധിയാണ്. അതുപോലെ ചിരിക്കാൻ കഴിയുന്നതും.
ഇനിതമാശകേട്ടാലും ചിരിക്കാത്തവരുമുണ്ട്. ഇത് തമാശ പറയാനുള്ള സ്ഥലമല്ല എന്ന ഡയലോഗ് ബാസിട്ട് അവരങ്ങ് കാച്ചും. അതോടെ തീർന്നു ചിരിയുടെ കാര്യം. അത് കേൾക്കുമ്പോൾ മറ്റൊരു ചിരിപൊട്ടുമെന്നത് വേറെ കാര്യം. അതാണ് ചിരിയുടെ രഹസ്യം..
ചിരിക്കാം ചിരിക്കാം ചിരിച്ചുകൊണ്ടിരിക്കാം. ചിരിയെപ്പറ്റി എത്രയോ പാട്ടുണ്ട്. പക്ഷേ, ആ ചിരിയേയും പൂട്ടിയിരിക്കുകയാണ് ലോക്ക്ഡൗൺ. ആരിലും ചിരിയില്ല. എങ്ങനെ ചിരിക്കും. മാസ്ക്ക് ചിരിയെ മൂടിക്കെട്ടി. ഒരു മുഖത്തും ചിരിയില്ല. ചിരി മാഞ്ഞു പോയി. വീടുകളിൽ നിന്ന് പുറത്തിറങ്ങാതായതോടെ ചിരിക്കുന്ന മുഖങ്ങൾക്ക് സൂപ്പർ ലോക്ക്ഡൗൺ. വീട്ടിൽ ചുമ്മാതിരുന്ന് ചിരിക്കാൻ പറ്റുമോ. വട്ടാണെന്നല്ലേ വിചാരിക്കൂ. അല്ലെങ്കിൽ ചിരി കുടുംബമായിരിക്കണം. ഇതെല്ലാവരും മസിലുപിടിച്ചിരിക്കുന്നവരാണെങ്കിലേെ ചിരിയുടെ കാര്യം കട്ടപ്പൊക. ഇനി പുറത്തിറങ്ങിയെന്ന് വച്ചോ. മാസ്ക്കും വച്ച് ചിരിച്ചാൽ ചിരി പുറത്ത് വരുമോ. അപ്പോൾ ലോക്ക് ഡൗൺ ശരിക്കും ബാധിച്ചത് ചിരിയെയാണ്. ചിരിക്ക് കർട്ടൺ വീണെങ്കിലും ചിരിപ്പിക്കാൻ ചിലർ തുനിഞ്ഞിറങ്ങിയിട്ടുണ്ട്. അത് മറ്റാരുമല്ല, ചില വീടുകളിൽ ഭാര്യയും ഭർത്താവും മക്കളുമൊക്കെ തന്നെയാണ്.. അങ്ങനെയുള്ള ചിരികുടുംബങ്ങൾ ലോക്ക്ഡൗണിനിടയിൽ മറ്റുള്ളവരെ ചിരിപ്പിച്ച് തള്ളാൻ ശ്രമിക്കുന്നുമുണ്ട്. ടിക് ടോക് എന്ന പേരിൽ കൊമാളിത്തരങ്ങൾ കാട്ടി. ചിരിയെ തന്നെ നാണിപ്പിക്കുന്നതാണ് പലരുടെയും ടിക് ടോക്ക്.
ചിരി ഉള്ളിൽ നിന്ന് വരുന്നതാണ്. ജീവിതത്തിൽ ഒരിക്കൽ പോലും കരയാത്തവരുണ്ടാവില്ല, അതുപോലെ ചിരിക്കാത്തവരും..ഗർഭിണിയായ സീതയെ ഭർത്താവായ രാമൻെറ ആജ്ഞയനുസരിച്ച് അനുജൻ ലക്ഷ്മണൻ കാട്ടിൽ ഉപേക്ഷിച്ചപ്പോൾ സീതയുടെ ചിരി മാഞ്ഞു. അവിടെ ചിരി വരില്ല. സീതയിൽ മാതമല്ല, വലിച്ചെറിയപ്പെടുന്ന ഒരു ഭാര്യമാരിലും ചിരി വരില്ല.]
****
ഛത്തിസ്ഗഡ് സർക്കാർ ചിരിയുടെ മൊത്തം ക്വട്ടേഷൻ എടുത്തെന്നാണ് തോന്നുന്നത്. അവർ ചിരിപ്പിച്ച് കൊല്ലും. സംഭവം വേറൊന്നുമല്ല. ഗ്രാമങ്ങളിലെ വീടുകളിൽ സർക്കാർ നൽകിയ ഭക്ഷ്യ കിറ്റിനൊപ്പമുള്ള സ്പെഷ്യൽ കണ്ട് ഭാര്യയും ഭർത്താവും മൂക്കത്ത് വിരൽ വച്ച് ചിരിച്ചുപോയെന്നാണ് റിപ്പോർട്ട്. ഭാര്യമാർക്ക് ഗർഭനിരോധന ഗുളികയും ഭർത്താക്കൻമാർക്ക് ഗർഭനിരോധന ഉറയും,ലോക്ക് ഡൗൺ തീരുമ്പോൾ സർക്കാർ ലോക്കാകാതിരിക്കാനുള്ള മുൻകരുതൽ.
****
ലോക്ക്ഡൗൺ കൊണ്ട് ഒരു കാര്യം വ്യക്തമായെന്ന് ഒരുരാജ്യ സ്നേഹി. മദ്യം ഇല്ലാതെ കുടിയൻമാർ ജീവിക്കും. പക്ഷേ, മദ്യം വിൽക്കാതെ സർക്കാരിന് ജീവിതമില്ല..
****
ട്രോളർമാർ ഈ നൂറ്റാണ്ടിൻെറ പുതിയ എഡിഷനുകളാണ്. ആരെയും തോണ്ടും. അവർ മോദിയേയും പിണറായിയേയും വെറുതേ വിടുന്നില്ല. പിണറായി പറയുകയാണ്. കേരളം ഇന്നേവരെ കാണാത്ത വികസനമാണ് ഞങ്ങൾ നാല് വർഷം കൊണ്ട് നടത്തിയത്.
അപ്പോൾ മോദി ചോദിക്കുന്നു എന്നിട്ട് ഞാനിതുവരെ പറഞ്ഞുപോലും കേട്ടില്ലല്ലോ സഖാവേ.
അപ്പോൾ പിണറായി അതല്ലേ ഞാൻ പറഞ്ഞത് കേരളം ഇന്നേവരെ കാണാത്ത വികസനമെന്ന്. പറയുമ്പോൾ ശ്രദ്ധിച്ചുകേൾക്കണം.
****
കെ.ആർ.ഗൗരിഅമ്മ 68 വർഷം മുമ്പ് 33ാം വയസിൽ തിരുകൊച്ചി നിയമസഭയിൽ നടത്തിയ പ്രസംഗം തപ്പിയെടുത്ത് ഒരാൾ വാട്സാപ്പിൽ പോസ്റ്റ് ചെയ്തിരിക്കുന്നു. പ്രസംഗം ഇങ്ങനെ:
മന്തുള്ള വീട്ടിലെ പെണ്ണിൻെറ പേറെടുക്കാൻ പോകുന്ന മിഡ് വൈഫുമാർ ചെയ്യുന്നത് എന്താണെന്ന് നിങ്ങൾക്കറിയാമോ മിസ്റ്റർ ഗോവിന്ദമേനോൻ?. വേണ്ട കാേളറയുള്ള വീട്ടിൽ അല്ലെങ്കിൽ വസൂരിയുള്ള വീട്ടിൽ. അവിടെയെയൊക്കെ പേറ് നടക്കുന്നുണ്ടോ മിസ്റ്റർ ഗോവിന്ദമേനോൻ?.
ഒന്നും വേണ്ട, നാട്ടിൽ കോളറയുണ്ട്, വസൂരിയുണ്ട്. പ്ളേഗുണ്ട് എന്നെങ്കിലും നിങ്ങൾ അറിയുന്നുണ്ടോ?. ഇതിനൊക്കെ ഇടയിലൂടെ ഇന്ന് ഓരോ വീട്ടിലും കയറിയിറങ്ങാൻ ധൈര്യം ഈ മിഡ് വൈഫുമാർക്ക് മാത്രമേയുള്ളൂ. അവർ നിങ്ങൾ ഭരണക്കാരെപ്പോലെ അറച്ചു നിൽക്കില്ല. ഓരോ വീട്ടിലും പോകും. പക്ഷേ, അവർക്ക് ആഴ്ചയിൽ നാലു നാഴി അരി കൊടുക്കണം എന്നു പറഞ്ഞാൽ നിങ്ങൾ ഖജനാവിനുമേൽ കെട്ടിപ്പിടിച്ചു പൂണ്ടുകിടക്കും.
കാേളറയും വസൂരിയും ഓരോ വീട്ടിലും പടർന്നു കയറുകയാണ്. ഒരു വീട്ടിൽ നിന്ന് വേറൊരു വീട്ടിലേക്ക്. അതു പകരാതിരിക്കാൻ ആളുകളെ നിങ്ങൾക്കൊന്നു തടഞ്ഞു നിറുത്തിക്കൂടേ. രോഗമുള്ളവരെ വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് നിങ്ങൾക്കൊന്ന് പൊലീസിൻെറ ഉച്ചഭാഷിണിയിലൂടെ വിളിച്ചു പറഞ്ഞുകൂടേ. ഈ രോഗമൊന്ന് നിൽക്കുന്നതുവരെ അകത്തു തന്നെ ഇരിക്കാൻ പറയാൻ നിങ്ങൾക്ക് കഴിയാത്തതെന്തുകൊണ്ടാണ്. ഞാൻ പ്രതിപക്ഷത്ത് നിന്ന് പറയുകയാണ്. നിങ്ങൾക്ക് വെളിവുണ്ടെങ്കിൽ ഈനാടിനോട് എന്തെങ്കിലും ഉത്തരവാദിത്തം ഉണ്ടെങ്കിൽ ഒന്നുകൂടി പറയുകയാണ്. രോഗമുള്ളവരെ വീട്ടിലിരുത്തുക. അവർക്കും മിഡ് വൈഫുമാർക്കും സർക്കാർ അരി കൊടുക്കുക. അത് നിങ്ങളെക്കൊണ്ട് പറ്റുമാേ?.
ജനാധിപത്യ കേരളത്തിലെ നിയമസഭാ രേഖകളിലുള്ള ആദ്യത്തെ ലോക്ക് ഡൗൺ നിർദ്ദേശം ഇതാണെന്ന് പോസ്റ്റിട്ടയാളിന്റെ കമൻറ്. ഏത് പക്ഷത്തായാലും വെളിവില്ലായ്മ ചിലർക്ക് പണ്ടേ ഉള്ളതാ എന്ന മറ്റൊരു കമൻറും.