മുംബയ്: ശതകോടീശ്വരനും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനുമായ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ കീഴിലുള്ള ഡിജിറ്റൽ, വയർലെസ് ബിസിനസ് സ്ഥാപനമായ ജിയോ പ്ളാറ്റ്ഫോംസിന്റെ പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) വിദേശത്ത് നടത്തിയേക്കുമെന്ന് സൂചന. ആഗോള സ്വകാര്യ ഇക്വിറ്റി നിക്ഷേപകരിൽ നിന്നുൾപ്പെടെ മികച്ച നിക്ഷേപം കഴിഞ്ഞ ഏതാനും ആഴ്ചകളിലായി നേടിയതിന്റെ ചുവടുപിടിച്ചാണ് ഈ നീക്കം. രണ്ടുവർഷത്തിനകം ഐ.പി.ഒ നടക്കും.
കഴിഞ്ഞ ഒരുമാസത്തിനിടെ ഫേസ്ബുക്ക് 43,574 കോടി രൂപ, വിസ്റ്റ പാർട്ണേഴ്സും കെ.കെ.ആറും 11,367 കോടി രൂപവീതം, സിൽവർലേക്ക് 5,655 കോടി രൂപ, ജനറൽ അറ്റ്ലാന്റിക് 6,598 കോടി രൂപ എന്നിങ്ങനെ നിക്ഷേപം ജിയോയിൽ നടത്തിയിരുന്നു.
വിദേശത്ത് ഐ.പി.ഒ നടത്തുമ്പോൾ, ഓഹരികൾക്ക് ഉയർന്ന മൂല്യം സ്വരൂപിക്കാൻ ജിയോയ്ക്ക് കഴിയും. മാത്രമല്ല, ഇന്ത്യയിലെ നിക്ഷേപകരെ കുറയ്ക്കുകയും ചെയ്യാം.