fai

വെഞ്ഞാറമൂട്: തേമ്പാംമൂട്ടിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റ സംഭവത്തിൽ ഒരാളെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റുചെയ്‌തു. സി.പി.എം കലിങ്കിൽമുഖം ബ്രാഞ്ച് കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ തേമ്പാംമൂട് യൂണിറ്റ് അംഗവുമായ തേമ്പാംമൂട് കുളത്തിൻകര സജീന മൻസിലിൽ ഫൈസലിനാണ് (36) വെട്ടേറ്റത്. കോൺഗ്രസ് പ്രവർത്തകൻ മരുതുംമൂടിന് സമീപം മുക്കുടിൽ സഫീന മൻസിലിൽ റിയാസാണ് (30) പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 9.40ന് തേമ്പാംമൂടിന് സമീപം ആനക്കുഴിയിൽ വച്ചായിരുന്നു സംഭവം. ബൈക്കിലെത്തിയ അഞ്ചു പേരടങ്ങുന്ന അക്രമിസംഘം കാറിൽ വരികയായിരുന്ന ഫൈസലിനെ തടഞ്ഞുനിറുത്തി ആക്രമിച്ചതായി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കാറിന്റെ ചില്ലുകളും അക്രമിസംഘം തകർത്തു. കൈകൾക്കും കഴുത്തിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡി.വൈ.എസ്.പി പി.ബി. ബേബിയുടെ നിർദ്ദേശപ്രകാരം സി.ഐ ടി. ബിനുകുമാർ, എസ്.ഐ സുനിൽകുമാർ, എ.എസ്.ഐമാരായ ഷറഫുദ്ദീൻ, ഷാജു, എച്ച്.സി. അഷിം എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്‌തത്. ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണോ എന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.