തിരുവനന്തപുരം :ക്രിയാത്മകമായ ഇടപെടലുകളിലൂടെ സംസ്ഥാന സ്കൂൾ കായിക മേളകളെ ശാസ്ത്രീയമായി പരിഷ്കരിക്കുന്നതിന് നേതൃത്വം നൽകിയ ഡോ.ചാക്കോ ജോസഫ് പാെതു വിദ്യാഭ്യാസ വകുപ്പിന്റെ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം ജോയിന്റ് ഡയറക്ടർ സ്ഥാനത്തു നിന്ന് നാളെ പടിയിറങ്ങുന്നു.
1994ൽ കോട്ടയം മുരിക്കുംവയൽ ഗവ. വി.എച്ച്.എസ്.എസിൽ കായികാദ്ധ്യാപകനായി സേവനം തുടങ്ങിയ ഇദ്ദേഹം 2007 ലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്പോർട്സ് ഓർഗനൈസർ ആകുന്നത്. തുടർന്ന് ഡെപ്യൂട്ടി ഡയറക്ടർ, ജോയിന്റ് ഡയറക്ടർ തസ്തികകളിൽ സേവനം അനുഷ്ഠിച്ചു.
ഗെയിംസും അത്‌ലറ്റിക്സും ഒന്നിച്ചു നടത്തിയിരുന്ന പതിവ് മാറ്റി വെവ്വേറെ സംസ്ഥാന മത്സരങ്ങൾ സംഘടിപ്പിക്കാനായത് ഇദ്ദേഹത്തിന്റെ മികവാണ്. 2008 മുതലാണ് ഈ പരിഷ്കാരം നിലവിൽ വന്നത്.
ജനറൽ സ്കൂൾ, സ്പോർട്സ് സ്കൂൾ എന്നിങ്ങനെ വേറിട്ട് നടത്തിയിരുന്ന സ്കൂൾ കായിക മേളകൾ 2010 മുതൽ ഒന്നിച്ചാക്കിയത് ഡോ. ചാക്കോ ജോസഫാണ്.
സംസ്ഥാനതല അത്‌ലറ്റിക്സ് മത്സരങ്ങൾ സിന്തറ്റിക് ട്രാക്കിൽ മാത്രമാക്കി.
കായിക മേളകളുടെ മാനുവൽ കാലാനുസൃതമായി പരിഷ്കരിച്ചു.
2010 മുതൽ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും ഫോട്ടോയും തിരിച്ചറിയൽ കാർഡും ഓൺലൈനായി രജിസ്ട്രേഷൻ നടത്തുന്നത് നിർബന്ധമാക്കി. ഇതോടെ പ്രായത്തട്ടിപ്പ് അടക്കമുള്ളവ നിയന്ത്രിക്കാനായി.
മത്സരങ്ങളുടെ വിവരങ്ങൾ അറിയിക്കാനായി വെബ്സൈറ്റ് തുടങ്ങി.
2009, 2015 വർഷങ്ങളിൽ കേരളത്തിൽ നടന്ന ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റുകളുടെ വിജയകരമായ സംഘാടനത്തിന്റെ പേരിൽ സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ 'ബെസ്റ്റ് ഓർഗനൈസർ' പുരസ്കാരം ലഭിച്ചു.
2009ൽ എസ്തോണിയിൽ നടന്ന ലോക സ്കൂൾ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ്, 2014ൽ തായ്‌ലൻഡിൽ നടന്ന ഏഷ്യൻ സ്കൂൾ ചാമ്പ്യൻഷിപ്പ്, 2016ൽ തുർക്കിയിൽ നടന്ന വേൾഡ് സ്കൂൾ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് എന്നിവയിൽ ഇന്ത്യൻ ടീമിന്റെ ചെഫ് ഡി മിഷൻ ആയിരുന്നു.
കേരള സ്കൂൾ ടീം സെലക്ഷൻ സുതാര്യമാക്കാൻ മാനദണ്ഡങ്ങൾ കൊണ്ടുവന്നത് ചാക്കോ ജോസഫാണ്.
13 തവണയാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന സ്കൂൾ കായിക മത്സരങ്ങൾ വിജയകരമായി നടന്നത്.
കാഞ്ഞിരപ്പള്ളി സ്വദേശിയാണ്. ഭാര്യ ഡോ. സിനി എബ്രഹാം (അസി. പ്രൊഫ. ഗവ. ആർട്സ് കോളേജ്, തിരുവനന്തപുരം). മക്കൾ : ജോസഫ് ചാക്കോ, തെരേസ ചാക്കോ.