പച്ച മുട്ടയ്ക്ക് യാതൊരു മാറ്റവുമില്ല, സർക്കാർ ചെലവിൽ ഒരാഴ്ച്ച എട്ട് കോഴികളെ തീറ്റിപ്പോറ്റിയത് മാത്രം മിച്ചം. ഒതുക്കുങ്ങൽ അമ്പലവൻ ശിഹാബുദ്ദീന്റെ കോഴികളിടുന്ന മുട്ടയിലെ പച്ചക്കരുവിന്റെ രഹസ്യമറിയാൻ വെറ്റിനറി സർവകലാശാല അധികൃതർ നൽകിയ പ്രത്യേക തീറ്റയ്ക്കും പച്ചയെ ഇളക്കാനായില്ല. കൂടുതൽ പരിശോധനയ്ക്കായി ശിഹാബുദ്ദീനിൽ നിന്ന് രണ്ട് പിടക്കോഴികളെയും ഒരുപൂവൻ കോഴിയെയും വാങ്ങി അധികൃതർ സ്ഥലംവിട്ടു. ഒരുവർഷമായി ശിഹാബുദ്ദീന്റെ കോഴികൾ മഞ്ഞയ്ക്ക് പകരം പച്ചക്കരുവോട് കൂടിയ മുട്ടകളാണിടുന്നത്. ഭക്ഷണത്തിൽ പരുത്തിക്കുരു, പച്ചപ്പട്ടാണി, ബേക്കറി ഇനങ്ങൾ എന്നിവ ഉൾപ്പെട്ടത് മൂലം കരുവിൽ സൾഫറിന്റെ അംശം കൂടിയതാവാം പച്ചനിറത്തിന് കാരണമെന്ന് സംശയിച്ചിരുന്നു. ഇനി 28 ദിവസത്തിന് ശേഷം വീണ്ടും മുട്ടക്കരു പരിശോധിക്കാനാണ് അധികൃതരുടെ തീരുമാനം.
പച്ചമുട്ടയിൽ നിന്ന്
ചുവപ്പിലേക്ക്
മലപ്പുറത്തെ പച്ചപ്പ് മാറ്റാനാകില്ലെന്ന് വീമ്പ് പറഞ്ഞവർക്കുള്ള തക്ക മറുപടിയാണ് മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ നൽകിയത്. പലവട്ടം ശ്രമിച്ചിട്ടും ചുവപ്പിക്കാനായില്ലെന്ന് നിരാശപ്പെടുമ്പോഴാണ് ചുവപ്പിൽ കുളിച്ച് സ്റ്റേഷൻ നീണ്ടുനിവർന്നിരുന്നത്. ഗുൽമോഹറിന്റെ കടുംചുവപ്പിൽ സ്റ്റേഷൻ മുങ്ങിക്കിടക്കുന്ന കാഴ്ച്ച സോഷ്യൽ മീഡിയാ ലോകത്ത് വൈറലായി. പിന്നാലെ മലപ്പുറം ജില്ലാ കളക്ടർ ജാഫർ മാലിക് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തതോടെ അങ്ങ് ഇന്ദ്രപ്രസ്ഥത്തിലും ഈ ചുവപ്പെത്തി. വാകച്ചുവപ്പിൽ അതീവ സുന്ദരിയായ മേലാറ്റൂർ സ്റ്റേഷന്റെ ചിത്രം കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ തന്റെ ട്വിറ്ററിലും പിന്നാലെ ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലും ഇടംപിടിച്ചു. മേലാറ്റൂർ പുത്തൻകുളം സ്വദേശി സയ്യിദ് ആസിഫ് തങ്ങൾ തന്റെ മൊബൈലിൽ പകർത്തിയ ചിത്രങ്ങളാണിത്. ടൂറിസ്റ്റ് മാപ്പിൽ നിലമ്പൂരിന് പ്രാധാന്യമേകണം, മേലാറ്റൂർ ക്രോസിംഗ് സ്റ്റേഷനാക്കണം, റിസർവേഷൻ സൗകര്യം ഒരുക്കണം തുടങ്ങിയ ആവശ്യങ്ങൾ അവസരത്തിനൊത്ത് മന്ത്രിയുടെ പോസ്റ്റിന് താഴെ കമന്റിടാനും മറന്നില്ല.
ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച ഷൊർണ്ണൂർ - നിലമ്പൂർ പാത സഞ്ചാരികളുടെ ഇഷ്ട റൂട്ടാണ്. പുഴകളും ചെറുതോടുകളും നെൽ വയലും വനവും ഗ്രാമങ്ങളും പിന്നിട്ട് ഹൃദയത്തിലേക്ക് കൂകിപ്പായുന്ന കാഴ്ച്ചയാണെങ്ങും. മൺസൂണിൽ അതീവ സുന്ദരിയാവും ഈ പാത. ലോക്ക് ഡൗണിന് ശേഷം ഇതുവഴി ട്രെയിനുകളൊന്നും കടന്നുപോയിട്ടില്ല. തിരുവനന്തപുരത്തേക്കുള്ള എക്സ്പ്രസും നിലമ്പൂർ ഷൊർണൂർ പാസഞ്ചറുകളുമാണ് ഈ റൂട്ടിൽ സർവിസ് നടത്തുന്നത്.
പിന്നെയും പിന്നെയും
കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന കമൽ ചിത്രം കണ്ടവരെല്ലാം തേടിയത് കൃഷ്ണഗുഡിയെന്ന ഗ്രാമവും ഹൃദയത്തിലേക്ക് കൂകിപ്പാഞ്ഞ തീവണ്ടി കാഴ്ച്ചകളുമായിരുന്നു. ഭാവനയിൽ വിരിഞ്ഞ ഗ്രാമത്തിനായി ആന്ധ്രാപ്രദേശ് വരെ സംവിധായകൻ പോയെങ്കിലും ഒടുവിലെത്തിയത് മേലാറ്റൂർ ഉൾപ്പെടുന്ന നിലമ്പൂർ - ഷൊർണ്ണൂർ പാതയിൽ. മലയാളി ഇന്നും ഏറെ ഇഷ്ടത്തോടെ മൂളുന്ന പിന്നെയും പിന്നെയും എന്ന മനോഹര ഗാനം ചിത്രീകരിച്ചത് മേലാറ്റൂരിനോട് തൊട്ടടുത്തുള്ള അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലാണ്. വാകപ്പൂ ചുവപ്പിൽ പിന്നെയും പിന്നെയും കാഴ്ച്ചക്കാരുടെ മനസ്സിലേക്ക് ചൂളമടിച്ചെത്തുകയാണ് ഈ പാത.