
കയ്യാലപ്പുറത്തെ തേങ്ങ പോലയായിരുന്ന കണ്ണൂർ കോർപ്പറേഷന്റെ അവസ്ഥ ഇപ്പോൾ പഞ്ചവടി പാലത്തെക്കാളും കഷ്ടമാണ്. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ ഇടതിന് കിട്ടിയ ഭരണം അവിശ്വാസത്തിലൂടെ യു..ഡി.. എഫ് തിരിച്ചു പിടിച്ചു.. അതാ പിന്നെയും വന്നു ഇടതിന്റെ അവിശ്വാസം. ഡപ്യൂട്ടി മേയറെ മൂലക്കിരുത്തിയ ഈ അവിശ്വാസത്തിലൂടെ ഭരണം തിരിച്ചു പിടിക്കാമെന്ന ഇടതുമുന്നണിയുടെ മോഹത്തിനും തിരിച്ചടിയായി. കൂറു മാറിയ ലീഗ് കൗൺസിലർ മേയറെ തെറുപ്പിക്കാനും കൂട്ടുനിൽക്കുമെന്നാണ് കരുതിയത്..എന്നാൽ പ്രശ്നങ്ങൾ ഒതുക്കിതീർത്തപ്പോൾ ലീഗ് കൗൺസിലർ വീണ്ടും സ്വന്തം പാളയത്തിലേക്ക് തിരിച്ചു. കാലാവധി പൂർത്തിയാക്കാൻ ആറു മാസം പോലുമില്ലാത്തതിനാൽ മേയർക്കെതിരായ അവിശ്വാസവും കട്ടപ്പുറത്തായി.
എല്ലാം കൂടി ചോദിക്കാനും പറയാനും ആരുമില്ലാത്ത സ്ഥിതി. കണ്ണൊന്നു തെറ്റിയാൽ കസേര തെറിപ്പിക്കാൻ ഇരുമുന്നണികളിലും കൊണ്ടുപിടിച്ച പോര്.
സ്വന്തമായി ഒരു ആധുനിക രീതിയിലുള്ള ശ്മശാനം പോലുമില്ലാത്ത എന്തിന് ഒരു നല്ല ആസ്ഥാനം പോലുമില്ലാത്ത കോർപ്പറേഷൻ. ഒരു നല്ല ശ്മശാനം കണ്ട് മരിച്ചാൽ മതിയായിരുന്നു എന്നാണ് കണ്ണൂരുകാരുടെ പ്രാർഥന. പച്ച വിറകിൽ പാതികത്തുന്ന മൃതദേഹവും കണ്ണൂരിൽ പുതുമയല്ലാതായിരിക്കുന്നു.
ജില്ലയിലെ മിക്കവാറും പഞ്ചായത്തുകൾ പല കാര്യങ്ങളിലും സ്വയം പര്യാപ്തമാണ്. പ്രധാനപ്പെട്ട പഞ്ചായത്തുകൾക്കെല്ലാം സ്വന്തമായി ശ്മശാനവുമുണ്ട്. കതിരൂർ പോലുള്ള പഞ്ചായത്തുകളിൽ ആധുനിക രീതിയിലുള്ള ഗ്യാസ് ശ്മശാനമാണ് പ്രവർത്തിക്കുന്നത്. കണ്ടാലൊന്ന് മരിക്കണമെന്നു തോന്നുമെന്നാണ് കതിരൂരിലെ ശ്മശാനം കണ്ടപ്പോൾ ഒരു രസികൻ പറഞ്ഞത്. അത്രയും സുന്ദരമായ ശ്മശാനങ്ങൾ ഓരോ പഞ്ചായത്തുകളും മത്സരിച്ച് നിർമ്മിക്കുകയാണ്. ആ സ്ഥാനത്താണ് ചരിത്ര നഗരമെന്ന് വിശേഷിപ്പിക്കുന്ന കണ്ണൂരിലെ ശ്മശാനത്തിന്റെ പ്രസക്തി അന്വേഷിക്കേണ്ടത്..തുരുമ്പെടുത്ത പയ്യാമ്പലത്തെ വൈദ്യുതി ശ്മശാനത്തിൽ അഴിമതിയുടെ പ്രേതങ്ങളാണ് ഇപ്പോൾ വിലസുന്നത്. സ്വകാര്യവ്യക്തികളുടെ ഉൾപ്പടെ സഹായം കൊണ്ട് സ്ഥാപിച്ച വൈദ്യുതി ശ്മശാനം ഇപ്പോൾ ആർക്കും വേണ്ടാതായി. ഇരുമ്പ് സാധനങ്ങൾ പൊളിച്ച് ആക്രിവിലയ്ക്ക് വിൽക്കേണ്ട ഗതികേടിലാണ്.
വൈദ്യുതി ശ്മശാനത്തിന്റെ പ്രവർത്തനം നിലച്ച് അഞ്ച് വർഷം പിന്നിടുമ്പോൾ പൊതുഖജനാവിന് നഷ്ടമായത് ലക്ഷങ്ങളാണ്. കോയമ്പത്തൂർ ആസ്ഥാനമായുള്ള കമ്പനിയാണ് ഉപകരണങ്ങൾ നൽകിയത്. തുടക്കത്തിലേ വൈദ്യുതി ശ്മശാനത്തിനെതിരെ ഭിന്നാഭിപ്രായം ഉയർന്നിരുന്നു. മൃതദേഹം ദഹിപ്പിക്കാനെത്തുന്നവരിൽ മിക്കവർക്കും വൈദ്യുതി ശ്മശാനത്തിന്റെ രീതികളോട് പൊരുത്തപ്പെടാനും കഴിഞ്ഞിരുന്നില്ല.
ഒടുവിൽ പദ്ധതി പരാജയപ്പെട്ടതോടെ ലക്ഷങ്ങളുടെ ഉപകരണങ്ങൾ ഉപയോഗശൂന്യമായി തുരുമ്പെടുത്ത് നശിക്കാൻ തുടങ്ങി. ഉപ്പുകാറ്റിനെ പ്രതിരോധിക്കാനുള്ള സാങ്കേതികമേന്മ ഉപകരണങ്ങൾക്കില്ലാത്തതും പെട്ടെന്ന് തുരുമ്പിക്കാൻ കാരണമായി.
അതിനിടെ, വൈദ്യുതി ശ്മശാനത്തിന് പുറത്ത് നടക്കുന്ന ദഹനചടങ്ങുകളിലൂടെ സ്വകാര്യവ്യക്തികൾ ലാഭമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് കോടതിയിൽ പൊതുതാത്പര്യ ഹർജി വന്നു. തുടർന്ന് 2013 ജൂലായിൽ ശ്മശാനത്തിന്റെ നടത്തിപ്പ് ചുമതല അന്ന്
പ ള്ളിക്കുന്ന് പഞ്ചായത്ത് ഏറ്റെടുക്കുകയായിരുന്നു. അപ്പോഴേക്കും വൈദ്യുതി ശ്മശാനത്തിന്റെ പ്രവർത്തനം ഏറെക്കുറെ നിലച്ചതാണ്. വൈകാരിക വിഷയമാണെന്നിരിക്കെ, പദ്ധതിയുടെ തുടക്കം മുതൽ ജനങ്ങളെ ബോധവത്കരിക്കാനുള്ള ശ്രമം നഗരസഭയുടെ ഭാഗത്തു നിന്നുണ്ടാവാതെ പോയി.
ഏതാണ്ട് ഒന്നര ഏക്കർ സ്ഥലത്താണ് പയ്യാമ്പലം ശ്മശാനം. വൈദ്യുത ശ്മശാനത്തിന്റെ കെട്ടിടത്തിന് വലിയ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. 12 ലക്ഷത്തോളം രൂപ മുതൽമുടക്കി നിർമിച്ച കെട്ടിടം ദഹനക്രിയയ്ക്കുള്ള വിറകു സൂക്ഷിപ്പ് കേന്ദ്രമായി മാറുകയായിരുന്നു. കണ്ണൂരുകാർക്ക് പ്രിയം വിറകും ചിരട്ടയും ഉപയോഗിച്ച് പരമ്പരാഗതമായ രീതിയിൽ മൃതദേഹം സംസ്കരിക്കുന്നതാണെന്ന് പറഞ്ഞാണ് വൈദ്യുതി ശ്മശാനത്തിനു നേരെ കോർപ്പറേഷൻ അധികൃതർ മുഖം തിരിച്ചത്. ഇനി മഴക്കാലം വരുമ്പോൾ പാതി ദഹിച്ച മൃതദേഹങ്ങൾ കോർപ്പറേഷന്റെ ഉറക്കം കെടുത്തും. കഴിഞ്ഞ മഴക്കാലത്ത് പച്ച വിറകിൽ മൃതദേഹം ദഹിപ്പിച്ചത് ഏറെ വിവാദമായിരുന്നു.
ഇന്ത്യയിലെ തന്നെ ഏറ്റവും സുന്ദരമായ കടൽതീരമെന്ന് ഖ്യാതി കേട്ട പയ്യാമ്പലത്തെ ടൂറിസത്തെയും പരമ്പരാഗത രീതിയിലുള്ള ശവസംസ്കാരം ബാധിച്ചേക്കുമെന്ന ആശങ്കയും നേരത്തെ തന്നെ ഉയർന്നിരുന്നു. പല കോണുകളിൽ നിന്നും ഇതിനെതിരെ വിമർശനവും ശക്തമായിരുന്നു. എന്നാൽ ടൂറിസം വികസനമൊന്നും ഇവിടെ ഒരു പ്രശ്നമല്ലെന്ന നിലപാടായിരുന്നു കോർപ്പറേഷന്റേത്. നഗരകേന്ദ്രങ്ങളിൽ ആധുനികശ്മശാനങ്ങൾ നിർമ്മിക്കുന്നതിനായി സംസ്ഥാന സർക്കാർ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിനായി കഴിഞ്ഞ ബഡ്ജറ്റിൽ 10 കോടി രൂപയും വകയിരുത്തിയിരുന്നു. ഈ സാഹചര്യത്തിൽ രണ്ടു കോടി രൂപയുടെ ഗ്യാസ് ശ്മശാനത്തിനായി പ്രോജക്ട് റിപ്പോർട്ട് തയാറാക്കി കണ്ണുർ കോർപ്പറേഷൻ സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. ഇതിന് വൈകാതെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. നിലവിലെ പയ്യാമ്പലം വൈദ്യുതി ശ്മശാന കെട്ടിടത്തിൽ തന്നെ ഗ്യാസ് ശ്മശാനം ഒരുക്കാനാവും.