തിരുവനന്തപുരം:മുന്നറിയിപ്പുകളില്ലാതെ അരുവിക്കര ഡാം തുറക്കരുതെന്ന് വി.എസ്.ശിവകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. ഡാമിനെ കുടിവെള്ള വിതരണത്തിനുള്ള തടയണ മാത്രമാക്കി മാറ്റിയ ജല അതോറിട്ടിയുടെ ഉത്തരവ് പിൻവലിക്കണം. ദിവസങ്ങൾമുമ്പ് അരുവിക്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടപ്പോൾ കരമനയാറിന്റെയും കിള്ളിയാറിന്റെയും ഇരുവശങ്ങളിലും താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ ദുരിതത്തിലായി. പ്രളയമുന്നൊരുക്കത്തിനായി 16 ഡാമുകളിൽ സാറ്റലൈറ്റ് ഫോൺ സജ്ജമാക്കിയപ്പോൾ അരുവിക്കര, പേപ്പാറ ഡാമുകളെ ഒഴിവാക്കി. ചെറിയ മഴ പെയ്താൽ പോലും നഗരം മുഴുവൻ വെള്ളത്തിനടിയിലാകുന്ന സാഹചര്യമാണുള്ളത്. ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടലാവശ്യപ്പെട്ട് ജലവിഭവ, റവന്യൂ വകുപ്പ് മന്ത്രിമാർക്ക് കത്ത് നൽകിയെന്നും വി.എസ്.ശിവകുമാർ അറിയിച്ചു.