വർക്കല: ആഹാരസാധനങ്ങൾ കടമായി നൽകാത്തതിന് ഇടവയിൽ ഹോട്ടൽ അടിച്ചുതകർത്ത ആറംഗ അക്രമി സംഘം ഉടമയുടെ കാറിനും രണ്ട് ജീവനക്കാരുടെ വീടുകൾക്ക് നേരെയും ആക്രമണം നടത്തി. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ ഇടവ അൽ അറമൈനി ഹോട്ടലിലാണ് സംഭവം. രാത്രി ആറുപേർ ഹോട്ടലിലെത്തി പൊറോട്ടയും ഷവായി ചിക്കനും കടമായി ആവശ്യപ്പെട്ടു. ഇവർ സ്ഥിരമായി ഭക്ഷണസാധനങ്ങൾ കടം വാങ്ങുന്നതിനാൽ ഇത്തവണ നൽകാൻ വിസമ്മതിച്ചു. ഇതിൽ പ്രകോപിതരായാണ് ഇവർ ആക്രമണം നടത്തിയതെന്ന് ഹോട്ടലുടമ തസ്രിൻ അയിരൂർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. രാത്രി 11.30ഓടെ അക്രമിസംഘം ഹോട്ടലിന്റെ മുൻവശത്തെ ഗ്ലാസ് പാനലുകൾ എറിഞ്ഞുപൊട്ടിച്ചു. ഇതിനുശേഷം ഹോട്ടലുടമയുടെ കാറിന്റെ മുന്നിലെയും പിന്നിലെയും ഗ്ലാസുകളും തകർത്തു. തുടർന്ന് തസ്രിന്റെ വെറ്റക്കടയിലെ വീടും ശ്രീയേറ്റിലും ഇടവ ജംഗ്ഷനിലും താമസിക്കുന്ന രണ്ട് ജീവനക്കാരുടെ വീടുകളും ഇവർ ആക്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. കുറ്റവാളികളെ ഉടൻ പിടികൂടണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഇടവ യൂണിറ്റ് ഭാരവാഹികൾ ആവശ്യപ്പെട്ടു.