mani

തൊടുപുഴ: ലോക്ക്ഡൗണിന്റെ നാളുകളിൽ കൃഷിയുടെ തിരക്കിലാണ് ഇടുക്കിയുടെ സ്വന്തം മണിയാശാനും തൊടുപുഴക്കാരുടെ പ്രിയപ്പെട്ട പി.ജെ. ജോസഫ് എം.എൽ.എയും.

മന്ത്രിയായ ശേഷമുള്ള തിരക്കുകൾ കാരണം ഇരുപതേക്കറിലെ വീട്ടുവളപ്പിലുള്ള പച്ചക്കറികൃഷി വേണ്ടവിധം പരിപാലിക്കാൻ കഴിഞ്ഞിരുന്നില്ല മണിയാശാന്. ആ വിടവ് നികത്തുകയാണ് ഇപ്പോൾ. വീട്ടിൽ കൂടുതൽ സമയം ചെലവഴിക്കാൻ കഴിഞ്ഞതോടെ പറമ്പിലും തൊടികളിലുമൊക്കെ പരമാവധി പച്ചക്കറികൾ കൃഷി ചെയ്യാനാണ് ആഗ്രഹിക്കുന്നത്. ഹരിതകേരളം മിഷന്റെ സഹായത്തോടെ കൃഷി ഉഷാറാക്കാനാണ് മന്ത്രിയുടെ തീരുമാനം. അതേസമയം, ഇവിടത്തെ പച്ചക്കറിക്കൃഷിയുടെ കുറവ് തലസ്ഥാനത്തെ ഔദ്യോഗിക വസതിയിൽ അച്ഛൻ നികത്തിയിട്ടുണ്ടെന്ന് മണിയാശാന്റെ മകളും രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റുമായ സതി കുഞ്ഞുമോൻ പറയുന്നു. യാത്രകളുടെ തിരക്കൊഴിഞ്ഞാൽ മന്ത്രി വീട്ടുവളപ്പിലെ കൃഷിയിടത്തിലെത്തും. അവിടെ കിട്ടാത്തയിനം പച്ചക്കറികൾ ഇവിടെ നിന്ന് കൊണ്ടുപോകാറുണ്ട്.

കൃഷിയും കന്നുകാലിവളർത്തലും മുമ്പുതന്നെ ജീവിതത്തിന്റെ ഭാഗമാക്കിയ പി.ജെ. ജോസഫ് കൂടുതൽ സമയവും ഇപ്പോൾ കൃഷിയിടത്തിലാണ്. വിവിധയിനം പച്ചക്കറികൾ, പപ്പായകൾ, വാഴകൾ എന്നിവയ്ക്ക് പുറമേ വിയറ്റ്‌നാം പ്ലാവ്, അപ്പാച്ചെ പുതിയ ഇനങ്ങളും പരീക്ഷിച്ചുവരികയാണ് എം.എൽ.എ. വള്ളിപ്പയർ, തട്ടപ്പയർ, വെണ്ട, ചീര, കോവൽ, പാവൽ, മുളക്, വഴുതന, തക്കാളി തുടങ്ങി പി.ജെ. ജോസഫിന്റെ പച്ചക്കറികളുടെ പട്ടിക ഇനിയും നീളും. ജൈവകൃഷിയും മാലിന്യ മുക്തമായ കേരളവുമൊക്കെ വർഷങ്ങൾക്കു മുമ്പേ താൻ പറഞ്ഞും പഠിപ്പിച്ചും തുടങ്ങിയതാണെന്ന് പി.ജെ. ജോസഫ് പറഞ്ഞു. കൊവിഡിന്റെ ഈ നാളുകളിൽ എല്ലാവരും കൃഷിക്കാരാകാൻ ശീലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.