തൊടുപുഴ: ഇടുക്കി രൂപതയുടെ പ്രഥമ മെത്രാൻ മാർ മാത്യൂ ആനിക്കുഴിക്കാട്ടിലിന്റെ വിയോഗത്തിൽ അനുശോചനപ്രവാഹം.

പോരാട്ടത്തിന് പൊതുവേദി രൂപീകരിച്ച ദാർശനികൻ- മന്ത്രി എം.എം. മണി

ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടുന്നതിന് ഹൈറേഞ്ച് സംരക്ഷണ സമിതി എന്ന പൊതുവേദി രൂപീകരിച്ചത് ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ ദീർഘദർശനത്തിന്റെ തെളിവാണെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. അടുത്ത കാലത്ത് രാജ്യത്തുയർന്ന് വന്ന ഏറ്റവും വലിയ മതേതര ജനകീയ കൂട്ടായ്മയായിരുന്നു സമിതി. ഒട്ടേറെ പൊതുവിഷയങ്ങളിൽ യോജിച്ച പോരാട്ടം നടത്താനായി. പിതാവ് ഉന്നയിച്ച വിഷയങ്ങൾ ഒന്നും മാറ്റിപറഞ്ഞിട്ടില്ല. നിലപാടുകളിൽ ഉറച്ചു നിന്നു. കുടിയേറ്റ കർഷകന്റെ ദുഃഖവും ദുരിതവും നേരിട്ടനുഭവിച്ച പിതാവ് അവസാനം വരെ കർഷകർക്കായി നിലകൊണ്ടു. പിതാവിന്റെ വിയോഗം തനിക്ക് വ്യക്തിപരമായും വലിയ നഷ്ടമാണ്. കിടങ്ങൂർ മുതലുള്ള ആറ് പതിറ്റാണ്ടത്തെ ഇഴചേർന്ന ബന്ധമാണ് ഉള്ളത്. തന്റെ പൊതുജീവിതത്തിലെ നല്ലഅയൽക്കാരനെയാണ് നഷ്ടപ്പെട്ടത്. ഈ വിയോഗം വല്ലാതെ വേദനിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡീൻ കുര്യാക്കോസ് എം.പി

മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ഇടുക്കിയുടെ ആത്മീയ നേതാവ് മാത്രമല്ല, ഏറ്റവും ആദരിക്കപ്പെടുന്ന ജനനേതാവ് കൂടിയായിരുന്നെന്ന് ഡീൻ കുര്യാക്കോസ് എം.പി. ജനകീയ, കാർഷിക വിഷയങ്ങളിൽ ഏറ്റവും സജീവമായി ഇടപെടുകയും, വിപ്ലവ നിലപാടുകൾ കൊണ്ട് നാടിന്റെ അംഗീകാരമേറ്റുവാങ്ങുകയും ചെയ്ത വ്യക്തിത്വമായിരുന്നു. നാടുള്ള കാലം വരെയും എല്ലാവരുടെയും മനസ്സിൽ ചിരപ്രതിഷ്ഠയായി അദ്ദേഹത്തിന്റെ സ്മരണകൾ നിലനിൽക്കുമെന്നും ഡീൻ പറഞ്ഞു.

ഇടുക്കിയുടെ സ്വന്തം പിതാവ്: യു.ഡി.എഫ്

സ്‌നേഹത്തിന്റെയും ലാളിത്യത്തിന്റെയും സത്യസന്ധതയുടെയും ഉദാത്ത പ്രതീകമായിരുന്നു അഭിവന്ദ്യ പിതാവെന്ന് യു.ഡി.എഫ് ജില്ലാ ഏകോപന സമിതി ചെയർമാൻ അഡ്വ. എസ്. അശോകനും കൺവീനർ അഡ്വ. അലക്‌സ് കോഴിമലയും പറഞ്ഞു. എന്നും എപ്പോഴും ജനങ്ങളോടൊപ്പം അടിയുറച്ചു നിന്ന അദ്ദേഹം ഇടുക്കിയുടെ സ്വന്തം പിതാവായിരുന്നെന്നും നേതാക്കൾ അനുസ്മരിച്ചു.

സുരേഷ് കോട്ടയ്ക്കകത്ത്

ഇടുക്കിയിലെ പല ജനകീയ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് അദ്ദേഹത്തിന്റെ പരിശ്രമങ്ങളിൽ ഫലം കണ്ടിട്ടുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് പറഞ്ഞു.

കേരള കോൺഗ്രസ് (എം)

കർഷകരോടുള്ള സ്‌നേഹം നിറഞ്ഞുനിന്ന പിതാവിന്റെ വിയോഗം മലയോര കർഷകരുടെ തീരാനഷ്ടമാണെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പറഞ്ഞു.